Thursday, October 26, 2006

ചുവന്ന മുളകിന്റെ എരിവളക്കാന്‍

എരിവിന്റെ നാളത്തില്‍ ചുവക്കുന്ന മുളക് ഒരേ സമയത്തൊരു പ്രണയത്തിന്റെ തീക്ഷ്ണതയും വളരെ തീക്ഷ്ണമായൊരു ദൈഹിക വികാരവും ആവുന്നേടത്താണ് 'വുമണ്‍ ഓണ്‍ റ്റോപ്പ്' എന്ന ചലച്ചിത്രം അതിന്റെതന്നെ സാധാരണതയില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്നത്. ചുണ്ടുകളും ഒരു ചുവന്ന മുളകും അന്യോന്യം മാറിപ്പോകുന്നൊരു ചുംബന പരമ്പരയുടെ അപ്പുറത്താണത്. മുഖ്യ കഥാപാത്രത്തിന്റെ പാചക വൈദഗ്ധ്യം വെളിപ്പെടുന്ന സ്റ്റഡി ക്ലാസുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ഇതിവൃത്തത്തിന്റെ ചേരുവകള്‍ ഒന്നിക്കുന്നു.

പുറത്ത് മുളകിന്റെ എരുവ്, സ്വാദ്.
അകത്ത് രണ്ട് തീയുകള്‍.
രതിയും വിശപ്പും.

ഇസബെല്ല ഒരു മുളകെടുത്ത് മണത്തും രുചിച്ചും അതിനെ അറിയേണ്ടതെങ്ങനെയെന്ന് വിവരിക്കുന്നേടത്ത് ശാസ്ത്രജ്ഞര്‍ക്ക് കയറിവരാം. പ്രത്യേകിച്ചും അന്ന ബര്‍ജര്‍, ലിന്‍ഡ ബാര്‍ടോഷക്ക് എന്നിവര്‍ക്ക്. രണ്ട് പെണ്ണുങ്ങളുടെ മധുരപലഹാര നിര്‍മാണമെന്ന് പരിഹസിക്കപ്പെട്ടൊരു ചികില്‍സാവിധിയില്‍, മുളകിലെ എരിവിന്റെ ദ്രവ്യമായ കാപ്സേസിന്‍ അടങ്ങിയ ടോഫികള്‍ കൊടുത്ത് അര്‍ബുദരോഗികളുടെ വേദനയകറ്റിയ വിദഗ്ധകളാണവര്‍. അവരുടെ പ്രയോഗം അര്‍ബുദചികില്‍സയിലെ വളരെ ഋജുവായൊരു മുറയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചെത്തുക, കരിക്കുക.

ഒരു കൂട്ടം വിദഗ്ധര്‍ അര്‍ബുദം ആവുന്നേടത്തോളം ചെത്തിക്കളയുന്നു. മറ്റൊരു കൂട്ടം വിദഗ്ധര്‍ ഔഷധക്രിയയോ പ്രസരമോ രണ്ടുമോ ഉപയോഗിച്ച് ആ ഭാഗം കരിച്ചു കളയുന്നു. ഔഷധക്രിയ (കെമോതെറാപി) ഉടലിലെമ്പാടും അതിവേഗമുണ്ടാകുന്ന കോശങ്ങളുടെ വളര്‍ച്ച തടയാമെന്നതുകൊണ്ട് രോഗികളില്‍ പലരും (40 ശതമാനം - 70 ശതമാനം) വായ്പുണ്ണ് ബാധിച്ച് ഒന്നും മിണ്ടാനോ തിന്നാനോ വയ്യാത്ത അവസ്ഥയിലെത്തുന്നു. കാപ്സേസിന്‍ ടോഫികളുടെ പ്രയോഗം ഇവിടെയാണ്. എരിവ് നമ്മുടെ വിശപ്പു കൂട്ടുന്നതിന്റെ രഹസ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. തീറ്റയുടെ ഒരു ഘട്ടത്തില്‍ വിശപ്പ് അടങ്ങിയെന്ന് നമുക്കു തോന്നുന്നത് ആമാശയ വലിവ് പിടിച്ചെടുക്കുന്ന ചില സൂക്ഷ്മോപാധികളുടെ സന്ദേശം ഉണ്ടാകുമ്പോഴാണ്. അവയുടെ പ്രവര്‍ത്തനം ക്ഷയിച്ചാല്‍ വയറു നിറഞ്ഞാലും നമുക്ക് തീറ്റ തുടരാന്‍ തോന്നും. കാപ്സേസിന് ഈ പ്രവര്‍ത്തനം ക്ഷയിപ്പിക്കാനാവും. വായ്പുണ്ണിന്റെ വേദന അറിയാനുള്ള ഉപാധികളെയും ക്ഷയിപ്പിക്കാനാവും.

