Thursday, October 26, 2006

നിങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍

ജെയിംസ് ഹാഡ്ലേ ചേസിന്റെ പഴയൊരു ത്രില്ലറിന്റെ തലക്കെട്ടില്‍ കുറ്റകൃത്യങ്ങളുടെ ലോകത്തെക്കുറിച്ചൊരു തത്ത്വം കാണാം: എവിടെയും എല്ലാറ്റിനും ഒരു വിലയുണ്ട്. There's Always a Price Tag'. ഇന്നത് ലോകത്തിന്റെ മുഴുവന്‍ പ്രമേയ ഗാനമാകാം. ഒരു സൂപ്പര്‍മാര്‍ക്കറ്റിലോ മറ്റോ കാണാവുന്ന ഏത് തരം ഉല്‍പന്നത്തിന്റെയും പിന്നില്‍, അദൃശ്യമായൊരു ചരടിന്റെ അറ്റത്തെ വിലവിവരംപോലൊന്ന് സ്ഥിതി ചെയ്യുന്നു. നമുക്കതിനെ കാര്‍ബണ്‍ കോസ്റ്റ് എന്നു വിളിക്കാം.

ഭൌതിക ശാസ്ത്രജ്ഞനും ബഹിരാകാശ എഞ്ചിനീയറുമായ എറിക് ഡേലറെപ്പോലുള്ളവരുടെ പരിതോവസ്ഥാപരമായ ഇഷ്ടാനിഷ്ടങ്ങളില്‍ അതൊരു ഭാഗമാകുന്നു.
അദ്ദേഹത്തെക്കുറിച്ചൊരു റിപ്പോര്‍ട്ട് അടുത്ത കാലത്ത് എന്റെ ശ്രദ്ധയില്‍ പെട്ടു. അതിങ്ങനെ പറയുന്നു: യാത്രകള്‍ തനിക്ക് വളരെ പ്രിയപ്പെട്ടതെങ്കിലും ഓരോ വിമാനത്തില്‍ കയറുംതോറും തന്റെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ വലുതായി വരുകയാണെന്ന് ഡേലര്‍ പറയുന്നു.

എന്താണീ കാര്‍ബണ്‍ കാല്‍പ്പാടുകള്‍?

ഒരു സാധാരണ ദിവസത്തില്‍ നിങ്ങളുടെ ശരീരവും ചേഷ്ടകളും ചലനങ്ങളും പെരുമാറ്റങ്ങളുമെല്ലാം ചേര്‍ന്ന് ആസന്ന അന്തരീക്ഷത്തിലേക്ക് തൊടുക്കുന്ന അംഗാരാമ്ള വായുവിന്റെ അളവാണത്. നിങ്ങള്‍ ചെയ്യുന്ന എന്തും ഒരു കാര്‍ബണ്‍ വിതരണം ഉളവാക്കുന്നു. ഒരു ജനാലയുടെ കൊളുത്തിടുമ്പോഴും കുപ്പായത്തിന്റെ കുടുക്കഴിക്കുമ്പോഴും ചായയിലെ പഞ്ചസാര ഇളക്കുമ്പോഴുമെല്ലാം അത് സംഭവിക്കുന്നു. സ്ഥലകാലങ്ങളിലൂടെ തുടരുന്ന ഏത് സാധാരണ നിലനില്‍പിന്റെയും അനിവാര്യ അവശിഷ്ടങ്ങള്‍. ചുട്ടു പഴുക്കാന്‍ തുടങ്ങുന്നൊരു ഭൂമിക്ക് മൂന്ന് ദശാംശം അഞ്ചു ശതമാനമെങ്കിലും കാരണം മനുഷ്യരുടെ വിമാനയാത്രകളാണെന്ന് ഒരു ആധികാരിക കേന്ദ്രം തെളിയിച്ചിരിക്കുന്നു.

പരിഹാരം പക്ഷേ നിശ്ചലതയാകരുതല്ലോ?
ശ്വാസംപിടിച്ച് ഭൂമിയെ രക്ഷിക്കാനാകുമോ?

പക്ഷേ, ചില പരിതോവസ്ഥാ മിത്തുകളില്‍ നിന്നുള്ള വിമോചനം അത്യാവശ്യമാണ്. നാട്ടിന്‍പുറങ്ങളില്‍ ചില കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും ഇതൊന്നും തീരെ ബാധകമല്ലെന്നു തോന്നാം. പക്ഷേ, നഗരങ്ങളില്‍ അവയെ എത്തിക്കാന്‍ വേണ്ട വ്യവസ്ഥകളില്‍ (പാക്കിംഗ്, ഗതാഗതം, മറ്റുംമറ്റും) തീര്‍ച്ചയായും അംഗാരച്ചെലവുകളുണ്ട്. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളെ, ഓട്ടിക്കുന്നത് വിദ്യുച്ഛക്തിയാണെങ്കില്‍ പരിസര മലിനീകരണം ഒഴിവാക്കാമെന്നു തോന്നാം. പക്ഷേ, ആഗോളാടിസ്ഥാനത്തില്‍, നമുക്കറിയാവുന്നതിലേക്കും വെച്ച് വലിയ കാര്‍ബണ്‍ വിക്ഷേപണ സ്രോതസ്സുകളിലൊന്ന് വിദ്യുച്ഛക്തിയുല്‍പാദനമാണെന്ന് പലര്‍ക്കും അറിയില്ല. ഉദാഹരണത്തിന് കല്‍ക്കരിപോലുള്ള ഫോസില്‍ഇന്ധനങ്ങള്‍ കത്തിച്ചാണ് അമേരിക്കക്കാര്‍ അവര്‍ക്കു വേണ്ട വിദ്യുച്ഛക്തിയുടെ എഴുപത് ശതമാനവും ഉല്‍പാദിപ്പിക്കുന്നത്.

ചുറ്റും കരിയും പുകയും ഒന്നുമില്ലെങ്കിലും എവിടെയൊക്കെയോ ആരുടെയൊക്കെയോ കാര്‍ബണ്‍ പാദമുദ്രകള്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു. അവ ഭൂമിയുടെ ആയുസ്സ് അളന്നു തീര്‍ക്കുകയാണ്.

ചുവന്ന മുളകിന്റെ എരിവളക്കാന്‍

എരിവിന്റെ നാളത്തില്‍ ചുവക്കുന്ന മുളക് ഒരേ സമയത്തൊരു പ്രണയത്തിന്റെ തീക്ഷ്ണതയും വളരെ തീക്ഷ്ണമായൊരു ദൈഹിക വികാരവും ആവുന്നേടത്താണ് 'വുമണ്‍ ഓണ്‍ റ്റോപ്പ്' എന്ന ചലച്ചിത്രം അതിന്റെതന്നെ സാധാരണതയില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്നത്. ചുണ്ടുകളും ഒരു ചുവന്ന മുളകും അന്യോന്യം മാറിപ്പോകുന്നൊരു ചുംബന പരമ്പരയുടെ അപ്പുറത്താണത്. മുഖ്യ കഥാപാത്രത്തിന്റെ പാചക വൈദഗ്ധ്യം വെളിപ്പെടുന്ന സ്റ്റഡി ക്ലാസുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ഇതിവൃത്തത്തിന്റെ ചേരുവകള്‍ ഒന്നിക്കുന്നു.

പുറത്ത് മുളകിന്റെ എരുവ്, സ്വാദ്.
അകത്ത് രണ്ട് തീയുകള്‍.
രതിയും വിശപ്പും.

ഇസബെല്ല ഒരു മുളകെടുത്ത് മണത്തും രുചിച്ചും അതിനെ അറിയേണ്ടതെങ്ങനെയെന്ന് വിവരിക്കുന്നേടത്ത് ശാസ്ത്രജ്ഞര്‍ക്ക് കയറിവരാം. പ്രത്യേകിച്ചും അന്ന ബര്‍ജര്‍, ലിന്‍ഡ ബാര്‍ടോഷക്ക് എന്നിവര്‍ക്ക്. രണ്ട് പെണ്ണുങ്ങളുടെ മധുരപലഹാര നിര്‍മാണമെന്ന് പരിഹസിക്കപ്പെട്ടൊരു ചികില്‍സാവിധിയില്‍, മുളകിലെ എരിവിന്റെ ദ്രവ്യമായ കാപ്സേസിന്‍ അടങ്ങിയ ടോഫികള്‍ കൊടുത്ത് അര്‍ബുദരോഗികളുടെ വേദനയകറ്റിയ വിദഗ്ധകളാണവര്‍. അവരുടെ പ്രയോഗം അര്‍ബുദചികില്‍സയിലെ വളരെ ഋജുവായൊരു മുറയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചെത്തുക, കരിക്കുക.

ഒരു കൂട്ടം വിദഗ്ധര്‍ അര്‍ബുദം ആവുന്നേടത്തോളം ചെത്തിക്കളയുന്നു. മറ്റൊരു കൂട്ടം വിദഗ്ധര്‍ ഔഷധക്രിയയോ പ്രസരമോ രണ്ടുമോ ഉപയോഗിച്ച് ആ ഭാഗം കരിച്ചു കളയുന്നു. ഔഷധക്രിയ (കെമോതെറാപി) ഉടലിലെമ്പാടും അതിവേഗമുണ്ടാകുന്ന കോശങ്ങളുടെ വളര്‍ച്ച തടയാമെന്നതുകൊണ്ട് രോഗികളില്‍ പലരും (40 ശതമാനം - 70 ശതമാനം) വായ്പുണ്ണ് ബാധിച്ച് ഒന്നും മിണ്ടാനോ തിന്നാനോ വയ്യാത്ത അവസ്ഥയിലെത്തുന്നു. കാപ്സേസിന്‍ ടോഫികളുടെ പ്രയോഗം ഇവിടെയാണ്. എരിവ് നമ്മുടെ വിശപ്പു കൂട്ടുന്നതിന്റെ രഹസ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. തീറ്റയുടെ ഒരു ഘട്ടത്തില്‍ വിശപ്പ് അടങ്ങിയെന്ന് നമുക്കു തോന്നുന്നത് ആമാശയ വലിവ് പിടിച്ചെടുക്കുന്ന ചില സൂക്ഷ്മോപാധികളുടെ സന്ദേശം ഉണ്ടാകുമ്പോഴാണ്. അവയുടെ പ്രവര്‍ത്തനം ക്ഷയിച്ചാല്‍ വയറു നിറഞ്ഞാലും നമുക്ക് തീറ്റ തുടരാന്‍ തോന്നും. കാപ്സേസിന് ഈ പ്രവര്‍ത്തനം ക്ഷയിപ്പിക്കാനാവും. വായ്പുണ്ണിന്റെ വേദന അറിയാനുള്ള ഉപാധികളെയും ക്ഷയിപ്പിക്കാനാവും.

വിസ്കി നാവിലുണ്ടാക്കുന്ന തരിപ്പറിഞ്ഞവര്‍ക്ക് ഇവിടെ പലതരം ഇന്ദ്രിയാനുഭൂതികള്‍ ഓര്‍ക്കാനുണ്ടാവും.

എരിവ്, മദ്യം, കൊഴുപ്പ്.

കാപ്സേസിനും അതേപോലെ മുളകിലെ എരിവാകുന്ന മറ്റ് കെമികദ്രവ്യങ്ങളും അത്ര പെട്ടെന്നൊന്നും വെള്ളത്തില്‍ അലിയില്ല. കൊഴുപ്പില്‍ വിലയിക്കല്‍ അവക്ക് ഒരു സുഖമാണെന്നു തോന്നും. നാവിലെ എരിവ് ശമിപ്പിക്കാന്‍ പാലിനുള്ള ശക്തി ഈ പറഞ്ഞതിലുണ്ട്. എരിവും മദ്യവും തമ്മിലുള്ള ബന്ധത്തിലാകട്ടെ ഒരു വൈരുധ്യാത്മകത കാണാം. പരീക്ഷണശാലകളില്‍ ആവശ്യമായ ചാരായത്തില്‍ കാപ്സേസിന്‍ വേഗം അലിയും. അതനുസരിച്ച് പാലിനെപ്പോലെ എരിവ് ശമിപ്പിക്കാന്‍ ചാരായത്തിന് കഴിയേണ്ടതാണ്. എന്നാല്‍ അല്‍പം മദ്യം കലര്‍ത്തിയ വെള്ളത്തേക്കാള്‍ ഈ കഴിവുള്ളത് വെറും വെള്ളത്തിനാണ്.

അപ്പോള്‍, എരിവ് അളക്കുന്നതെങ്ങനെ?
സ്കോവില്‍ എന്ന യൂനിറ്റുകളിലൂടെ.

സാധാരണ കമ്പോളത്തില്‍ കാണാവുന്ന പല മുളകുസോസുകളും 300 യൂനിറ്റുകളില്‍ തുടങ്ങുന്നു. നേരിട്ട് മുളകിലേക്ക് കടക്കുമ്പോള്‍ ആയിരക്കണക്കില്‍ അതുയരുന്നു. ആസാമില്‍ നമ്മുടെ പട്ടാളത്തിന്റെ അകമ്പടി നേടിയ തേസ്പൂരില്‍ പ്രാകൃതികമായുണ്ടാവുന്ന നാഗ ജോലോക്കിയ എന്ന മുളകാവാം ഒരുപക്ഷേ ഗിന്നസിന്റെ പുസ്തകത്തില്‍ എത്തിയിരിക്കുക. അതിന്റെ എരിവ് 8,55,000 യൂനിറ്റുകള്‍! പട്ടാളത്തെയും മുളകിനെയും കുറിച്ചു പറയുമ്പോള്‍ 'മിര്‍ച് മസാല' ഓര്‍മയിലെത്തുമോ? നികുതി പിരിക്കുന്ന സുബേദാര്‍മാര്‍ അടിച്ചൊതുക്കിയൊരു ഗ്രാമം പൊട്ടിത്തെറിക്കുന്നത് അവിടത്തെ പെണ്ണുങ്ങളുടെ മുളകുപൊടി പ്രയോഗത്തിലൂടെയാവുന്നത് ഓര്‍ക്കാന്‍ ഒരു കാരണം 'കാപ്സിക്കം സ്പ്രേ' എന്ന പേരിലൊരു പൊലീസായുധം ചിലേടങ്ങളില്‍ ഉള്ളതാണ്. നാല് മീറ്റര്‍ വരെയെത്താവുന്ന എരിവുണ്ടാക്കാന്‍ അതാശ്രയിക്കുന്നത് അഞ്ചു ശതമാനം മുളകു ചേര്‍ത്ത പ്രാകൃതിക തൈലങ്ങളെയാണ്. കണ്ണിലെ അതിസൂക്ഷ്മമായ ചോരക്കുഴലുകള്‍ തകര്‍ത്ത് ഒരാളെ അഞ്ചു മിനിറ്റോളം ആന്ധ്യത്തിലാഴ്ത്താന്‍ അതിന് കഴിയും.

സ്കോവില്‍ സ്കെയില്‍ ഉപയോഗിച്ച് ഇതുപോലുള്ള എല്ലാ പ്രയോഗങ്ങളുടെയും അളവുകള്‍ തിട്ടപ്പെടുത്താം. പക്ഷേ, പ്രണയസ്മൃതിയായും വിവാഹത്തിലെ മുറിവായും തന്റെ തൊഴിലായ പാചകവിദ്യയുമായുമെല്ലാം ചുവന്ന മുളകിനെയറിഞ്ഞ ആ ബ്രസീര്‍കാരിക്കുപോലും അറിയാത്തൊരു കാര്യമുണ്ട്. മുളക് നമ്മുടെ നാവില്‍ എരിവാകുന്നതിന്റെ കൃത്യശാസ്ത്രം എന്താണ്?

