Thursday, October 26, 2006

നിങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍

ജെയിംസ് ഹാഡ്ലേ ചേസിന്റെ പഴയൊരു ത്രില്ലറിന്റെ തലക്കെട്ടില്‍ കുറ്റകൃത്യങ്ങളുടെ ലോകത്തെക്കുറിച്ചൊരു തത്ത്വം കാണാം: എവിടെയും എല്ലാറ്റിനും ഒരു വിലയുണ്ട്. There's Always a Price Tag'. ഇന്നത് ലോകത്തിന്റെ മുഴുവന്‍ പ്രമേയ ഗാനമാകാം. ഒരു സൂപ്പര്‍മാര്‍ക്കറ്റിലോ മറ്റോ കാണാവുന്ന ഏത് തരം ഉല്‍പന്നത്തിന്റെയും പിന്നില്‍, അദൃശ്യമായൊരു ചരടിന്റെ അറ്റത്തെ വിലവിവരംപോലൊന്ന് സ്ഥിതി ചെയ്യുന്നു. നമുക്കതിനെ കാര്‍ബണ്‍ കോസ്റ്റ് എന്നു വിളിക്കാം.

ഭൌതിക ശാസ്ത്രജ്ഞനും ബഹിരാകാശ എഞ്ചിനീയറുമായ എറിക് ഡേലറെപ്പോലുള്ളവരുടെ പരിതോവസ്ഥാപരമായ ഇഷ്ടാനിഷ്ടങ്ങളില്‍ അതൊരു ഭാഗമാകുന്നു.
അദ്ദേഹത്തെക്കുറിച്ചൊരു റിപ്പോര്‍ട്ട് അടുത്ത കാലത്ത് എന്റെ ശ്രദ്ധയില്‍ പെട്ടു. അതിങ്ങനെ പറയുന്നു: യാത്രകള്‍ തനിക്ക് വളരെ പ്രിയപ്പെട്ടതെങ്കിലും ഓരോ വിമാനത്തില്‍ കയറുംതോറും തന്റെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ വലുതായി വരുകയാണെന്ന് ഡേലര്‍ പറയുന്നു.

എന്താണീ കാര്‍ബണ്‍ കാല്‍പ്പാടുകള്‍?

ഒരു സാധാരണ ദിവസത്തില്‍ നിങ്ങളുടെ ശരീരവും ചേഷ്ടകളും ചലനങ്ങളും പെരുമാറ്റങ്ങളുമെല്ലാം ചേര്‍ന്ന് ആസന്ന അന്തരീക്ഷത്തിലേക്ക് തൊടുക്കുന്ന അംഗാരാമ്ള വായുവിന്റെ അളവാണത്. നിങ്ങള്‍ ചെയ്യുന്ന എന്തും ഒരു കാര്‍ബണ്‍ വിതരണം ഉളവാക്കുന്നു. ഒരു ജനാലയുടെ കൊളുത്തിടുമ്പോഴും കുപ്പായത്തിന്റെ കുടുക്കഴിക്കുമ്പോഴും ചായയിലെ പഞ്ചസാര ഇളക്കുമ്പോഴുമെല്ലാം അത് സംഭവിക്കുന്നു. സ്ഥലകാലങ്ങളിലൂടെ തുടരുന്ന ഏത് സാധാരണ നിലനില്‍പിന്റെയും അനിവാര്യ അവശിഷ്ടങ്ങള്‍. ചുട്ടു പഴുക്കാന്‍ തുടങ്ങുന്നൊരു ഭൂമിക്ക് മൂന്ന് ദശാംശം അഞ്ചു ശതമാനമെങ്കിലും കാരണം മനുഷ്യരുടെ വിമാനയാത്രകളാണെന്ന് ഒരു ആധികാരിക കേന്ദ്രം തെളിയിച്ചിരിക്കുന്നു.

പരിഹാരം പക്ഷേ നിശ്ചലതയാകരുതല്ലോ?
ശ്വാസംപിടിച്ച് ഭൂമിയെ രക്ഷിക്കാനാകുമോ?