വിസ്കി നാവിലുണ്ടാക്കുന്ന തരിപ്പറിഞ്ഞവര്‍ക്ക് ഇവിടെ പലതരം ഇന്ദ്രിയാനുഭൂതികള്‍ ഓര്‍ക്കാനുണ്ടാവും.

എരിവ്, മദ്യം, കൊഴുപ്പ്.

കാപ്സേസിനും അതേപോലെ മുളകിലെ എരിവാകുന്ന മറ്റ് കെമികദ്രവ്യങ്ങളും അത്ര പെട്ടെന്നൊന്നും വെള്ളത്തില്‍ അലിയില്ല. കൊഴുപ്പില്‍ വിലയിക്കല്‍ അവക്ക് ഒരു സുഖമാണെന്നു തോന്നും. നാവിലെ എരിവ് ശമിപ്പിക്കാന്‍ പാലിനുള്ള ശക്തി ഈ പറഞ്ഞതിലുണ്ട്. എരിവും മദ്യവും തമ്മിലുള്ള ബന്ധത്തിലാകട്ടെ ഒരു വൈരുധ്യാത്മകത കാണാം. പരീക്ഷണശാലകളില്‍ ആവശ്യമായ ചാരായത്തില്‍ കാപ്സേസിന്‍ വേഗം അലിയും. അതനുസരിച്ച് പാലിനെപ്പോലെ എരിവ് ശമിപ്പിക്കാന്‍ ചാരായത്തിന് കഴിയേണ്ടതാണ്. എന്നാല്‍ അല്‍പം മദ്യം കലര്‍ത്തിയ വെള്ളത്തേക്കാള്‍ ഈ കഴിവുള്ളത് വെറും വെള്ളത്തിനാണ്.

അപ്പോള്‍, എരിവ് അളക്കുന്നതെങ്ങനെ?
സ്കോവില്‍ എന്ന യൂനിറ്റുകളിലൂടെ.

സാധാരണ കമ്പോളത്തില്‍ കാണാവുന്ന പല മുളകുസോസുകളും 300 യൂനിറ്റുകളില്‍ തുടങ്ങുന്നു. നേരിട്ട് മുളകിലേക്ക് കടക്കുമ്പോള്‍ ആയിരക്കണക്കില്‍ അതുയരുന്നു. ആസാമില്‍ നമ്മുടെ പട്ടാളത്തിന്റെ അകമ്പടി നേടിയ തേസ്പൂരില്‍ പ്രാകൃതികമായുണ്ടാവുന്ന നാഗ ജോലോക്കിയ എന്ന മുളകാവാം ഒരുപക്ഷേ ഗിന്നസിന്റെ പുസ്തകത്തില്‍ എത്തിയിരിക്കുക. അതിന്റെ എരിവ് 8,55,000 യൂനിറ്റുകള്‍! പട്ടാളത്തെയും മുളകിനെയും കുറിച്ചു പറയുമ്പോള്‍ 'മിര്‍ച് മസാല' ഓര്‍മയിലെത്തുമോ? നികുതി പിരിക്കുന്ന സുബേദാര്‍മാര്‍ അടിച്ചൊതുക്കിയൊരു ഗ്രാമം പൊട്ടിത്തെറിക്കുന്നത് അവിടത്തെ പെണ്ണുങ്ങളുടെ മുളകുപൊടി പ്രയോഗത്തിലൂടെയാവുന്നത് ഓര്‍ക്കാന്‍ ഒരു കാരണം 'കാപ്സിക്കം സ്പ്രേ' എന്ന പേരിലൊരു പൊലീസായുധം ചിലേടങ്ങളില്‍ ഉള്ളതാണ്. നാല് മീറ്റര്‍ വരെയെത്താവുന്ന എരിവുണ്ടാക്കാന്‍ അതാശ്രയിക്കുന്നത് അഞ്ചു ശതമാനം മുളകു ചേര്‍ത്ത പ്രാകൃതിക തൈലങ്ങളെയാണ്. കണ്ണിലെ അതിസൂക്ഷ്മമായ ചോരക്കുഴലുകള്‍ തകര്‍ത്ത് ഒരാളെ അഞ്ചു മിനിറ്റോളം ആന്ധ്യത്തിലാഴ്ത്താന്‍ അതിന് കഴിയും.