Tuesday, October 10, 2006

പുകയുള്ളേടത്തെല്ലാം സന്ദേശങ്ങളുണ്ട്‌

ചുവപ്പിന്ത്യക്കാരുടെ പുകയെഴുത്തിലെന്നതുപോലെ കാട്ടുതീയിന്റെ പുകയിലും ഒരു സന്ദേശമുണ്ട്‌. ആരും അതറിഞ്ഞില്ല, അടുത്ത കാലത്ത്‌ ഡോക്‌ടര്‍ കിങ്ങ്‌സ്‌ലി ഡിക്‌സനും കൂട്ടരും അത്‌ വായിച്ചെടുക്കും വരെ. ഓസ്‌ട്രേലിയയില്‍ വളരെ സാധാരണമായ ബുഷ്‌ ഹ്മയര്‍ (കാടുകളിലും കുറ്റിക്കാടുകളിലും പുല്‍പ്പരപ്പുകളിലുമെല്ലാം വ്യാപരിക്കുന്ന തീ) തട്ടുമ്പോള്‍ ചില ചെടികളുടെ ഉണക്കവിത്തുകള്‍ പൊട്ടുന്നു. തീയുമായി പൊരുത്തപ്പെടാന്‍ സസ്യവര്‍ഗങ്ങള്‍ സ്വീകരിച്ച പലതരം പാരിണാമിക ഉപാധികളില്‍ ഒന്നു മാത്രമാണത്‌.

തീയില്‍നിന്ന്‌ പുകയിലേക്ക്‌.
പുകയെഴുത്തുകള്‍ എന്ത്‌ പറയുന്നു?
അതൊരു കെമികദ്രവ്യത്തെക്കുറിച്ച്‌ പറയുന്നു? ഒരുതരം ബ്യൂട്‌നോലൈഡ്‌. ശാസ്‌ത്രത്തിനുതന്നെ പുതുത്‌. ഒരുതരം കാര്‍ബണ്‍ വലയങ്ങളും മറ്റു ചില പരമാണുക്കളുമായി ഇത്‌ പുറത്തുവരുന്നത്‌ സസ്യലോകത്തിലോ ജന്തുലോകത്തിലോ ആര്‍ക്കും പരിചിതമല്ലാത്ത ചില സംയുക്‌തകങ്ങളില്‍നിന്നാണ്‌. അതിന്റെ സാന്നിധ്യത്തില്‍ വിത്തുകള്‍ കിളിര്‍ക്കുന്നത്‌ 80 ശതമാനം വരെ വേഗത്തിലാവാമെന്ന്‌ ഓസ്‌ട്രേലിയയിലും വടക്കേ അമേരിക്കയിലും നടന്ന പ്രയോഗത്തില്‍നിന്ന്‌ തെളിയുന്നു.

ചെറിയൊരു പുകമറയുണ്ട്‌. എങ്ങനെയാണ്‌ കൃത്യമായും ഈ ദ്രവ്യം വിത്തിന്മേല്‍ പ്രവര്‍ത്തിക്കുന്നത്‌? വിത്തിന്റെ ഏത്‌ അംശങ്ങളാണ്‌ അതുമായി പ്രതിപ്രവര്‍ത്തിക്കുന്നത്‌? ഇത്രയും ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.

ദ്രവ്യം വരുന്നത്‌ പുകയില്‍നിന്ന്‌.
സീഡ്‌ ബാങ്കുകളെ അത്‌ തുണക്കുന്നു.
ചിതറി വീണ്‌ കാലാന്തരത്തില്‍ ശരിക്കും മണ്ണടിയുന്ന വിത്തുകളുടെ ശേഖരമാണ്‌ സീഡ്‌ ബാങ്ക്‌. തീ ചുവട്ടിലെങ്ങും കത്തിപ്പടരുമ്പോള്‍ മണ്ണിന്റെ ഉപരിതലം ചൂടുപിടിച്ചാലും, ആഴത്തില്‍ ഈ വിത്തുകള്‍ നിര്‍ബാധമാണ്‌. പുക ചിറകൊതുക്കി നിലംപറ്റി കിടക്കും. പിന്നെ മഴ പെയ്യും. മഴവെള്ളം പുകയില്‍നിന്ന്‌ ആ ദ്രവ്യം അരിച്ചെടുത്ത്‌ അടിയിലുള്ള വിത്തുകളില്‍ എത്തിക്കും. ചാരത്തില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്‌ ഹ്മീനിക്‌സ്‌ പക്ഷി മാത്രമല്ല. പുകയുള്ളേടത്തെല്ലാം സന്ദേശങ്ങളുണ്ട്‌.

പക്ഷേ, ഈ കണ്ടെത്തലിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം തീയും പുകയുമില്ലാത്തേടത്തും അത്‌ പ്രായോഗികമാവും എന്നതാണ്‌. നഷ്‌ടപ്പെട്ട പച്ചകള്‍ തിരിച്ചുപിടിക്കാനും, പച്ച അസാധ്യമെന്ന്‌ തോന്നിച്ചിരുന്ന ഇടങ്ങളില്‍ വയലുകളും പൂന്തോട്ടങ്ങളും ഉണ്ടാക്കാനും അത്‌ സഹായിക്കും.
ഇതിനേക്കാള്‍ വാഗ്‌ദാനഭരിതമായൊരു പുകയെഴുത്ത്‌ ഒരു പക്ഷേ, ആരും ഇതുവരെ വായിച്ചിട്ടില്ല.

യേശു: ഒരു ഇക്കോണമി ക്ലാസ്‌ ദുരന്തം?

യേശു നമ്മുടെ കാലത്തില്‍ അവതരിച്ചിരുന്നെങ്കില്‍... അങ്ങനെയൊരു വിഭാവനത്തില്‍ ഊന്നിക്കൊണ്ട്‌ റിച്ചാര്‍ഡ്‌ ബാഹിന്റെ പുസ്‌തകം, 'ഇല്യൂഷന്‍സ്‌'. യേശു ഒരു പെയിലറ്റ്‌? അസാധ്യതയെ സാധ്യതയാക്കിയ വൈമാനിക സാഹസികത. പക്ഷേ, പഴയ വിമാനങ്ങള്‍ ഇപ്പോഴും പതിവുപോലെ പറക്കുന്നു. അതില്‍ ഇപ്പോഴും ഇക്കോണമി ക്ലാസ്‌. അതിന്റെ ഇടുങ്ങിയ സാധ്യതകളില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവരില്‍ ചെറിയൊരംശത്തെയെങ്കിലും ഒരു പ്രത്യേക ബാധ കാത്തിരിക്കുന്നു. ഒരു പ്രത്യേക മരണം.

ഇക്കോണമി ക്ലാസ്‌ സിന്‍ഡ്‌റം.
സത്യത്തില്‍ ഇതിന്‌ മറ്റൊരു പേര്‌ വൈദ്യശാസ്‌ത്രത്തില്‍ കാണാം. ഡിവിറ്റി (ഡീപ്‌വെയ്ന്‍ ത്രോംബസിസ്‌). കാലില്‍ ചോര കട്ടപിടിക്കല്‍. ഏറെനേരം ഒരേയിടത്ത്‌ അനക്കമില്ലാതിരുന്നാല്‍ സംഭവിക്കാവുന്നത്‌. അങ്ങനെയാണതിന്‌ വൈമാനികമായൊരു പേരു കിട്ടിയത്‌. അതിന്റെ സാധ്യത പക്ഷേ ഇക്കോണമി ക്ലാസിന്റെ അസൗകര്യങ്ങളില്‍ ഒതുങ്ങുന്നില്ല. ഹ്മസ്റ്റ്‌ ക്ലാസ്‌ യാത്രികര്‍ക്കും അതു സംഭവിക്കുന്നു. യാത്രാന്ത്യത്തില്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ മരിച്ചുവീണവരുണ്ട്‌. ബ്രിട്ടന്റെ ഹീത്‌റോ വിമാനത്താവളത്തില്‍ മാസം ഒരാള്‍വീതം ഡിവിറ്റി കാരണം മരിക്കുന്നു.

യേശുവും ദിവ്യാദ്ഭുതംപോലുള്ള വിമാനസഞ്ചാരങ്ങളും തമ്മിലുള്ള ബന്‌ധം ബാഹിന്റെ വിശ്വാസികള്‍ക്ക്‌ യോഗ്യമായ പുസ്‌തകത്തില്‍ ഒതുങ്ങുന്നു. പുതിയൊരു ശാസ്‌ത്രീയപഠനമാകട്ടെ യേശു ക്രിസ്‌തുവിന്റെ മരണത്തില്‍ ഒരു ഇക്കോണമി ക്ലാസ്‌ ദുരന്തം കണ്ടെത്തുന്നു.

യേശു മരിച്ചതെങ്ങനെയായിരുന്നു?

കുരിശില്‍ തറയ്ക്കപ്പെടുന്നതിന്‌ മുമ്പും പിമ്പുമുണ്ടായ മുറിവുകള്‍ വഴിയുള്ള ചോരവാര്‍ച്ചയായിരുന്നു കാരണമെന്നത്‌ നിലവിലുള്ള ധാരണ. പക്ഷേ, ക്രൂശാരോഹണത്തെപ്പറ്റി സമഗ്രമായി പഠിച്ച ഡോക്‌ടര്‍ ബെന്‍ജമിന്‍ ബ്രന്നര്‍ മറിച്ചു കരുതുന്നു. കുരിശിലേറുന്നതിനു മുമ്പ്‌ താനേറ്റ പീഡനങ്ങള്‍, പന്ത്രണ്ടു നിര്‍ജലമായ മണിക്കൂറുകള്‍, വൈകാരിക വേദന, പിന്നെ ആറു മണിക്കൂറുകളോളം കുരിശില്‍ കാലനക്കാനാവാത്ത അവസ്ഥ, ഇതെല്ലാമാണ്‌ യേശുവിന്റെ അന്ത്യം കുറിച്ചത്‌. അതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കൃത്യമായും ചൂണ്ടുന്നത്‌ കാലില്‍ ചോര കട്ടപിടിച്ച്‌ പിന്നീടത്‌ ശ്വാസകോശങ്ങളിലേക്ക്‌ കയറുന്ന അവസ്ഥയാണ്‌. പള്‍മനറി എംബോളിസം. അതു ചൂണ്ടുന്നത്‌ ഇക്കോണമി ക്ലാസ്‌ സിംഡ്‌റമിലേക്കാണ്‌. ശാസ്‌ത്രജ്ഞ്ഞന്‍മാര്‍ പലരും ശക്‌തിയായി വിയോജിക്കുന്നു. പക്ഷേ, ബ്രന്നറുടെ സിദ്ധാന്തം വരുംകാല ഗവേഷണങ്ങളില്‍ ഒരു വെല്ലുവിളിപോലെ തുടരാം.

അക്ഷരങ്ങള്‍ മരങ്ങള്‍പോലെ

പഴയ കൗബോയ്ച്ചിത്രങ്ങള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. അവയില്‍ പലതും ബോധപൂര്‍വമല്ലാതെത്തന്നെ ഒരു പരിവര്‍ത്തന ഘട്ടം കുറിക്കുന്നു. ചിരപരിചിതമായ 'അതിര്‍ദിനങ്ങള്‍' (ഫ്രണ്ടിയര്‍ ഡേയ്‌സ്‌) പുതിയ സാങ്കേതിക ശാസ്‌ത്രത്തിന്റെ ഉപാധികളെ തീണ്ടാന്‍ തുടങ്ങുന്നു. ടെലിഗ്രാഫ്‌, അച്ചുകൂടം, റെയില്‍വേ, കടകളിലും സലൂണുകളിലും കാണാവുന്ന സൈന്‍ബോര്‍ഡുകളിലെ അക്ഷരങ്ങളുടെ വടിവില്‍, പ്രത്യേകിച്ചും കിട്ടാപ്പുള്ളികളെ ഉദ്ദേശിച്ചുള്ള 'വാണ്‍ടഡ്‌' എന്ന എഴുത്തില്‍ കൗബോയ്‌ ജൈവദൃശ്യങ്ങളുടെ പ്രതിഫലനം കാണാമെന്ന്‌ ഞാന്‍ എപ്പോഴും സങ്കല്‍പിച്ചിരുന്നു.

ഫോണ്ട്‌സ്‌.
ടൈപ്ഫേയ്‌സസ്‌.
അച്ചടിക്കപ്പെട്ട വാക്കിന്റെ തുടക്കങ്ങളില്‍ ചുറ്റുപാടുകളുണ്ട്‌. അടുത്ത കാലത്തൊരു ഗവേഷകന്‍ പറഞ്ഞു: ഒരു പേനയെടുത്ത്‌ എഴുതാന്‍ തുടങ്ങുമ്പോള്‍, ഏതാനും അമൂര്‍ത്ത ചിഹ്‌നങ്ങള്‍ കുറിക്കുകയല്ല ശരിക്കും നിങ്ങള്‍ ചെയ്യുന്നത്‌. മരങ്ങള്‍ക്കും മലകള്‍ക്കും പൂര്‍വികരെ വലംവെച്ച ചക്രവാളത്തിനും പ്രാതിനിധ്യം നല്‍കുകയാണ്‌ നിങ്ങള്‍. പ്രകൃതിയിലെ ആകൃതികളുമായി പൊരുത്തപ്പെടുംവിധമാണ്‌ ആളുകള്‍ എക്കാലത്തും അവരുടെ ദൃശ്യചിഹ്‌നങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത്‌.

സദൃശമായൊരു കൈയൊപ്പ്‌.
അതെവിടെയും കാണാം.
നൂറില്‍പരം അക്ഷരവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചൊരു ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പറയുന്നു, പ്രകൃതീബദ്ധമായ ചില ആഗോള മാതൃകകള്‍ വാണിജ്യ ചിഹ്‌നങ്ങളടക്കമുള്ള എല്ലാതരം ദൃശ്യസംവിധാനങ്ങളിലും കാണാമെന്ന്‌. പരസ്‌പര ബന്‌ധമില്ലെന്ന്‌ തോന്നിക്കുന്ന രണ്ട്‌ വ്യവസ്ഥകളിലെ അക്ഷരങ്ങള്‍ വലിച്ചുനീട്ടുക, പിടിച്ചമര്‍ത്തുക, അങ്ങനെ പലതരത്തില്‍ പരീക്ഷിച്ചു നോക്കുക. അപ്പോള്‍ കാണാം സമാനതകള്‍: ചില ചേര്‍പ്പുകള്‍, കുത്തനെയും വിലങ്ങനെയുമായ ചില വയ്‌പുകള്‍.
ഒരു പ്രത്യേകത കൂടി.

പിറ്റ്‌മാനെ ആദരിച്ചോര്‍ക്കുക.
എഴുത്തിന്റെ കാഴ്ചക്കുപകരം കേള്‍വിയെ ആശ്രയിച്ചും പെട്ടെന്നെഴുതാന്‍ എളുപ്പമുള്ളൊരു ഏര്‍പ്പാടാണ്‌ ഷോര്‍ട്ട്‌ ഹാന്‍ഡ്‌. അക്ഷരമാലകള്‍ പലതിലും ഊന്നല്‍ മറിച്ചാണ്‌. എഴുതല്‍ അല്‍പം പ്രയാസമുള്ളതായാലും എഴുതപ്പെട്ടത്‌ പെട്ടെന്ന്‌ തിരിച്ചറിയുമാറാകണം. കൗതുകകരമായൊരു സിദ്ധാന്തം, പക്ഷേ, ജീവശാസ്‌ത്രം അതിനെ വിചാരണക്കെടുക്കാം. കാരണം പില്‍ക്കാല സൗകര്യങ്ങളോടെ ഭൂമിയില്‍ ഓരോരിടത്തിരുന്ന്‌ അക്ഷരമാലകള്‍ തയാറാക്കിയവരുടെ വാതില്‍പ്പുറ കാഴ്ചകള്‍ ആയിരുന്നിരിക്കില്ല പരിണാമകാല മനുഷ്യന്റെ ഭൂദൃശ്യം.

ഇര പിടിക്കാനും ഇരപിടിയന്മാരില്‍നിന്ന്‌ രക്ഷപ്പെടാനുമുള്ള നെട്ടോട്ടങ്ങള്‍ മാത്രം മതി ഒരു ജീവിയെ ഭൂമിയുമായി ബന്‌ധപ്പെടുത്തുന്ന ചിഹ്‌നങ്ങളുടെ കാഴ്ചതന്നെ മാറ്റാന്‍.

പാഠത്തില്‍ കോമ വിട്ടുപോയ ഇടങ്ങള്‍

മരണത്തിന്റെ വ്യാകരണത്തിലെ അര്‍ദ്ധവിരാമ ചിഹ്‌നമാണത്‌. കോമ. ഒരാളുടെ ശരീരം ചലനമറ്റ്‌ ബാഹ്യലോകവുമായുള്ള പ്രതികരണങ്ങള്‍ നശിച്ചുകിടക്കുന്ന അബോധാവസ്ഥ. റോബിന്‍ കുക്കിന്റെ 'കോമ' എന്ന പുസ്‌തകവും, പിന്നെ അതിനെ ആധാരമാക്കിയുള്ള പടവും വളരെയധികം പൊതുജന ശ്രദ്ധയില്‍ എത്തിച്ചൊരു അവസ്ഥയാണത്‌. രണ്ടിലും കോമയില്‍ പെട്ടവര്‍ ശരിക്കും ഒരു കുടുക്കില്‍തന്നെയാണ്‌.

പക്ഷേ, ടി.വി പരിപാടികളിലോ?
സോപ്പ്‌ ഓപ്പറകളില്‍?
സത്യത്തില്‍, ഡോക്‌ടര്‍ ഡേവിഡ്‌ കാസററ്റ്‌ എന്നൊരു ഗവേഷകനും കൂട്ടുകാരും വളരെ കാര്യമായി ഇതറിയാന്‍ ശ്രമിച്ചിട്ടുണ്ട്‌. കോമയെക്കുറിച്ചുള്ള പൊതുജനാവബോധം, അതിനോടുള്ള സമീപനം, ഇങ്ങനെ ചിലതൊക്കെയാണ്‌ അവര്‍ അന്വേഷിച്ചത്‌. 'ദ ബോള്‍ഡ്‌ ആന്റ്‌ ദ ബ്യൂട്ടിഫുള്‍', 'ജനറല്‍ ഹോസ്‌പിറ്റല്‍' തുടങ്ങിയ പല സീരിയലുകള്‍, എല്ലാറ്റിലും കൂടിയായി പ്രത്യക്ഷപ്പെടുന്ന, ലക്ഷണമൊത്ത, 64 കോമ ഉദാഹരണങ്ങള്‍.

സ്ഥിതിവിവരങ്ങള്‍ ഇങ്ങനെ...
ഒരു വന്‍കിട ആഘാതം (ട്രോമ) കഴിഞ്ഞ്‌ കോമയില്‍ കിടന്നുമരിച്ചവരുടെ കണക്ക്‌ ടെലിവിഷനില്‍ ആറു ശതമാനം, യഥാര്‍ഥ ജീവിതത്തില്‍ 67 ശതമാനം. ട്രോമയില്ലാതെ കോമ പൂകി മരിച്ചവര്‍ സോപ്പുകളില്‍ നാലു ശതമാനം, ആശുപത്രികളില്‍ 53 ശതമാനം. ഇനി അതിജീവിക്കുന്നവരുടെ വിവരങ്ങളില്‍. സാധാരണ നിലക്ക്‌ കോമയെ അതിജീവിക്കുന്നവര്‍ക്ക്‌ പലതരം അവശതകളുണ്ടാകും. അതൊന്നുമില്ലാതെ നേരിട്ട്‌ പൂര്‍വസ്ഥിതി പ്രാപിക്കുന്നവര്‍ ട്രോമാസഹിതം ഏഴു ശതമാനവും ട്രോമാരഹിതമായി ഒരു ശതമാനവുമാണ്‌. ടെലിവിഷന്‍ പരമ്പരകളിലിത്‌ യഥാക്രമം 89 ശതമാനവും 91 ശതമാനവും. കണ്ണുതുറന്ന ഉടനെത്തന്നെ അവര്‍ എല്ലാം തിരിച്ചറിയുകയും ചിരപരിചിതമായ ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു.

വളരെ ആധികാരികമായ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേണലില്‍ പ്രത്യക്ഷപ്പെട്ടൊരു പഠനമാണത്‌. പക്ഷേ, അതേ പ്രസിദ്ധീകരണത്തില്‍ വന്ന മറ്റൊരു പഠനമനുസരിച്ച്‌ ടെലിവിഷന്‍ സോപ്പീസിലെ സാധാരണ മരണനിരക്ക്‌ ബ്രിട്ടനിലെ മരണനിരക്കിനെ അപേക്ഷിച്ച്‌ ഏഴു മടങ്ങ്‌ അധികമാണ്‌. കോമയെ അനായാസമായി അതിജീവിക്കുന്നൊരു ജനത ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരെക്കാള്‍, കാളപ്പോരുകാരെക്കാള്‍, ബോംബ്‌ വിതരണ വിദഗ്‌ധന്മാരെക്കാള്‍ സാഹസികമായാണ്‌ ജീവിക്കുന്നതെന്നു വരുമോ, ഡോ. കാള്‍ ചോദിച്ചതുപോലെ? സമതുലിതാവസ്ഥയില്‍ എത്താനുള്ളൊരു ശ്രമം ഇതിനുപിന്നില്‍ കാണാനാവുമെന്ന്‌ കരുതുന്നത്‌ രസകരമായിരിക്കും.

അസിമോവ്‌ സത്യം പറയുമായിരുന്നോ?

ആദ്യത്തെ ഡേറ്റിംഗിന്റെ ദിവസം നീയെന്നെ റോളര്‍ കോസ്റ്ററില്‍ ഇരുത്തിയതെന്തിന്‌?
ഐസാക്ക്‌ അസിമോവിന്റെ സ്‌നേഹബന്‌ധങ്ങളിലെ ആദ്യത്തെ പെണ്‍കുട്ടി ഇങ്ങനെയൊരു ചോദ്യം അന്നു ചോദിച്ചിരുന്നെങ്കില്‍ അസിമോവ്‌ സത്യം പറയുമായിരുന്നോ? അഥവാ പറഞ്ഞിരുന്നില്ലെങ്കില്‍ അത്‌ അസിമോവിനെ ഒരു നുണയനാക്കുമായിരുന്നോ?

ഇന്നലെ വായിച്ചൊരു ഗവേഷണ വാര്‍ത്തയാണ്‌ ഈ ചോദ്യം തോന്നിച്ചത്‌. ഓര്‍മയുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍ പഠിക്കുന്ന സെലീയാ ഹാരിസ്‌ ഒരു പി.എച്ച്‌.ഡി ഗവേഷണത്തിന്റെ ഭാഗമായി ഡസന്‍കണക്കിന്‌ യുവതീയുവാക്കളെ സാങ്കല്‍പിക ഡേറ്റിംഗുകളില്‍ പങ്കെടുപ്പിക്കുന്നു. ഓരോ ജോടിയിലെയും ഒരാള്‍ മറ്റേ ആളോട്‌ തന്നെക്കുറിച്ച്‌ പറയേണ്ട പത്തു നല്ല കാര്യങ്ങളുടെയും പത്തു ചീത്ത കാര്യങ്ങളുടെയും പട്ടിക തയാറാവുന്നു. എല്ലാം സാങ്കല്‍പികം. വളരെ സങ്കീര്‍ണമായ വിവരണം ആവശ്യപ്പെടുന്ന തിരക്കഥ. എല്ലാം മാറ്റിവെച്ച്‌ ചുരുക്കിപ്പറഞ്ഞാല്‍...

സെലീയാ ഓരോ പങ്കാളിയോടും ചോദിക്കുന്നു: നിന്നെ സംബന്‌ധിച്ച പത്തും പത്തും വസ്‌തുതകളെന്ത്‌? അവരുടെ മറുപടി ഗവേഷകയെ ആശ്ചര്യപ്പെടുത്തി. അവരവരെക്കുറിച്ചുള്ള പത്തു നല്ല കാര്യങ്ങള്‍ എല്ലാവര്‍ക്കും ഓര്‍മയുണ്ട്‌. പക്ഷേ, പത്തു ചീത്ത കാര്യങ്ങളില്‍ പലതും പലരും മറന്നുപോയിരിക്കുന്നു. തെരഞ്ഞെടുത്ത ഓര്‍മകള്‍ക്കും അവ സൃഷ്‌ടിക്കുന്ന മറവികള്‍ക്കും ഓരോ ആത്‌മകഥാ കഥനത്തെയും സ്വാധീനിക്കാന്‍ കഴിയുന്നതെങ്ങനെയെന്നതിനെക്കുറിച്ചുള്ള പഴയ ഗവേഷണഹ്മലങ്ങള്‍ ഡേറ്റിംഗിലും തെളിയുകയാണ്‌. ഒരു ചെറുപ്പക്കാരിക്ക്‌ ചെറുപ്പക്കാരനോട്‌ (മറിച്ചും) മനഃപൂര്‍വം നുണ പറയേണ്ടതില്ല. കേള്‍ക്കുന്ന ആളെ പ്രീണിപ്പിക്കയെന്ന ശക്‌തമായ പ്രേരണതന്നെ ഓര്‍മകള്‍ തെരഞ്ഞെടുക്കുന്നു.
അസിമോവ്‌ സത്യം പറയുമായിരുന്നോ?

റോളര്‍ കോസ്റ്ററിന്റെ കറക്കം തന്റെ പെണ്‍കുട്ടിയെ പേടിപ്പിക്കുമെന്നും അവളോട്‌ കൂടുതല്‍ 'അടുത്തു' പെരുമാറാന്‍ അത്‌ അവസരം നല്‍കുമെന്നുമായിരുന്നു താന്‍ പ്രതീക്ഷിച്ചത്‌. പക്ഷേ, ഒരു അസാധാരണ വിപര്യയത്തില്‍, താന്‍ ഒരുപക്ഷേ മറച്ചുവെക്കുമായിരുന്ന സത്യമല്ല, തനിക്കുതന്നെ അറിയാത്തൊരു സത്യമാണ്‌ അസിമോവിനെ പിടിച്ചുകുലുക്കിയത്‌. പില്‍ക്കാലത്ത്‌ മറ്റാരെക്കാളും അധികം ബഹിരാകാശയാത്രകളെക്കുറിച്ചെഴുതിയ അസിമോവ്‌ വളരെ ചുരുക്കമായേ യാത്ര ചെയ്‌തിരുന്നുള്ളൂ. കാരണം: പറക്കാനുള്ള പേടി.
ഫിയര്‍ ഓവ്‌ ഫ്ലയിംഗ്‌.

ആദ്യത്തെ പെണ്‍കുട്ടിയോടൊപ്പം റോളര്‍ കോസ്റ്ററില്‍ ഇരുന്നപ്പോഴാണ്‌ അസിമോവ്‌ ആദ്യമായി അത്‌ തിരിച്ചറിഞ്ഞത്‌!

ഐന്‍സ്റ്റൈന്‍ ഇ-തപാല്‍ ഉപയോഗിച്ചിരുന്നെങ്കില്‍

പ്രപഞ്ചത്തിലേക്കുംവെച്ച്‌ വേഗമുള്ളതെന്നറിയപ്പെടുന്ന വെളിച്ചത്തില്‍ വ്യാപരിച്ച ഐന്‍സ്റ്റൈന്റെ മനസ്സില്‍ സമയത്തിന്റെ ഏകകങ്ങള്‍ (Units of time) വളരെ ഹ്രസ്വമായിരുന്നെന്ന്‌ സങ്കല്‍പിക്കുക. എങ്കില്‍, നാമൊരു ആഴ്ചപ്പതിപ്പിന്റെ ഏടുകള്‍ മറിക്കുന്നതുപോലെ വന്‍കരകളും വന്‍കാലങ്ങളും മറിച്ചുനോക്കിയ ഡാര്‍വിന്റെ ഏകകങ്ങള്‍ക്ക്‌ ലക്ഷക്കണക്കിനും കോടിക്കണക്കിനും വര്‍ഷങ്ങളുടെ ദൈര്‍ഘ്യം ഉണ്ടായിരുന്നിരിക്കണം. പക്ഷേ, ആശയവിനിമയം സംബന്‌ധിച്ചൊരു സാമാന്യതയില്‍ അവര്‍ ഒരുപോലാകുന്നു.

അവര്‍ ഒരേപോലെ കത്തുകളെഴുതി.
ആയിരക്കണക്കിന്‌ കത്തുകള്‍.
ആശ്ചര്യം ഈ സമാനതയല്ല. അവരുടെ പ്രതികരണ വേഗങ്ങളും രീതികളും നിഷ്കര്‍ഷകളും നമ്മുടെ കാലത്തില്‍ ഇ-മെയില്‍ കൈകാര്യം ചെയ്യുന്നവരുടേതുപോലിരിക്കുന്നു. പോര്‍ച്ചുഗലിലെ ഗവേഷകരായ ഒലിവൈറയും ബറബാസിയും പറയുന്നു: കത്തുകള്‍ക്ക്‌ അവര്‍ തക്കസമയത്തയച്ച മറുപടികള്‍ ബൗദ്ധിക സംവാദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ രണ്ട്‌ പേര്‍ക്കുമുണ്ടായിരുന്ന ഉണര്‍വിനെ ചൂണ്ടുന്നു.

ഐന്‍സ്റ്റൈന്‍ 14,500ല്‍ അധികം കത്തുകളെഴുതി. പക്ഷേ, തനിക്ക്‌ കിട്ടിയ 16,200 കത്തുകളില്‍ ഏകദേശം കാല്‍ഭാഗത്തോടേ അദ്ദേഹം പ്രതികരിച്ചുള്ളൂ. ഡാര്‍വിന്‍ 7,500ല്‍ അധികം കത്തുകളയച്ചു. പക്ഷേ, തനിക്ക്‌ കിട്ടിയ 6,530 കത്തുകളില്‍ മുപ്പത്തിരണ്ട്‌ ശതമാനത്തോടേ അദ്ദേഹം പ്രതികരിച്ചുള്ളൂ. പത്തു ദിവസത്തിനകം ഐന്‍സ്റ്റൈനും ഡാര്‍വിനും പ്രതികരിച്ചിട്ടുള്ളത്‌ യഥാക്രമം അമ്പത്തിമൂന്നും അറുപത്തിമൂന്നും കത്തുകളോടായിരുന്നു. കത്തുകള്‍ കുന്നുകൂടുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണം ചിലപ്പോള്‍ ഒരു വര്‍ഷത്തിന്‌ ശേഷം മാത്രം കണ്ണില്‍ പെടുന്നതിന്‌ ഐന്‍സ്റ്റൈന്റെ ജീവിതത്തിലുണ്ടായ ഒരുദാഹരണം ഐതിഹാസികമാണ്‌. ആധുനിക ഭൗതികശാസ്‌ത്ര ചിന്തയെ മാറ്റിമറിച്ച 'ചരടു സിദ്ധാന്തം' (String theory) സംബന്‌ധിച്ചൊരു കത്തായിരുന്നുവത്‌. പക്ഷേ, പ്രാഥമ്യം സംബന്‌ധിച്ച വിവേചനം, പ്രൈയറിറ്റൈസേഷന്‍, അവരുടെ കത്തിടപാടുകളിലും ഇ-തപാലിന്റെ കാലത്തെന്നതുപോലെ ഒരു നിയാമക ഘടകമായിരുന്നു.