സ്കോവില്‍ സ്കെയില്‍ ഉപയോഗിച്ച് ഇതുപോലുള്ള എല്ലാ പ്രയോഗങ്ങളുടെയും അളവുകള്‍ തിട്ടപ്പെടുത്താം. പക്ഷേ, പ്രണയസ്മൃതിയായും വിവാഹത്തിലെ മുറിവായും തന്റെ തൊഴിലായ പാചകവിദ്യയുമായുമെല്ലാം ചുവന്ന മുളകിനെയറിഞ്ഞ ആ ബ്രസീര്‍കാരിക്കുപോലും അറിയാത്തൊരു കാര്യമുണ്ട്. മുളക് നമ്മുടെ നാവില്‍ എരിവാകുന്നതിന്റെ കൃത്യശാസ്ത്രം എന്താണ്?

6 Comments:

Blogger ബെന്യാമിന്‍ said...

മേതില്‍,
മൂന്നു വര പണ്ടേവായിക്കാര്രുണ്ട്. എന്നും മറ്റാര്‍ക്കും കൊണ്ടുത്തരാനാവാത്ത വിശേഷങ്ങളാണല്ലോ താങ്കള്‍ കൊണ്ടുത്തരുന്നത്. ഈ അറിവിന്റെ ഖനി യില്‍ നിന്ന് ഇനിയും പോരട്ടെ വിഷയങ്ങള്‍...

October 26, 2006 11:22 PM  
Blogger ഇടങ്ങള്‍|idangal said...

ബ്ലൊഗില്‍ ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തൊഷം,

താങ്കളുടെ ശൈലിയുടെ ഒരാരാധകാനാണ്,

വിണ്ടും വരാം

October 26, 2006 11:31 PM  
Blogger വേണു venu said...

മേതില്‍,എല്ലാം വായിക്കാറുണ്ടു്.ആശയങ്ങളുടെ മഹാപാച്ചിലില്‍,നോക്കി നിക്കാറുമുണ്ടു്.ഇന്നു് ഈ ചുവന്ന മുളകിന്‍റെ എരിവളക്കാന്‍ എത്തിയപ്പോള്‍ തോന്നി ഒന്നറിയിച്ചേക്കാം. ആശംസകള്‍.

October 26, 2006 11:50 PM  
Blogger parajithan said...

This comment has been removed by a blog administrator.

October 27, 2006 1:36 PM  
Blogger parajithan said...

മേതിലിന്റെ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ അറിയാതെ തന്നെ 'സംഗീതം ഒരു സമയകലയാണ്‌' വീണ്ടും കൈയിലെടുക്കുകയായിരുന്നു. എഴുതുന്നവര്‍ക്കായി മേതിലിന്‌ ഒരുപകാരം ചെയ്യാന്‍ കഴിയും: എഴുതുമ്പോള്‍ 'പേനയില്‍ നിന്ന് (അഥവാ കീ ബോര്‍ഡില്‍ നിന്ന്) മേതിലിനെ കുടഞ്ഞു കളയുന്നതെങ്ങിനെ?' എന്നൊരു ചെറിയ ലേഖനം. എന്തെന്നാല്‍ മേതിലിനെ വായിക്കുന്ന ഏതെഴുത്തുകാരനും ഉണ്ടാകാവുന്ന ഒരു പ്രതിസന്ധിയാണത്‌.

October 27, 2006 1:39 PM  
Blogger സങ്കുചിത മനസ്കന്‍ said...

പ്രിയപ്പെട്ട മേതില്‍,
എങ്ങിനെയൊരു പഴുതാരയെക്കൊല്ലാം വായിച്ച് തരിച്ചിരുന്ന കാലം തൊട്ട് വീണ്ടും കാത്തിരിക്കുകയാണ്.

കഥയും കവിതയുമായി വീണ്ടും വരണമെന്നപേക്ഷിക്കുന്നു...

ബ്ലോഗിലെത്തിയതിന് നന്ദി.

October 28, 2006 9:38 AM  

Post a Comment

Links to this post:

Create a Link

<< Home