ഐന്‍സ്റ്റൈന്റെ ശരാശരി: ഒരു ദിവസം ഒരു കത്ത്‌. ഡാര്‍വിന്റെ ശരാശരി: ഒന്നരാടം ഒരു കത്ത്‌. പേനയോ പെന്‍സിലോ ഉപയോഗിച്ച്‌ ഒരു കത്തെഴുതുകയെന്നത്‌ ഇ-മെയില്‍ അയക്കുന്നതിനെ അപേക്ഷിച്ച്‌ എത്രയോ സമയമെടുക്കുന്ന പണിയാണെങ്കിലും പ്രതികരണസമയംപോലെയും വിളംബംപോലെയും ഏതാദ്യമെന്ന നിര്‍ണയംപോലെയുമുള്ള ഘടകങ്ങളുമായി ബന്‌ധപ്പെട്ട ഗണിതശാസ്‌ത്ര സങ്കേതങ്ങളനുസരിച്ച്‌ രണ്ടുതരം എഴുത്തും ഏതാണ്ട്‌ ഒരേ പാറ്റേണ്‍തന്നെയാണ്‌ പിന്തുടരുന്നത്‌.
ഉപസംഹാരത്തില്‍, ഓരോ ദിവസവും രാവിലെ നാം ഇ-മെയില്‍ പരിശോധിക്കുമ്പോള്‍ വെളിപ്പെടുന്ന മാനുഷിക ചലനാത്‌മകതയുടെ അടിസ്ഥാനപരമായ പാറ്റേണ്‍ തന്നെയാണ്‌ ഐന്‍സ്റ്റൈന്റെയും ഡാര്‍വിന്റെയും കത്തിടപാടുകളില്‍ വെളിപ്പെടുന്നത്‌.

പൈഡ് പെപ്പര്‍: രണ്ടാം വരവ്?

പതിനാലാം നൂറ്റാണ്ടില്‍ മൂന്നുതരം പ്ലേഗുകളിലൂടെ യൂറോപ്പിലെ മുപ്പത്‌ ശതമാനമോ നാല്‍പത്‌ ശതമാനമോ കൂടുതലോ ആളുകളെ വകവരുത്തിയ 'കറുത്ത മരണം' തന്നെയാണ്‌ പൈഡ്‌ പൈപ്പറെന്ന്‌ 'സംഗീതം ഒരു സമയകലയാണ്‌' എന്ന കഥയില്‍ കാണുന്നത്‌ ശരിയെങ്കില്‍, ആ കുഴലൂത്തുകാരന്‍ വീണ്ടും ഒരു തെരുവില്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നൊരു സൂചനയുണ്ട്‌. ഉറവിടത്തെക്കുറിച്ചുള്ളൊരു രണ്ടാം വിചാരത്തില്‍നിന്നാണ്‌ അതു വരുന്നത്‌.

കറുത്ത മരണമെന്തായിരുന്നു?
വൈറസ്‌? ബാക്‌ടീരിയ?
ഇവ രണ്ടും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചൊരു വിവരണം ഇവിടെ ആവശ്യമില്ല. ആ വ്യത്യാസം നിര്‍ണായകമാണെന്ന അറിവാകട്ടെ പ്രധാനമാകാം. ശാസ്‌ത്രം ഇതേവരെ കരുതിയിരുന്നതിന്‌ വിപരീതമായി, കറുത്ത മരണത്തിന്‌ പിന്നിലെ ശക്‌തി ഒരു ബാക്‌ടീരിയ അല്ലെന്നും മറിച്ച്‌ ഒരു വൈറസാണെന്നും ആരെങ്കിലും സ്ഥാപിക്കുകയാണെങ്കിലോ? പകര്‍ച്ചവ്യാധീ വിദഗ്‌ധരായ സൂസന്‍ സ്കോട്ടും ക്രിസ്റ്റഫര്‍ ഡന്‍കനും അങ്ങനെ പറഞ്ഞുകഴിഞ്ഞു. ഒപ്പം, ആ വൈറസുമായുള്ള ഭൂതകാല സ്‌പര്‍ശം ഇന്നത്തെ യൂറോപ്പിലെ പലരെയും എയിഡ്‌സ്‌ ബാധിക്കാത്ത ഒരവസ്ഥയില്‍ എത്തിച്ചെന്ന വിഭ്രാമക നിരീക്ഷണവും അവരുടേതായിട്ടുണ്ട്‌. അതാകട്ടെ അമേരിക്കയുടെ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അതിസമര്‍ഥമായി നടന്നൊരു ഗവേഷണത്തിന്റെ വിഷയവുമായി ബന്‌ധപ്പെട്ടിരിക്കുന്നു.

സി.സി.ആര്‍ 5 (CCR5) എന്ന പ്രോട്ടീന്‍.
കോശങ്ങളുടെ പ്രോട്ടീന്‍ സംജ്ഞ.
വല്ലാതെ ലളിതമാക്കി പറഞ്ഞാല്‍, നമ്മുടെ പ്രതിരോധവ്യവസ്ഥയുമായി ബന്‌ധപ്പെട്ട വെളുത്ത രക്‌താണുക്കളുടെ പുറത്തുള്ളൊരു സ്വീകാരിയാണത്‌. ഒരുതരം 'ഡോക്കിംഗ്‌ പോര്‍ട്‌' പോലെ പ്രവര്‍ത്തിച്ച്‌ അതു ചില മോളിക്യൂളുകളെ സ്വീകരിക്കുന്നു -വീക്കം നിയന്ത്രിക്കുന്ന മോളിക്യൂളുകളെ. പക്ഷേ, എയിഡ്‌സുണ്ടാക്കുന്ന വൈറസ്‌ ചോരയിലേക്ക്‌ കടന്നുകഴിഞ്ഞാല്‍ സി.സി.ആര്‍ 5 നമ്മുടെ പ്രതിരോധവ്യവസ്ഥയിലെ ഒരു ദുര്‍ബല ബിന്ദുവും അങ്ങനെ പ്രവേശന കവാടവുമായിത്തീരുന്നു. ഇതിനൊരു വിചിത്രമായ മറുവശമുണ്ട്‌. സി.സി.ആര്‍ 5 ഇല്ലെങ്കില്‍ എയിഡ്‌സ്‌ വൈറസിന്‌ കോശങ്ങളിലേക്ക്‌ കടക്കാനാവില്ല.

മാന്ത്രികമായൊരു പഴുതുണ്ടിവിടെ.
കോശങ്ങള്‍ അതുപയോഗിച്ചു കഴിഞ്ഞു.
ഒരു ഭ്രംശം. മ്യൂട്ടേഷന്‍. അതിന്റെ ഫലമായി, വടക്കന്‍ യൂറോപ്പില്‍ പലരുടെ ശരീരത്തിലും സി.സി.ആര്‍ 5 ഇല്ല. സ്വീഡനിലെ ജനസംഖ്യയുടെ 14 ശതമാനത്തിന്റെ കഥ അതാണ്‌. അവരുടെ ശരീരത്തിലെ വെളുത്ത രക്‌താണുക്കള്‍ ഭാഗികമായെങ്കിലും എയിഡ്‌സിന്‌ അപ്രാപ്യമാണ്‌. ഭൂമിശാസ്‌ത്രപരമായി കിഴക്കോട്ടും തെക്കോട്ടും പോകുന്തോറും ഈ പ്രതിരോധാവസ്ഥ ക്ഷയിച്ചുവരുന്നു. ആഫൃക്കയിലും കിഴക്കനേഷ്യയിലും അത്‌ അപ്രത്യക്ഷമാകുന്നു; ഇവിടങ്ങളിലുള്ളവര്‍ എയിഡ്‌സിന്‌ കൂടുതല്‍ എളുപ്പമുള്ള ഇരകളാകുന്നു. പൗരാണിക അസ്ഥികള്‍ പറയുന്നൊരു കഥയുണ്ട്‌. ഏതാണ്ട്‌ യേശുക്രിസ്‌തു ഒരു പയ്യനായിരുന്ന കാലത്ത്‌ യൂറോപ്പില്‍ 40,000 പേരില്‍ ഒരാളിലെന്ന തോതിലാണ്‌ മേല്‍പറഞ്ഞ മ്യൂട്ടേഷന്‍ സംഭവിച്ചിരുന്നത്‌. പക്ഷേ, ഏകദേശം 700 വര്‍ഷം മുമ്പുള്ള കാലഘട്ടത്തില്‍ അത്‌ അമ്പരപ്പിക്കുന്ന നാടകീയതയോടെ ഏഴുപേരില്‍ ഒരാള്‍ എന്ന തോതിലെത്തി. കറുത്ത മരണം പെരുമാറിയത്‌ ആ ഘട്ടത്തിലായിരുന്നു. അതിന്റെ ഭീകരമായ സ്ഥിതിവിവരക്കണക്ക്‌ ആവര്‍ത്തനമില്ലാത്തൊരു ഭൂതമാണെന്ന്‌ ഉറപ്പിക്കാന്‍ സമയമായില്ല.

സൂചനകള്‍ നേര്‍വിപരീതം.
നമ്മുടെ ശരീരം പൊതുവെ സി.സി.ആര്‍ 5 ഉപയോഗിക്കുന്നത്‌ വൈറസുകളെ പിടിച്ചുനിറുത്താനാണ്‌. ആകയാല്‍, ചരിത്രത്തിലേക്കുംവെച്ച്‌ ബൃഹത്തായ പകര്‍ച്ചവ്യാധിക്ക്‌ കാരണം ഏതോ വൈറസായിരുന്നെന്ന്‌ സൂചന നല്‍കുന്നു. എഴുനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്ന വൈറസുകളെ പുനരുജ്ജീവിപ്പിച്ചാലേ നമുക്ക്‌ ശരിക്കും ഇതേക്കുറിച്ച്‌ മനസ്സിലാവൂ. വെറും ഒരു നൂറ്റാണ്ടുപോലും ഇക്കാര്യത്തില്‍ ഒരു നീണ്ട കാലയളവാണ്‌. 1918ല്‍ ലോകം മുഴുവനും ചുറ്റിയടിച്ചൊരു ഫ്‌ളൂ വൈറസ്‌ ലക്ഷക്കണക്കിന്‌ ആളുകളെ കൊന്നപ്പോള്‍പോലും മൃതശരീരങ്ങളില്‍നിന്ന്‌ അതിനെ പിടികൂടാന്‍ ശാസ്‌ത്രജ്ഞന്മാര്‍ക്ക്‌ വളരെയധികം പ്രയാസപ്പെടേണ്ടിവന്നിരുന്നു. ഇനി എന്തെങ്കിലും ആശ്ചര്യകരമായ ജൈവസാങ്കേതികതന്ത്രം ഉപയോഗിച്ച്‌ കറുത്ത മരണത്തിന്റെ കാലത്തുണ്ടായിരുന്ന പൗരാണിക വൈറസിന്റെ ഡി.എന്‍.എയും ആര്‍.എന്‍.എയും വേര്‍പെടുത്തിയെടുക്കാന്‍ കഴിഞ്ഞാല്‍പോലും അവയില്‍ കൃത്യമായും എന്താണ്‌ തേടേണ്ടതെന്ന്‌ ശാസ്‌ത്രജ്ഞന്മാര്‍ക്ക്‌ വലിയ തിട്ടമുണ്ടാകില്ല. ഒരിക്കല്‍ നമ്മെ തൊട്ട ആ വൈറസ്‌ ഇപ്പോഴും ഇവിടെയെവിടെയോ ഉണ്ടെന്നും ഇനിയും അത്‌ നമ്മെ തൊടാമെന്നുമേ ആകെ ഉറപ്പിക്കാനാവൂ.

പൈഡ്‌ പൈപ്പറുടെ മാരകമായ കുഴലൂത്ത്‌ എലിമാളങ്ങളില്‍ മീശരോമങ്ങളെ വിറപ്പിക്കും മുമ്പ്‌ ശാസ്‌ത്രജ്ഞന്മാര്‍ എന്തെങ്കിലും കണ്ടെത്തുമെന്ന്‌ നമുക്ക്‌ ആശിക്കുക.

മരണത്തിന്റെ ഏകകം എന്തു്?

ഫ്രാന്‍സിന്റെ നാടകവേദിയെത്തന്നെ മാറ്റിയ നടനും നാടകകൃത്തും നിര്‍മാതാവും സംവിധായകനും സൈദ്ധാന്തികനും എല്ലാമായിരുന്ന ആന്റണിന്‍ ആര്‍ടോ ഒരിക്കല്‍ പറഞ്ഞു: ഞാന്‍ ആത്‌മഹത്യ ചെയ്യുകയാണെങ്കില്‍ അത്‌ എന്നെ നശിപ്പിക്കാന്‍ വേണ്ടിയാവില്ല, മറിച്ച്‌ എന്നെ മുഴുവനുമായും തിരിച്ചെടുക്കാന്‍ വേണ്ടിയായിരിക്കും. താത്ത്വിക നാടകീയ വ്യാഖ്യാനങ്ങള്‍ക്കപ്പുറം വളരെ ലളിതവും ഭൗതികവുമായൊരു കാര്യമാണ്‌ ഇതെന്നെ ഓര്‍മിപ്പിക്കുന്നത്‌.

അത്‌ ഏകകങ്ങളെക്കുറിച്ചുള്ളത്‌.
മരണത്തിന്റെ ഏകകമെന്ത്‌?
ഞാന്‍ ഉദ്ദേശിക്കുന്നത്‌ യൂനിറ്റാണ്‌. അതിനെപ്പറ്റിയുള്ള അസ്‌പഷ്‌ടതയാണ്‌ ഡാര്‍വിന്റെ പരിണാമവാദത്തെ ചരിത്രത്തിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടൊരു സിദ്ധാന്തമാക്കിയത്‌. അനുയോജ്യമായത്‌ അതിജീവിക്കുമെന്ന്‌ വായിച്ചവരില്‍ ഭൂരിപക്ഷവും മനസ്സിലാക്കാന്‍ വിട്ടുപോയൊരു ചോദ്യമുണ്ട്‌. എന്തിന്റെ അനുയോജനം? അനുയോജനത്തിന്റെ ഏകകം അഥവാ 'ദ യൂനിറ്റ്‌ ഓവ്‌ സര്‍വൈവല്‍' എന്ത്‌? ഡാര്‍വിന്‍ ഉദ്ദേശിച്ചത്‌ വ്യക്‌തിയുടെ സ്വകാര്യ അനുജീവനമല്ല, ഓരോരോ ജീവിവര്‍ഗങ്ങളുടെ (സ്‌പീഷീസിന്റെ) അതിജീവനമാണ്‌. ഈ തിരിച്ചറിവിലാണ്‌ പരിണാമവാദം തുടങ്ങുന്നത്‌.

അപ്പോള്‍, മരണ ഏകകമെന്ത്‌?
വൈദ്യശാസ്‌ത്രത്തിനകത്തെ പ്രസക്‌തിയില്‍ വൈദ്യന്മാര്‍ ഉപയോഗിക്കുന്ന ഭാഷയിലും സങ്കല്‍പങ്ങളിലുംപോലും മരണത്തിന്‌ ഇപ്പോഴും വളരെ കൃത്യമായൊരു നിര്‍വചനമില്ല. മരണത്തിന്റെ ആപേക്ഷിക നിര്‍വചനങ്ങളേ നമുക്കു സാധ്യമാകൂ.

അതിനിടയില്‍ മരണം തുടരുന്നു.
എല്ലാ സാധ്യനിര്‍വചനങ്ങളിലും.
പല സന്ദര്‍ഭങ്ങളിലും ജൈവശരീരത്തിന്റെ ഏകകമായി തുടരുന്ന കോശങ്ങളുടെ മരണമെടുക്കുക. ഇവിടെ മരണമെന്നു പറഞ്ഞതുതന്നെ ആപേക്ഷികമായാണ്‌. കോശങ്ങള്‍ക്ക്‌ രണ്ടുതരം മരണസാധ്യതകളുണ്ട്‌. അവയിലൊന്ന്‌ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയുമായി ബന്‌ധപ്പെട്ടിരിക്കുന്നു. ഒരു വിദഗ്‌ധന്‍ പറഞ്ഞതുപോലെ നിങ്ങളുടെ പ്രതിരോധവ്യവസ്ഥക്ക്‌ വളരെ നിശിതമായി തിരിച്ചറിയാവുന്നൊരു കാര്യമുണ്ട്‌. നിങ്ങളും നിങ്ങളൊഴിച്ചുള്ള പ്രപഞ്ചവും തമ്മിലുള്ള വ്യത്യാസമാണത്‌. രണ്ടാമത്തേതിന്റെ ഒരു ധൂളിപോലും അത്‌ ഉടലില്‍ അനുവദിക്കില്ല. പക്ഷേ, ചിലപ്പോള്‍ അമിതാവേശത്തില്‍ അത്‌ നിങ്ങളുടെ കോശങ്ങളെത്തന്നെ ആക്രമിക്കാന്‍ തുടങ്ങുന്നു.

ഇവിടെയൊരു ഇടപെടലുണ്ട്‌.
പ്രോഗ്രാമ്‌ഡ്‌ സെല്‍ ഡെത്ത്‌.
വളരെ പ്രാക്‌തനമായൊരു നിര്‍ദേശം. ആവേശത്തില്‍ മാരകമായിത്തീര്‍ന്ന കോശങ്ങളോട്‌ ആത്‌മഹത്യ ചെയ്യാന്‍ അത്‌ ആവശ്യപ്പെടുന്നു. ആര്‍ത്തവരക്‌തത്തില്‍ അതിന്റെ ഒരു പ്രയോഗം കാണാം. ഓരോ തവണ ആര്‍ത്തവം ഉണ്ടാകുമ്പോഴും ഒരു സ്‌ത്രീയുടെ ഗര്‍ഭപാത്രത്തെ പൊതിഞ്ഞിരുന്ന കോശങ്ങള്‍ പ്രോഗ്രാമ്‌ഡ്‌ സെല്‍ ഡെത്തിലൂടെ കടന്നുപോയിരിക്കും. തലമുടിക്ക്‌ ചായം നല്‍കുന്ന കോശങ്ങള്‍ ആത്‌മഹത്യ ചെയ്യുന്നേടത്ത്‌ വാര്‍ധക്യത്തിന്റെ വെളുത്ത വേരുകള്‍ പടരാന്‍ തുടങ്ങുന്നു. ചിലപ്പോള്‍ രോഗംബാധിച്ച കോശങ്ങള്‍ ആത്‌മഹത്യയിലൂടെ രോഗബീജങ്ങളെ നശിപ്പിച്ച്‌ ശരീരത്തെ കുറച്ചെങ്കിലും ആപത്തില്‍നിന്ന്‌ അകറ്റുന്നു.

ഇതാണ്‌ അപോറ്റോസിസ്‌.
ഇതിനു വിപരീതം നെക്രോസിസ്‌.
രണ്ടാമത്തേത്‌ ശരിക്കും മരണമാണ്‌. ചുട്ടു പഴുക്കുമ്പോള്‍, വിഷമേല്‍ക്കുമ്പോള്‍, അല്ലെങ്കില്‍ പ്രാണവായു കിട്ടാതെ പട്ടിണിയിലാകുമ്പോള്‍ കോശങ്ങള്‍ മരിക്കുന്ന മരണമാണത്‌. മരണത്തിന്റെ അര്‍ഥത്തിലെന്നല്ല, രീതിയില്‍പ്പോലും അപോറ്റോസിസിനു വിരുദ്ധമാണത്‌. പഴുത്തുപൊട്ടി ചോരയും ചലവും ഒലിക്കുന്നൊരു വ്രണംപോലെയാണത്‌. ആ പൊട്ടലും ഒലിപ്പും അടുത്തുള്ള കോശങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്നു. നിര്‍ദേശിതമായ കോശമരണമാകട്ടെ ചുങ്ങിയുണങ്ങി ചെറിയചെറിയ തരികളായി നിര്‍ബാധം അടര്‍ന്നില്ലാതാകുന്നൊരു കുരുപോലെയാണ്‌. അത്രയും വൃത്തിയായി അത്‌ പ്രതിരോധവ്യവസ്ഥയില്‍ വിലയിക്കുന്നു.

ഇക്കോളജിക്കല്‍ മരണങ്ങളോ?
അതിജീവനത്തിന്റെ ഏകകമെന്തെന്ന്‌ നിര്‍ണയിച്ചുകഴിഞ്ഞാല്‍ ഒരു ജീവിവര്‍ഗത്തിന്റെ തിരോധാനം ഒരു മരണമാകാം. പക്ഷേ, ചത്തതെല്ലാം വളരുന്നതിനു വളമാകുന്ന അവസ്ഥയില്‍ അതിന്റെ അര്‍ഥം മാറാം. നമ്മുടെ കാലഘട്ടത്തില്‍ ഭൂമിയെയും കോശങ്ങളെയും കുറിച്ച്‌ ഏറ്റവുമധികം അറിഞ്ഞവരില്‍ ഒരാളായ ഡോക്‌ടര്‍ ലൂയിസ്‌ റ്റോമസ്‌ ഭൂമിയെത്തന്നെ ഒരൊറ്റ കോശമായാണ്‌ കണ്ടത്‌. റിച്ചാഡ്‌ ഡോക്കിന്‍സിന്റെ ജീവശാസ്‌ത്ര കലാപത്തില്‍ ജീവികളെന്നത്‌ സ്വാര്‍ഥികളായ (സ്വയം അര്‍ഥങ്ങളായി) ചില ജീനുകളുടെ വാഹനങ്ങള്‍ മാത്രമാകുമ്പോള്‍ ഏകകങ്ങളും നിര്‍വചനങ്ങളും വീണ്ടും മാറുന്നു. ഏതായാലും...
മരണം ആദ്യം തൊട്ടേ ഉണ്ട്‌. ചിലപ്പോള്‍ ചിലവയെ സംബന്‌ധിച്ച്‌ ഒരു സന്ദര്‍ഭത്തിലോ വ്യാഖ്യാനത്തിലോ അത്‌ ഔദ്യോഗികമായ ഒടുക്കമാവുന്നെന്നു മാത്രം.

കലയ്ക്ക് ഒരു ലൈംഗിക ഹോര്‍മോണിന്റെ സംഭാവന

ഡെയ്‌ല്‌ ഗത്രീയുടെ ഗുഹാകലാസിദ്ധാന്തം ശരിയെങ്കില്‍ 'ചില ചുവര്‍ച്ചിത്രങ്ങള്‍' എഴുതിയ കവിക്ക്‌ ഒരു തെറ്റു പറ്റിയെന്നുവേണം പറയാന്‍.

ആ കവിതയുടെ ഒടുക്കം:
"പണ്ടൊരിക്കല്‍ എന്റെയൊരു കാരണവര്‍, മരണം പിന്‍കഴുത്തില്‍ ശ്വസിക്കുന്ന ഹിമയുഗങ്ങളൊന്നില്‍, ഇരുണ്ടു ദുര്‍ഗമമായൊരു ഗുഹയിലേക്ക്‌ നുഴഞ്ഞു കയറി ചുവരിലൊരു വേട്ടമൃഗത്തിന്റെ അതിര്‍രേഖകള്‍ കോറിയിട്ടു. ഏറ്റവും പ്രാഥമികമായ എഴുത്തുകള്‍ ഇങ്ങനെത്തന്നെയുണ്ടാകുന്നു, ആരോ പിടികൂടും മുമ്പുള്ള നൊടിയിടയുടെ രഹസ്യത്തില്‍."

സത്യം ഇതിലല്ലെങ്കിലോ?
ഗത്രീ പറഞ്ഞതോ ശരി?
നരവംശശാസ്‌ത്രത്തെ മതദ്രോഹം (ഹെറിസി) പോലാക്കണമെന്നുണ്ടെങ്കില്‍, ചരിത്രപൂര്‍വ ഗുഹാകലയുടെ ശാക്‌തിക ഉറവിടം മിക്കവാറും ഒരു ലൈംഗിക ഹോര്‍മോണാണെന്ന്‌ പറയുക. ഒരു വൃഷണദ്രവ്യം. കൃത്യമായി പറഞ്ഞാല്‍ ടെസ്റ്റോസ്റ്ററോണ്‍. അതിന്റെ കലാപത്തിലേക്ക്‌ കടക്കണമെങ്കില്‍, മന്ത്രവാദികളായും മറ്റും ഓരോരോ ഗോത്രങ്ങളില്‍ പ്രമാണിത്തം നേടിയവരുടെ അനുഷ്ഠാന യന്ത്രങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ആദ്യത്തെ കുതി കുതിക്കണം. പതിനായിരം വര്‍ഷം തൊട്ട്‌ മുപ്പത്തയ്യായിരം വര്‍ഷം വരെ പഴക്കമുള്ള ഗുഹാചിത്രങ്ങള്‍ (പ്ലൈറ്റസീന്‍ എന്ന ഭൂമിശാസ്‌ത്ര കാലഘട്ടത്തിന്റെ അന്ത്യപാദ ബിംബങ്ങള്‍) ആധുനിക തെരുവുദൃശ്യങ്ങള്‍ക്ക്‌ യുവത്വത്തിന്റെ സംഭാവനയായ ചുവരെഴുത്ത്‌പോലിരിക്കുന്നതെന്തെന്നോര്‍ത്ത്‌ നാം വല്ലാതെ ആശ്ചര്യപ്പെടാതിരിക്കുന്നതെന്ത്‌!
കലയെ കാലവുമായി ഘടിപ്പിക്കാന്‍ നാം കാലത്തെ ഉടലുമായി ഘടിപ്പിക്കുന്നു.

ടെസ്റ്റോസ്റ്ററോണ്‍ കല.
ഗത്രീയുടെ വിശേഷണമാണത്‌.
ആണില്‍ ലൈംഗികമായ ആണത്തത്തിന്റെ തുടക്കം കുറിക്കുന്നതും തുടര്‍ച്ച നിയന്ത്രിക്കുന്നതുമായൊരു ദ്രവ്യമാണ്‌ വിഷയം. ഇന്നത്തെ നാഗരിക സാഹചര്യങ്ങളിലെ ആണ്‍കുട്ടികളുടെ വരപ്പ്‌ ശ്രദ്ധിച്ചിട്ടുണ്ടോ? ഏറ്റവും പുതിയ മാതൃകയിലുള്ള കാറുകള്‍, ഫൈറ്റര്‍ ജെറ്റ്‌, ജെഡി പടച്ചട്ട, മിസെയിലുകള്‍, സ്കേറ്റിംഗ്‌ പലകകള്‍... എല്ലാം ടെസ്റ്റോസ്റ്ററോണ്‍ ഇതിവൃത്തങ്ങള്‍. എല്ലാംതന്നെ "വിജയത്തിന്റെ അഡ്‌റനലിന്‍" (ദ അഡ്‌റനലിന്‍ സക്‌സസ്‌) എന്ന സങ്കല്‍പവുമായി ബന്‌ധപ്പെട്ടത്‌. പ്ലൈസ്റ്റസിന്‍ കാലത്ത്‌ ഇന്നത്തെ എരുമകളുടെയും കാളകളുടെയും പ്രാഗ്‌രൂപങ്ങളെ കൊല്ലുന്നതിലെ അപായത്തിന്റെയും ആവേശത്തിന്റെയും ആകത്തുക ഇന്നത്തെ ടെസ്റ്റോസ്റ്ററോണ്‍ കലയുടെ സമാന്തരമായിരുന്നെന്ന്‌ പറയാം.

കൊല്ലപ്പെട്ട വേട്ടമൃഗങ്ങള്‍.
മൂക്കിലും വായിലും ചോര.
ഗുഹാവിഷ്കാരങ്ങളില്‍ ഈ കാഴ്ചകളും അവയുടെ പ്രാധാന്യവും പഴയ ഗവേഷകര്‍ പിടിച്ചെടുത്തിരുന്നു. പക്ഷേ, ഇവിടെ സാന്ദര്‍ഭികമായി കൂടുതല്‍ ശ്രദ്ധേയമാകുന്നത്‌ അവയിലെ ആള്‍രൂപങ്ങളാണ്‌. ഇവയില്‍ മിക്കപ്പോഴും ആണിന്റെ ജനനേന്ദ്രിയം ഒരൊറ്റ വരയുടെ പിശുക്കില്‍ ഒതുങ്ങുന്നു. എന്നാല്‍, പെണ്‍രൂപങ്ങളുടെ ലൈംഗിക സാന്നിധ്യമാകട്ടെ താരതമ്യേന വിശദാംശങ്ങളുടെ ധൂര്‍ത്തില്‍ എടുത്തുപിടിച്ചുനില്‍ക്കുന്നു. ടെസ്റ്റോസ്റ്ററോണില്‍ നിന്ന്‌ ഊര്‍ജമെടുത്ത കലയുടെ പിഴക്കാത്ത അടയാളം.

വയസ്സിലേക്കൊരു സൂചന.
പ്രായമോ പരിചയമോ കണക്കിലെടുത്ത്‌ മുതിര്‍ന്നവരെന്ന്‌ വിളിക്കാവുന്നവരുടെ കലാസൃഷ്‌ടികള്‍ ഏതു ഗുഹയിലുമില്ലെന്ന്‌ ഇതിനര്‍ഥമില്ല. ഒരു പിടി ഉദാഹരണങ്ങള്‍ എവിടെയും കാണാം. മറ്റൊരു പ്രധാന സാന്നിധ്യം പണിതീരാത്ത രൂപങ്ങളുടേതാണ്‌. ചിലപ്പോള്‍ ചെറുതായും ആംശികമായും, ചിലപ്പോള്‍ പരസ്‌പരം കെട്ടുപിണഞ്ഞും കലാകാരന്മാരാകുന്നതിനുള്ള പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ സൂചിപ്പിച്ചുകൊണ്ട്‌ അവ ഗവേഷകരെ ആകര്‍ഷിക്കുന്നു.

പിന്നെ കൈയടയാളങ്ങള്‍.
ഇരുനൂറ്‌ കൈയടയാളങ്ങള്‍.
ഗത്രീയുടെ സിദ്ധാന്തം ശരിവെക്കുന്ന ഏറ്റവും വലിയ തെളിവ്‌ അവയാണ്‌. ഓരോ ഗുഹാചിത്രത്തിനടുത്തും അത്‌ തീര്‍ത്ത ആളുടെ കൈപ്പത്തിയുടെ അടയാളം. പൊടിയും മണ്ണും പിടിച്ച ചുവരുകള്‍ക്കടുത്ത്‌ പെരുമാറുകയാല്‍ അബോധപൂര്‍വം കൈയടയാളങ്ങളും കാലടയാളങ്ങളും പിറകിലിട്ട്‌ പോയവരുമുണ്ട്‌. പക്ഷേ, കലാകാരന്മാരുടേത്‌ വേര്‍തിരിച്ചറിയാം. എന്തോ വായിലിട്ട്‌ ചവച്ച്‌, ഓറഞ്ചും മഞ്ഞയും തുപ്പി കൈപ്പടം മുഴുവന്‍ നിറംപിടിപ്പിച്ചും ചുവരില്‍ പതിച്ചുണ്ടാക്കിയ അടയാളങ്ങള്‍. ഓരോരോ വിരലുകളുടെയും പൊതുവെ കൈപ്പത്തിയുടെയും അവ തമ്മിലുള്ള അനുപാതങ്ങള്‍, അങ്ങനെ ചിലത്‌ ശ്രദ്ധിച്ചുപഠിച്ചാല്‍ അടയാളം ഉണ്ടാക്കിയവരുടെ വയസ്സ്‌ പിടിച്ചെടുക്കാന്‍ കഴിയും.

ഗുഹകളില്‍ ഗത്രീ വായിച്ച കൈയടയാളങ്ങളില്‍ മിക്കതും പതിനേഴ്‌ വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികളുടേത്‌; ചിലവ മാത്രം പെണ്‍കുട്ടികളുടേതും.

ഒരു പതിനാലുകാരന്റെ ലോകറിക്കോഡ്

ചിലപ്പോള്‍ ചിലര്‍ സ്വീകരിക്കുന്നൊരു ഉറച്ച നിലപാടുണ്ട്‌. ഭൗതികാര്‍ഥത്തില്‍. ഉചിതമായ അളവില്‍ പാദങ്ങള്‍ അകറ്റിവെച്ചുകൊണ്ട്‌ (പ്ലാന്റിംഗ്‌ ദ ഫീറ്റ്‌ ഫേംലി അപാര്‍ട്‌). അതില്‍ സൂചിതമായ ഒരുമ്പെടല്‍ കുറ്റാന്വേഷണ സാഹിത്യത്തില്‍ ആദ്യമായി കണ്ടതായോര്‍ക്കുന്നത്‌ പെറി മേസന്റെ നില്‍പ്‌ വിവരിക്കുന്നേടത്താണ്‌. പക്ഷേ, പെറി മേസന്‍ ഒരു അഭിഭാഷകനാണ്‌. ആയുധം വാക്ക്‌. എന്നാല്‍, ചിലപ്പോള്‍, അകന്നുനില്‍ക്കുന്ന പാദങ്ങള്‍ക്കുമേല്‍ സ്ഥൈര്യം നേടുന്ന ഉടല്‍ ഒരു കിടിലമാകാം.
കിടിലം മറ്റുള്ളവര്‍ക്കാണ്‌.

തനിക്കത്‌ ചാഞ്ചല്യമില്ലായ്‌മയും.
വര്‍ഷങ്ങള്‍ക്കു മുമ്പൊരു ഡിസംബറില്‍ ഒരു സ്കൂളിന്റെ മുറ്റത്തേക്കു കടന്നുചെന്ന പതിനാലുകാരന്റേത്‌ ആ നില്‍പായിരുന്നു.
അവനെക്കുറിച്ചു പറയുമ്പോള്‍ ഡേവിഡ്‌ ഗ്രോസ്‌മാന്‍ ഓര്‍മിക്കുന്നത്‌ മറ്റൊരു നിലപാടാണ്‌. വീഡിയോ ആര്‍ക്കേഡ്‌ കളികളില്‍ ഏര്‍പ്പെട്ടവരുടെ പടുതി. രണ്ടു കര്‍മങ്ങള്‍ സംവദിക്കയാണ്‌. പാദങ്ങള്‍ വേണ്ടത്ര അകറ്റിവെച്ച്‌ അവന്‍ നിന്നു. ആ സ്ഥാനത്തുനിന്ന്‌ ഒരിക്കലും അവന്‌ കാലുകള്‍ മാറ്റേണ്ടി വന്നില്ല. മുഖത്ത്‌ ശൂന്യമായ നോട്ടം. വീഡിയോലീലകളില്‍ മുഴുകിയ ഒരാളുടെ ഒഴുകുന്ന നോട്ടം. രണ്ടു കൈകള്‍കൊണ്ടും തോക്കുപിടിച്ച സമതുലിതാവസ്ഥയിലാണവന്‍. തിരയൊഴിയ്ക്കാന്‍ ഇടത്തോട്ടോ വലത്തോട്ടോ വല്ലാതെ നീങ്ങേണ്ടതില്ല. വീഡിയോ സ്ക്രീനിന്റെ ചതുരം. ഒരു സ്കൂളില്‍ കേന്ദ്രീകരിക്കുന്ന ശ്രദ്ധാചതുരം. വെടിയേറ്റു വീഴുന്നത്‌ സ്ക്രീനില്‍ 'പോപ്പ്‌ അപ്പ്‌' ചെയ്യുന്ന ശത്രുരൂപങ്ങളോ സ്കൂള്‍കുട്ടികളോ? അവന്റെ കൈയില്‍ ശരിക്കുമൊരു തോക്കുണ്ട്‌. എങ്കിലും അതൊരു വീഡിയോക്കളിയാണ്‌.

എട്ടുതവണ മാത്രം തിരയൊഴിച്ച്‌ എട്ടുപേരെ വീഴ്ത്തിയ ആ പതിനാലുകാരന്‌ വീഡിയോ കളികളില്‍ വല്ലാത്ത ഭ്രമമായിരുന്നു.
തോക്ക്‌ പ്രയോഗിക്കുന്നതില്‍ ഒരുതരം പരിശീലനവും നേടിയില്ലാത്തൊരു വെറും ഒരു ചെറുക്കന്‍. അവന്റെ പേര്‌ ഗിനസിന്റെ പുസ്‌തകത്തില്‍ കയറിയോ എന്നെനിക്കറിയില്ല. പക്ഷേ, ഉന്നം നോക്കലിലും മരണം വിക്ഷേപിക്കലിലും അവന്‍ പ്രദര്‍ശിപ്പിച്ച പാടവത്തിനു തുല്യമായി ഒന്നും യുദ്ധങ്ങളുമായോ കുറ്റകൃത്യങ്ങളുമായോ നീതിന്യായ പരിപാലനവുമായോ ബന്‌ധപ്പെട്ട ഒരൊറ്റ രേഖയിലും കാണാനില്ലെന്ന്‌ ഗ്രോസ്‌മാന്‍ പറയുന്നു. ആയുധപ്രയോഗത്തില്‍ അസാധാരണ പരിചയമുള്ളൊരു സൈനിക മേധാവിയാണ്‌ ഗ്രോസ്‌മാന്‍. പുറമേ സൈനികചരിത്രവും സൈനികശാസ്‌ത്രവും പഠിപ്പിക്കുന്നൊരു പ്രഹ്മെസര്‍. അദ്ദേഹത്തെ അന്‌ധാളിപ്പിച്ച ആ കൗമാരസിദ്ധിയുടെ ഉറവിടം വീഡിയോ യുദ്ധങ്ങളുടെ പ്രത്യേക തന്ത്രങ്ങളും നൈതികശാസ്‌ത്രവുമാകാനേ വഴിയുള്ളൂ.

ഒരു നിര്‍ണായക ഘടകമുണ്ട്‌.
പോയ്ന്റ്‌ ബ്ലാന്‍കിന്റെ പ്രസക്‌തി.
കൈ പാതി നീട്ടിയാല്‍ തൊടാവുന്നൊരു സ്ക്രീനില്‍ പെട്ടെന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രൂപങ്ങളെ ആക്രമിക്കുന്നതിനു സമാന്തരമായൊന്ന്‌ യഥാര്‍ഥ ലോക യുദ്ധങ്ങളില്‍ തീര്‍ത്തും അസാധ്യമല്ലെങ്കിലും സാധാരണമല്ല. രണ്ടാം ലോക യുദ്ധത്തിന്റെ പ്രാമാണികമായൊരു വിശകലനമനുസരിച്ച്‌ ഒരു കാലാള്‍പ്പട എതിര്‍സൈന്യത്തിലെ ഒരാളെ നേരിട്ടു വെടിവെച്ചു കൊന്നതിന്റെ നിരക്ക്‌ വളരെ താണതാണ്‌. പതിനഞ്ചു ശതമാനംതൊട്ട്‌ ഇരുപതു ശതമാനം വരെ മാത്രം. എതിരാളികളായ രണ്ടു സൈനികര്‍ക്കിടയിലെ അകലം ഒരു മുഖത്തിനും വീഡിയോ സ്ക്രീനിനും ഇടയിലുള്ള അകലമായി ചുരുങ്ങുമ്പോള്‍ സംഭവിക്കുന്നത്‌ ഒരു ജന്തുനാടകമാണ്‌. യുദ്ധബദ്ധമായ പേടിയും സമ്മര്‍ദവും രൂക്ഷമാകുന്ന ആ നിമിഷങ്ങളില്‍ അവരുടെ മസ്‌തിഷ്കത്തില്‍ ഹോര്‍മോണുകളുടെ ഒരു വെള്ളപ്പൊക്കംതന്നെയുണ്ടാകുന്നു. ചിന്താശക്‌തി സ്‌തംഭിക്കുന്നു. പിന്നെത്തെ രംഗബോധം ജന്തുവാസനയിലാണ്‌. അതാകട്ടെ ജന്തുവിനും ജന്തുവിനും ഇടയില്‍ അല്‍പം ഇടം വിടുന്നു. സ്‌തന്യപാരമ്പര്യം വഴി നമ്മില്‍ അടിഞ്ഞുകയറിയ ഈ ഉദാര ജന്തുവാസന പറയുന്നു, ആ അകലം താണ്ടരുത്‌. അതു താണ്ടാന്‍ മനുഷ്യനേ കഴിയൂ. സാധാരണ നിലക്കല്ല, യുക്‌തിവിചാരത്തിലൂടെയുമല്ല, മറിച്ച്‌ പ്രായോഗികമായ പരിശീലനക്രമങ്ങളിലൂടെ.

യഥാര്‍ഥമായ ചോരയും പോയ്ന്റ്‌ ബ്ലാന്‍കിലെ ജന്മവാസനാ വിലക്കുകളുമില്ലാത്ത വീഡിയോ ഗെയ്‌മുകളല്ലാതെ ആ പരിശീലനം നമുക്ക്‌ ആരാണ്‌ നല്‍കുക?
കുട്ടികളുടെ കൈകളുടെയും കണ്ണുകളുടെയും മുഴുവന്‍ സിരാഘടനയുടെയും പ്രതികരണശേഷി വര്‍ധിപ്പിക്കാന്‍ വീഡിയോ വിനോദങ്ങള്‍ക്കുള്ള കഴിവ്‌ തെളിയിക്കുന്ന ഗവേഷണങ്ങള്‍ ഓരോരോ സ്ഥലത്ത്‌ നടന്നുകൊണ്ടിരിക്കുമ്പോള്‍, ഗ്രോസ്‌മാന്‍ ചോദ്യങ്ങള്‍ ഇരക്കുന്നു. പക്ഷേ, ഏറ്റവും മാനുഷികമായ (അതായത്‌ നിഷ്കരുണമായ) യുദ്ധമുറകളില്‍പ്പോലും ജന്തുനീതിയുടെ ഒരു അബോധസ്‌പര്‍ശമുണ്ട്‌. വീഡിയോ വിനോദങ്ങളാകട്ടെ തികച്ചും മാനുഷികമാണ്‌.

അലറുന്ന ദ്വീപുകളുടെ ശ്രദ്ധക്ക്

ആളുകളെ ബന്‌ധിപ്പിക്കല്‍ (കണക്റ്റിങ്‌ പീപ്പിള്‍) എന്നത്‌ അതിവിനിമയത്തെ അനിവാര്യതയില്‍ എത്തിച്ചൊരു ഉപകരണത്തിനു ചേര്‍ന്ന വാണിജ്യ മന്ത്രമാകാം. പക്ഷേ, സെല്‍ഹ്മോണ്‍ പ്രയോഗത്തില്‍ ഏര്‍പ്പെട്ടൊരാള്‍ ഒരര്‍ഥത്തില്‍ തന്റെതന്നെ ആസന്നപരിസരത്തില്‍ ഒരു ദ്വീപുപോലെ ഒറ്റപ്പെടുന്നു. ചുറ്റുവട്ടത്തില്‍നിന്നുമകന്ന്‌ ഒരിടത്തേക്ക്‌ മാറി നില്‍ക്കുന്നത്‌ ഒരേ സമയത്ത്‌ സ്വകാര്യതയും ഒരു സാങ്കേതികാവശ്യമാകുന്നേടത്ത്‌ ചില വിചിത്ര മാനസിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഇതത്രയും എന്തോ ആകട്ടെ.
പക്ഷേ, അയാള്‍ അലറുന്നതെന്തിന്‌?
ഒരു സാധാരണ സംഭാഷണത്തിന്‌ വേണ്ടതിലധികം ഒച്ച ഉയര്‍ത്താനുള്ള ഈ വാസന ശാസ്‌ത്രീയ കൗതുകം ഉണര്‍ത്തുന്നു. രണ്ടു ഘടകങ്ങളെങ്കിലും തെളിഞ്ഞു കാണാം. ഒന്നാമത്തേത്‌ ഓട്ടോമാറ്റിക്‌ ഗെയ്ന്‍ കണ്‍ട്രോള്‍ അഥവാ എജിസി.

എന്താണ്‌ ഈ എജിസി?
ഇലക്‌ട്രോണിക്‌സ്‌ ആധാരമായ പലതരം സ്വീകാരികള്‍ (ടെലിവിഷന്‍, മൊബൈല്‍ ഹ്മോണ്‍, റേഡിയോ, മറ്റും മറ്റും) അതാവശ്യപ്പെടുന്നു. അതില്‍പ്പറയുന്ന നേട്ടം (ഗെയ്ന്‍) വിസ്‌താരം (ആംപ്ലിഹ്മിക്കേഷന്‍). സ്വീകാരികള്‍ക്ക്‌ കിട്ടുന്ന സംജ്ഞ്ഞകളുടെ ശക്‌തി വ്യത്യസ്‌തമാണ്‌. നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ട ചാനല്‍ പ്രക്ഷേപണം ചെയ്യുന്നവരുടെ ആന്റിന ഒരു ലക്ഷം വാറ്റ്‌സോളം ശക്‌തി ഉല്‍പാദിപ്പിക്കുന്നുവെന്നു സങ്കല്‍പിക്കുക. ഇത്‌ പക്ഷേ എല്ലാവരെയും എല്ലാ ദിശകളെയും ഉദ്ദേശിച്ചുള്ളതാണ്‌. പ്രക്ഷേപണ കേന്ദ്രത്തിന്റെ അയല്‍പക്കത്തുള്ളൊരു വീട്ടിലെ ആന്റിനക്ക്‌ ഇതിലെ വിഹിതം എട്ടാം ദശാംശസ്ഥാനത്ത്‌ തിരക്കിയാല്‍ മതി. വീട്‌ ഏതാണ്ട്‌ 80 കിലോ മീറ്റര്‍ അകലെയായാല്‍ അത്‌ 10,000 മടങ്ങ്‌ ചുരുങ്ങും. അപ്പോള്‍ വിസ്‌താരം 10,000 മടങ്ങ്‌ കൂട്ടേണ്ടിവരും. എജിസി വഴിക്ക്‌ ടെലിവിഷന്‍ ആ പണി ഏറ്റെടുത്തുകൊള്ളും.

ഇതും സെല്‍ഹ്മോണുമായുള്ള ബന്‌ധം?
നിങ്ങള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന ഭാഗത്തുനിന്നുള്ള സംജ്ഞ്ഞകളെ നിയന്ത്രിച്ചുകൊണ്ട്‌ സെല്‍ഹ്മോണിലും പ്രവര്‍ത്തിക്കുന്നുണ്ട്‌ ഓട്ടോമാറ്റിക്‌ ഗെയ്ന്‍ കണ്‍ട്രോള്‍. സാധാരണ സംഭാഷണത്തിനു വേണ്ട ഒച്ചയിലാണ്‌ നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ അതിന്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യേണ്ടതായില്ല. നിങ്ങള്‍ അലറാന്‍ തുടങ്ങിയാല്‍ അത്‌ സംജ്ഞ്ഞകളെ ലഘൂകരിക്കും; മന്ത്രിക്കാന്‍ തുടങ്ങിയാല്‍ സംജ്ഞ്ഞകള്‍ വിസ്‌തരിക്കപ്പെടും. എജിസിയുടെ സാന്നിധ്യത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച്‌ ധാരണ ഇല്ലാത്തവര്‍ക്ക്‌ അലറാന്‍ പ്രേരണയുണ്ടാവും. പ്രത്യേകിച്ചും പിന്‍തല ശബ്‌ദങ്ങള്‍ ശല്യം ചെയ്യുമ്പോള്‍. ശബ്‌ദങ്ങളില്‍ നിന്ന്‌ മാറിനിന്നോ, വായ കൂടുതല്‍ മൗത്ത്‌പീസിനോട്‌ അടുപ്പിച്ചോ ആ ഭാഗം വിരലുകള്‍കൊണ്ട്‌ പൊത്തിയോ പരിഹാരം തേടാം.
പക്ഷേ, നേരത്തേ പറഞ്ഞ രണ്ട്‌ ഘടകങ്ങളില്‍ രണ്ടാമത്തേതാണ്‌ കൂടുതലും ഒരാളെ അലറാന്‍ പ്രേരിപ്പിക്കുന്നത്‌.

സൈഡ്‌ ടോണ്‍.
വളരെ നിശിതമായൊരു സാങ്കേതിക നിര്‍വചനം ഇതിനുണ്ട്‌: "ദ അക്കൗസ്റ്റിക്‌ സിഗ്‌നല്‍ റിസള്‍ട്ടിംഗ്‌ ഹ്മ്രം എ പോര്‍ഷന്‍ ഓവ്‌ ദ ട്രാന്‍സ്‌മിറ്റഡ്‌ സിഗ്‌നല്‍ ബീയിങ്‌ കപ്പ്ല്ഡ്‌ റ്റു ദ റിസീവര്‍ ഓവ്‌ ദ സെയ്ം ഹാന്‍ഡ്‌സെറ്റ്‌." സാധാരണ ഭാഷയില്‍ പറഞ്ഞാല്‍, നാം സെല്‍ഹ്മോണിലൂടെ സംസാരിക്കുമ്പോള്‍, വായോടടുത്തുള്ള ഭാഗത്തുനിന്നുള്ള സംജ്ഞ്ഞകളുടെ ഒരംശം നമ്മുടെ ചെവിയോടടുത്തുള്ള ഭാഗത്തെത്തുന്നു ^ ഹ്മ്രം മൗത്ത്‌പീസ്‌ റ്റു ഇയര്‍പീസ്‌. നമ്മുടെ ഒച്ച പുറത്തേക്കു കടക്കുന്നുണ്ടെന്നതിന്‌ ഒരു സൂചന.

ഇവിടെയാണ്‌ തമാശ.
പഴയ മാതൃകയിലുള്ള ലാന്‍ഡ്‌ ലൈന്‍ ഹ്മോണുകളില്‍ സൈഡ്‌ ടോണ്‍ ഉണ്ട്‌. അതുപയോഗിച്ച്‌ പറയലിന്റെയും കേള്‍ക്കലിന്റെയും വിതാനങ്ങള്‍ ഒരുമിച്ച്‌ കൊണ്ടുപോകാം. പക്ഷേ, മൊബൈല്‍ ഹ്മോണുകള്‍ പുറത്തിറങ്ങിയത്‌ സൈഡ്‌ ടോണ്‍ ഇല്ലാതെ ആകയാല്‍ ഒരു സെല്‍ഹ്മോണ്‍ പ്രഭാഷകന്‌ തന്റെ ഒച്ച എത്ര ഉയര്‍ന്നതെന്ന്‌ പലപ്പോഴും തിട്ടപ്പെടുത്താനാവില്ല. അങ്ങനെ അതിശബ്‌ദത്തിന്‌ പ്രേരണയുണ്ടാകുന്നു.
പക്ഷേ, ഒച്ച ആക്രമണവാസനയുമാണ്‌.

സെല്‍ഹ്മോണ്‍ കമ്പോളത്തില്‍ത്തന്നെ ഇതിനുള്ള ഉദാഹരണം ഒരിക്കല്‍ ഒരു വന്‍കിട തലക്കെട്ടായിരുന്നു. സ്ഥലം ജപ്പാനിലെ ഹോട്ടേല്‍ ഓക്കുറ. സന്ദര്‍ശനത്തിനെത്തിയ ഹ്മിലിപ്പൈന്‍ രാഷ്‌ട്രപതിക്കൊപ്പം സെല്‍ഹ്മോണ്‍ രാക്ഷസന്മാരെന്നറിയപ്പെടുന്ന രണ്ടു സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍. അവര്‍ തമ്മിലുണ്ടായൊരു വഴക്ക്‌ മാധ്യമങ്ങള്‍ 'ഷൗട്ടിങ്‌ മാച്ച്‌' എന്നു വിശേഷിപ്പിച്ച അവസ്ഥയിലെത്തുന്നു. അതിന്റെ ശബ്‌ദം ഒരുതരം ഓട്ടോമാറ്റിക്‌ ഗെയ്ന്‍ കണ്‍ട്രോളിന്റെ വിസ്‌താരവുമില്ലാതെ വര്‍ഷങ്ങളോളം കമ്പോളത്തില്‍ മുഴങ്ങിനിന്നു. ശക്‌തിയുടെ ഒച്ച എന്നൊന്നുണ്ടല്ലോ!

ആണിന്റെ മരണം അടുത്തോ?

ആണ്‍വര്‍ഗം ഒടുങ്ങാറായോ? ലിംഗഭേദ രാഷ്‌ട്രീയത്തില്‍ ഇതിനുത്തരം എന്തെന്ന്‌ എനിക്കറിഞ്ഞുകൂടാ. പക്ഷേ, അടുത്ത കാലത്തെ ലൈംഗിക ജീവശാസ്‌ത്ര ഗവേഷണങ്ങളില്‍ ആണിന്റെ മരണം വളരെ മുഖരമായൊരു ഇതിവൃത്തമാണ്‌. അതൊരു കേവല അര്‍ഥത്തിലും സവിശേഷ അര്‍ഥത്തിലുമായി മാറി മാറി ചര്‍ച്ചകളില്‍ എത്തിപ്പെടുന്നു.

കേവലാര്‍ഥത്തിലെന്ന്‌ പറഞ്ഞാല്‍...
വൈ എന്ന ക്രോമസമിന്റെ പ്രശ്‌നം.
അലന്‍ ട്രൗണ്‍സന്‍ ഒരു കണ്ടെത്തലിനു മുന്നില്‍ പകച്ചുനിന്നുകൊണ്ടാണ്‌ ആണുങ്ങളൊടുങ്ങിയൊരു ലോകത്തില്‍ പെണ്ണുങ്ങളിലൂടെ മാത്രമായി മനുഷ്യവംശം തുടരാനുള്ള സാധ്യത (ഒരു സിംഗിള്‍^സെക്‌സ്‌ സമൂഹത്തിന്റെ സാധ്യത) അവതരിപ്പിച്ചത്‌. അടിസ്ഥാന വസ്‌തുതകളില്‍നിന്ന്‌ തുടങ്ങിയാല്‍, നമ്മുടെ ലൈംഗിക ക്രോമസമുകള്‍ രണ്ടുതരം: എക്‌സ്‌, വൈ. ആണില്‍ രണ്ടും ഓരോന്നു വീതം. പെണ്ണില്‍ രണ്ടും എക്‌സ്‌. എക്‌സിന്റെ ജനിതക സമൃദ്ധി വൈയിനില്ല. ഡി.എന്‍.എയുടെ ചെറിയൊരംശമേ വൈയിലുള്ളൂ. എക്‌സില്‍നിന്ന്‌ ചില ചില കൂട്ടിക്കിഴിക്കലുകളിലൂടെ പരിണമിച്ചുണ്ടായതാണ്‌ വൈ എന്ന സിദ്ധാന്തമനുസരിച്ച്‌ പറഞ്ഞാല്‍, ആണിന്റെ അടയാളം കുറിക്കുന്ന നിര്‍ണായക ജീനുകള്‍ അടങ്ങിയതെങ്കില്‍പ്പോലും അതിലൊരു മാരക ന്യൂനതയുണ്ട്‌. വൈയിലെ വെട്ടിക്കളയലുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. അത്‌ പരിഹരിക്കാനുള്ള കഴിവ്‌ വൈയിനില്ല. ഇതങ്ങനെ പോയാല്‍...

വൈ ക്രോമസം എന്നും തുടരില്ല.
വൈയിന്‌ ഒരു പാരിണാമിക ആയുസ്സുണ്ട്‌.
ഒരിക്കല്‍ ആണ്‌ നാമാവശേഷമാകും.
പക്ഷേ, ആണിന്റെ അന്ത്യം മാനുഷികതയുടെ അന്ത്യമാകണമെന്നില്ല. ലൈംഗിക പുനരുല്‍പാദനത്തിന്റെ രീതി മാറാം. രണ്ട്‌ സ്‌ത്രീകളുടെ ബീജങ്ങള്‍ ഉപയോഗിച്ച്‌, സൂക്ഷ്‌മതലത്തിലുള്ള ചില ക്രിയകളിലൂടെ വംശവര്‍ധനവ്‌ തുടരാനുള്ള സാധ്യതകള്‍ ആധുനിക ജനിതകശാസ്‌ത്രം തള്ളിപ്പറയുന്നില്ല. മാനസിക തലത്തിലുള്ള വിലക്കാവും ഏറ്റവും വലിയ പ്രശ്‌നം. മറ്റൊരു പെണ്ണിന്റെ ജനിതക സ്‌പര്‍ശത്തില്‍നിന്ന്‌ തനിക്കൊരു കുഞ്ഞുണ്ടാവുന്നത്‌ ഏത്‌ പെണ്ണിനും കുറെയൊക്കെ വിലക്ഷണമോ പാപംപോലുമോ ആണെന്ന്‌ തോന്നാം.

നിലനില്‍പ്‌ മാനസിക തയാറെടുപ്പില്‍.
ആര്‍ക്കും ഏതുതരം വിഭാവനങ്ങളും സാധ്യമായൊരു ജനിതക തിരക്കഥയില്‍ പരിണാമത്തിന്റെ സംവിധാനശാഠ്യങ്ങള്‍ എന്താവും? ആണിന്റെ അന്ത്യം പ്രവചിച്ചത്‌ ഒരു ആണാണെങ്കില്‍, കഥാഗതിയില്‍ അവനെ തിരിച്ചുപിടിക്കാന്‍ പറ്റുന്നൊരു പാഠഭേദം നല്‍കുന്നത്‌ ഒരു പെണ്ണാണ്‌. പേര്‌ ജെന്നി ഗ്രേവ്‌സ്‌.
വൈ ഇല്ലാത്ത ആണിന്റെ പുനരുല്‍പാദനശേഷി നശിക്കാമെങ്കിലും, ചിലര്‍ക്കെങ്കിലും ആണിന്റെ അടയാളം കുറിക്കുന്ന പുതിയൊരുതരം, ജീനുകള്‍ അടുത്ത തലമുറയില്‍ എത്തിക്കാന്‍ കഴിയുമെന്ന്‌ അവര്‍ കരുതുന്നു. ഈ പുതിയ ജീനുകള്‍ പുതിയൊരു ജീവിവര്‍ഗം (സ്‌പീഷീസ്‌) തന്നെ സൃഷ്‌ടിക്കാം. പഴയ വൈ ക്രോമസം തിരോഭവിക്കും. പക്ഷേ, പതിനഞ്ച്‌ ദശലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം മാത്രം.

വൈ ക്രോമസമില്ലാത്ത ആണ്‌.
എക്‌സ്‌ എക്‌സ്‌ മാന്‍.
അവനെ തേടുന്ന ആളാണ്‌ ആന്‍ഡ്രൂ സിന്‍ക്ലെയര്‍. ഒരു ലക്ഷത്തി അമ്പതിനായിരം ആണുങ്ങളില്‍ ഒരാള്‍ ആ എക്‌സ്‌ എക്‌സ്‌ പുരുഷനാണ്‌. അവന്‍ ഒരു തിരക്കഥാപാത്രമല്ല; മറിച്ച്‌, ഒരു യഥാര്‍ഥ സ്ഥിതിവിവരത്തില്‍, മറ്റൊരുതരം ആണ്‌. സത്യത്തില്‍ എക്‌സ്‌ എക്‌സായി പിറക്കുന്നവര്‍ക്കിടയില്‍ പത്തുശതമാനം പേരിലെങ്കിലും വൈയിന്റെ ചില സൂക്ഷ്‌മാംശങ്ങള്‍ കാണാം. നിര്‍ണായകതക്ക്‌ അത്രയേ വേണ്ടൂ. അതൊരു പുതിയ ജീവിവര്‍ഗത്തിന്‌ ജന്മം നല്‍കുമെന്ന്‌ ജെന്നി ഗ്രേവ്‌സ്‌ പറയുന്നത്‌ വളരെ സൈദ്ധാന്തികമായ ഒരര്‍ഥത്തിലേ സിന്‍ക്ലെയര്‍ക്ക്‌ സ്വീകരിക്കാനാവൂ. പൂര്‍ണമായും വൈ ക്രോമസം നഷ്‌ടപ്പെട്ട ആണുങ്ങള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ ഏതെങ്കിലും ഒരു വിധത്തില്‍ പരിണമിച്ചേ തീരൂ. ആ പരിണാമിക സമ്മര്‍ദത്തില്‍പ്പെട്ടാലാകട്ടെ പുതിയൊരു ജീവിയല്ലെങ്കിലും പുതിയൊരു വ്യക്‌തിയെങ്കിലുമാകാതെ ആണിന്‌ വേറെ വഴിയില്ല.
മറ്റൊരു തരം ആണിനെക്കുറിച്ചുള്ളൊരു ഹ്മെമിനിസ്റ്റ്‌ മോഹത്തിന്റെ സാക്ഷാല്‍ക്കാരമാവില്ലിത്‌. പക്ഷേ, അങ്ങനെയൊരു വ്യാമോഹത്തിനെങ്കിലും ഇവിടെ പഴുതുണ്ട്‌.

ഒരു ചാരായമട്ടം ഉലയുമ്പോള്‍

ചാരായമട്ടത്തിലെ കുമിള ഒരു വശത്തേക്ക്‌ നീങ്ങുകയാണോ? ആണും പെണ്ണും തമ്മിലുള്ള അനുപാതം പെണ്ണിന്‌ പ്രതികൂലമായി ചായുന്നൊരു പുനരുല്‍പാദന വ്യവസ്ഥയെക്കുറിച്ച്‌, അതിലെവിടെയോ അദൃശ്യമായി തകരുന്ന ഗുരുത്വത്തെക്കുറിച്ച്‌, നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു? പെണ്‍കുഞ്ഞുങ്ങളെ കൊല്ലല്‍ പതിവില്ലാത്ത രാജ്യങ്ങളെപ്പോലും ശല്യപ്പെടുത്തിയേക്കാവുന്നൊരു സംവിധാനം ഇന്ത്യയെ എങ്ങനെ ബാധിക്കാം?

വസന്ത മുത്തുസ്വാമി പറഞ്ഞതോര്‍ക്കുന്നോ?
ഇന്ത്യയിലെ വൈദ്യശാസ്‌ത്ര ഗവേഷണരംഗത്തെ ഈ മുന്‍നിര വിദഗ്‌ധ 2004ല്‍, വേദങ്ങളുടെ കാലം തൊട്ടുള്ള ചില കാര്യങ്ങളില്‍നിന്ന്‌ സമകാലിക ജനസംഖ്യാവസ്ഥയിലേക്ക്‌ കടന്നു പറഞ്ഞു, അനുപാതം തെറ്റിക്കൊണ്ടിരിക്കയാണെന്ന്‌. 1961ലെ നിരക്കനുസരിച്ച്‌ 1000 ആണുങ്ങള്‍ക്ക്‌ 976 പെണ്ണുങ്ങള്‍. 2001ലെ നിരക്കനുസരിച്ച്‌ 1000 ആണുങ്ങള്‍ക്ക്‌ 927 പെണ്ണുങ്ങള്‍. തെരുവിലെ ഒരു സ്‌ത്രീക്ക്‌ പെണ്‍കുഞ്ഞിനെ കൊല്ലേണ്ടി വരുമ്പോള്‍, മറ്റു ചിലര്‍ക്ക്‌ വൈദ്യശാസ്‌ത്രസഹായത്തോടെ പെണ്‍ജനനം തന്നെ ഒഴിവാക്കാം. പി.ജി.ഡി (പ്രി ഇംപ്ലാന്റേഷന്‍ ജെനറ്റിക്‌ ഡയഗനോസിസ്‌) പോലുള്ള സാങ്കേതികവിദ്യകള്‍ മരണം ഇല്ലാതെ പെണ്ണുങ്ങളുടെ ജനസംഖ്യ ചുരുക്കുന്നു.

വേദങ്ങളുടെ കാലത്തുപോലുമുണ്ടായിരുന്നൊരു പഴയ പക്ഷപാതമാണ്‌ ഡോക്‌ടര്‍ വസന്ത ഒരു തുടര്‍ച്ചയില്‍ ഇവിടെ കാണുന്നത്‌. പക്ഷേ, അന്നൊക്കെ സ്‌ത്രീയുടെ സാമൂഹികപദവി പുരുഷന്റേതിനു തുല്യവും, ചില സന്ദര്‍ഭങ്ങളിലെങ്കിലും ഒരല്‍പം ഉയര്‍ന്നതു പോലുമായിരുന്നെന്ന്‌ അവര്‍ ഒരിടത്ത്‌ പറഞ്ഞു. പക്ഷേ, പെണ്‍ജനനം ഒഴിവാക്കല്‍ ഒരു പുതിയ നീക്കമാണ്‌. പൊതുവേ പറഞ്ഞാല്‍, പില്‍ക്കാല അന്നദാതാക്കളും അച്‍ഛനമ്മമാരുടെ മരണാനന്തര ക്രിയകള്‍ക്ക്‌ അവകാശികളുമായി പിറക്കുന്ന ആണ്‍കുട്ടികള്‍ കൂടുതല്‍ കൂടുതലാകുമ്പോള്‍ ജനസംഖ്യാപ്രവണത സ്ഥിതിവിവര കൗതുകം കടന്ന്‌ ഒരു ആപദ്‌സൂചനയാകുന്നു.

ഭൂമിയുടെ ചാരായമട്ടം ഉലയുന്നു.
വരുംവരായ്കകള്‍ അവിചാരിതമാവില്ല.
ചൈനക്കാരിയായ ഡോക്‌ടര്‍ സൂ വൈ സിങ്ങും ഇംഗ്ലണ്ടുകാരിയായ തെരേസ ഹെസ്കത്തുമാണ്‌ അടുത്ത കാലത്ത്‌ അവിവാഹിത പുരുഷന്മാരുടെ തട്ട്‌ ഭയാനകമായി താഴാന്‍ തുടങ്ങുന്നൊരു ലോകത്തിന്റെ ഭാവി വായിക്കാന്‍ ശ്രമിച്ചത്‌. ജന്തുസ്വഭാവശാസ്‌ത്രം അവരുടെ ഭാഗത്താണ്‌. പെണ്ണുങ്ങള്‍ വിരളമാകുന്നൊരു ലോകത്തില്‍, യഥാകാലം സ്വന്തമായൊരു കുടുംബജീവിതം തുടങ്ങുന്നതിനുള്ള ഭൗതിക സാധ്യതകള്‍ ഇല്ലാതെയും ലൈംഗികോര്‍ജത്തിന്‌ പ്രകാശനം ലഭിക്കാതെയും തുടരേണ്ടി വരുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍ക്ക്‌ കുതിക്കാന്‍ പാകമായ സ്കീയിങ്‌ ചരിവുകളാണ്‌ സമൂഹവിരുദ്ധ പ്രവര്‍ത്തനവും ആക്രമണവാസനയും.

ചുവട്ടില്‍ ഭൂഗുരുത്വം ഇരമ്പുന്നു
ആക്രമണവാസന ഏതാണ്ട്‌ തികച്ചും ആണിന്റെ കുത്തകയാണെന്ന വസ്‌തുതയും, അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക്‌ മറ്റാരെക്കാളുമധികം കൂട്ടം ചേര്‍ന്ന്‌ ഒരു കൂട്ടത്തിന്റെ ആവിഷ്കാരം തേടാനുള്ള ശാഠ്യം അധികമാണെന്ന വസ്‌തുതയും ഒപ്പം പരിഗണിക്കുക. പള്ളിയും തീവണ്ടിയും കത്തിക്കലും കൂട്ടബലാല്‍സംഗങ്ങളും തൊട്ട്‌ ആഗോളാടിസ്ഥാനത്തിലുള്ള ഭീകരതാപ്രവര്‍ത്തനങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്നൊരു അവസര ലോകം അവരെ ജാഗരൂകമായി കാത്തിരിക്കയാണെന്ന വര്‍ത്തമാന പശ്ചാത്തലവും പരിഗണിക്കുക. ഇന്നത്തെ അവസ്ഥയില്‍ ഇതൊരു 'സൈ^ഹ്മി' പ്രമേയം മാത്രമാവില്ല. ഒരു കിടപ്പറയുടെ സ്വകാര്യതയിലിരുന്ന്‌ നമുക്ക്‌ ആണ്‍കുഞ്ഞ്‌ മതിയെന്ന്‌ തീരുമാനിക്കുന്നൊരു ആണിന്റെയും പെണ്ണിന്റെയും ദീര്‍ഘദൃഷ്‌ടി ഇവിടെ എത്തില്ല.
ജനസംഖ്യാപരമായിപ്പോലും തുല്യത നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നൊരു സ്‌ത്രീവര്‍ഗമെന്ന സങ്കല്‍പം നമ്മെ അലട്ടാന്‍ തുടങ്ങുന്നതേയുള്ളൂ.

ഇവിടെ മറ്റൊരു തിരിച്ചിലുണ്ട്‌.
ഒരു വിപര്യയത്തില്‍, ആണ്‍കുഞ്ഞു മതിയെന്ന തീരുമാനം ആണിനെ ബലികളിലെ കാളയും കൊറ്റനാടും പൂവന്‍കോഴിയുമാക്കുന്നു. ഭാവിയിലെ അന്നദാതാവാണെന്ന ആനുകൂല്യമാണ്‌ തന്റേതെന്ന വസ്‌തുത അവനെ ഒരു വസ്‌തുവാക്കുന്നു. പലപ്പോഴും തിരക്കിനിടയില്‍ നാം മറന്നുപോകുന്നൊരു വിശദാംശം. ഇനി അവന്റെ പിറവിയുടെ രണ്ടാം കാരണം. വേദങ്ങളുടെ കാലത്ത്‌ ആചാരാനുഷ്ഠാനങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന നിര്‍ദിഷ്‌ടതയും പ്രാധാന്യവും ഇപ്പോള്‍ ഇല്ലെങ്കിലും, മരണാനന്തരച്ചടങ്ങുകള്‍ ഇപ്പോഴും എവിടെയുമുണ്ട്‌. പലേടങ്ങളിലും അത്‌ ആണിന്റെ അവകാശമായി തുടരുകയും ചെയ്യുന്നു. ഇന്ത്യയും ചൈനയും മാത്രം കണക്കിലെടുത്താല്‍പ്പോലും ആണ്‍കുഞ്ഞുങ്ങളോടുള്ള പക്ഷപാതം കാരണം ഇല്ലാതെയായത്‌ എണ്‍പത്‌ ദശലക്ഷം ഈ പെണ്ണുങ്ങളാണെന്ന്‌ സ്ഥിതിവിവരം. ആകയാല്‍ പെണ്ണുങ്ങളെ ഉദ്ദേശിച്ചുള്ള മരണാനന്തരച്ചടങ്ങുകള്‍ അവര്‍ക്ക്‌ പകരം ഉണ്ടായ ആണുങ്ങളുടെ പ്രത്യേക അവകാശമാകുന്നു!
(കുറിപ്പ്‌: ഉപരിതലങ്ങളുടെ നിരപ്പ്‌ തിട്ടപ്പെടുത്താന്‍ പഴയ കെട്ടുകാര്‍ എപ്പോഴും കൂടെക്കരുതാറുണ്ടായിരുന്ന സ്‌പിരിറ്റ്‌ ലെവല്‍ എന്ന ഉപകരണമാണ്‌ ഈ ലേഖനത്തില്‍ കടന്നുകൂടിയ ചാരായമട്ടം. എന്റെ മറ്റേതെങ്കിലും രചനയില്‍ അതുണ്ടെങ്കില്‍ ആവര്‍ത്തനം ക്ഷമിക്കുക. ബാല്യകാലസ്‌മൃതികളില്‍നിന്ന്‌ എന്റെ മനസ്സില്‍ എപ്പോഴും തുടരുന്നൊരു അപാര ബിംബമാണത്‌. അസമതയുള്ള ഏത്‌ സന്ദര്‍ഭത്തിലും എന്റെ മനസ്സിലൂടെ ആദ്യംപായുന്നത്‌ ആ ചാരായമട്ടത്തിലെ കുമിളയാവും.

മൂന്നുവര: ഇടവേള?
യാത്രാ വിവരണത്തില്‍ കലാശിക്കാന്‍ ഇടയില്ലാത്തൊരു യാത്ര പറച്ചിലാണിത്‌. ഞാന്‍ ഒരിടത്തേക്ക്‌ തിരിക്കുന്നു. ജര്‍മനിയിലെ ലൈപ്‌ സിഗ്ഗിലേക്ക്‌.

ലോകകപ്പ്‌ നടക്കുന്ന കാലത്ത്‌ രണ്ട്‌ ലൈപ്‌സിഗ്ഗുകാര്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എഴുത്തുകാരിയായ ആന്‍ഗല ക്രോസ്‌, കാല്‍പ്പന്തുകളിക്കാരനായ ബല്ലാക്ക്‌. ചെന്നൈയില്‍, ഗെറ്റെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുറ്റത്ത്‌ സിനിമാ പ്രദര്‍ശന വലുപ്പത്തിലാണ്‌ ഒരു കളി ഞാന്‍ കണ്ടത്‌. ഒപ്പം ആന്‍ഗല ഉണ്ടായിരുന്നു. ലോകകപ്പില്‍ ജര്‍മനി ജയിക്കണമെന്ന്‌ ഞാന്‍ പറഞ്ഞത്‌ ഒരു പത്രത്തില്‍ വന്നപ്പോഴുണ്ടായ വിമര്‍ശത്തെക്കുറിച്ച്‌ ഞാന്‍ സംസാരിച്ചു. കാല്‍പ്പന്തുകളിയെക്കുറിച്ചുള്ള അജ്ഞതക്കപ്പുറത്ത്‌ മറ്റൊരു ഘടകം ആ വിമര്‍ശത്തിനു പിന്നിലുണ്ട്‌. പഴയ കമ്യൂണിസ്റ്റ്‌ രാജ്യമായ കിഴക്കന്‍ ജര്‍മനി കൂടിയുള്ളതാണ്‌ ഇപ്പോഴത്തെ ജര്‍മനിയുടെ ടീമെന്നും അതിനെ നയിച്ച ബല്ലാക്ക്‌ കിഴക്കന്‍ ജര്‍മനിയുടെ പയ്യനാണെന്നുമുള്ള സാമാന്യബോധത്തിന്റെ അഭാവം. ബല്ലാക്കിന്റെ ജീവചരിത്രവുമായി ഞാന്‍ പരിചയപ്പെട്ടിരുന്നു. ആന്‍ഗലപറഞ്ഞു: "എന്റെ അമ്മ ജനിച്ചുവളര്‍ന്ന അതേ തെരുവില്‍നിന്നാണ്‌ ബല്ലാക്ക്‌ വരുന്നത്‌".

രണ്ട്‌ ലൈപ്‌സിഗ്ഗുകാര്‍ എന്റെ ചങ്ങാതികളായി.പക്ഷേ, ജര്‍മനിയെ ജയിപ്പിക്കാന്‍ ബല്ലാക്കിനു കഴിഞ്ഞില്ല. തന്റെ സന്ദര്‍ശന ദൗത്യത്തിന്റെ ഭാഗമായി ആന്‍ഗല ചെന്നൈയെപ്പറ്റി എഴുതിയ കുറിപ്പുകള്‍ എനിക്ക്‌ വളരെ മോശമായി തോന്നി.

ബല്ലാക്ക്‌ എന്നെ നിരാശപ്പെടുത്തി.
ആന്‍ഗല എന്നെ നിരാശപ്പെടുത്തി.
പക്ഷേ, ഞാന്‍ അവരുടെ നഗരത്തിലേക്ക്‌ പോകുന്നു.
യാത്ര കഴിഞ്ഞു തിരിച്ചെത്തിയാല്‍ ഞാന്‍ വീണ്ടും 'മൂന്നുവര' എഴുതിയേക്കാം.
ഇടവേള ക്ഷമിക്കുക.