പക്ഷേ, ചില പരിതോവസ്ഥാ മിത്തുകളില്‍ നിന്നുള്ള വിമോചനം അത്യാവശ്യമാണ്. നാട്ടിന്‍പുറങ്ങളില്‍ ചില കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും ഇതൊന്നും തീരെ ബാധകമല്ലെന്നു തോന്നാം. പക്ഷേ, നഗരങ്ങളില്‍ അവയെ എത്തിക്കാന്‍ വേണ്ട വ്യവസ്ഥകളില്‍ (പാക്കിംഗ്, ഗതാഗതം, മറ്റുംമറ്റും) തീര്‍ച്ചയായും അംഗാരച്ചെലവുകളുണ്ട്. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളെ, ഓട്ടിക്കുന്നത് വിദ്യുച്ഛക്തിയാണെങ്കില്‍ പരിസര മലിനീകരണം ഒഴിവാക്കാമെന്നു തോന്നാം. പക്ഷേ, ആഗോളാടിസ്ഥാനത്തില്‍, നമുക്കറിയാവുന്നതിലേക്കും വെച്ച് വലിയ കാര്‍ബണ്‍ വിക്ഷേപണ സ്രോതസ്സുകളിലൊന്ന് വിദ്യുച്ഛക്തിയുല്‍പാദനമാണെന്ന് പലര്‍ക്കും അറിയില്ല. ഉദാഹരണത്തിന് കല്‍ക്കരിപോലുള്ള ഫോസില്‍ഇന്ധനങ്ങള്‍ കത്തിച്ചാണ് അമേരിക്കക്കാര്‍ അവര്‍ക്കു വേണ്ട വിദ്യുച്ഛക്തിയുടെ എഴുപത് ശതമാനവും ഉല്‍പാദിപ്പിക്കുന്നത്.

ചുറ്റും കരിയും പുകയും ഒന്നുമില്ലെങ്കിലും എവിടെയൊക്കെയോ ആരുടെയൊക്കെയോ കാര്‍ബണ്‍ പാദമുദ്രകള്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു. അവ ഭൂമിയുടെ ആയുസ്സ് അളന്നു തീര്‍ക്കുകയാണ്.

7 Comments:

Anonymous Anonymous said...

മാധ്യമം എല്ലായാഴ്ചയും വാങ്ങുന്നുണ്ട്. രണ്ടാവര്‍ത്തിയെങ്കിലും മേതിലിന്‍റെ മൂന്നുവര വായിക്കാറുമുണ്ട്. മൂന്നുവരയിലെ ലേഖനങ്ങള്‍ തന്നെ, ഇവിടെയും ആവര്‍ത്തിക്കുന്നതിനാല്‍ വല്ലപ്പോഴുമേ ഇവിടെ വരാറുള്ളൂ.

ചിന്തിക്കുന്ന മലയാളിയെ പ്രകോപിപ്പിക്കുന്ന, ഇളക്കുന്ന സൃഷ്ടികളും കുറിപ്പുകളുമായി മേതില്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷമെത്രയായി! പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാന്‍ മേതിലിനെ വായിക്കാന്‍ തുടങ്ങുന്നത്.

പിന്നീടെപ്പോഴോ, മേതിലിന്‍റെ പുസ്തകപ്രകാശന ചടങ്ങില്‍ സംബന്ധിക്കാന്‍ അവസരമുണ്ടായി - തൃശ്ശൂരില്‍ കോളെജ് ഓഫ് ഇംഗ്ലീഷില്‍ വെച്ചാണെന്ന് തോന്നുന്നു ചടങ്ങ് നടന്നത്. അവിടെ വെച്ചാണ് മേതിലിനെ ആദ്യമായി കാണുന്നത്. സാറട്ടീച്ചറും പി. സുരേന്ദ്രനുമൊക്കെ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചത് ഓര്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് ചടങ്ങ് നടക്കുന്ന ഹാളില്‍ നിന്നിറങ്ങി, സിഗരറ്റ് പുകച്ചുനിന്ന മേതില്‍ പിന്നെ, ഇവിടെ ചെന്നൈയില്‍ എനിക്ക് കയ്യെത്തും ദൂരത്ത് എത്തിയത് എനിക്ക് അത്ഭുതമായിരുന്നു.

മേതിലിന്‍റെ ചിന്താപദ്ധതിയൊരു അത്ഭുതലോകമാണ്.

മള്‍ബറി ബുക്ക്‌സിന്‍റെ ഷെല്‍‌വിയുടേതായി വന്ന ഓര്‍മ്മപ്പുസ്തകത്തില്‍ മേതില്‍ എഴുതുന്നുണ്ട്. “നീല ഞരമ്പുകളിലൂടെ ഓടുന്ന വലതുപക്ഷ രക്തവും ഇടതുപക്ഷ രക്തവും” (വാക്യഘടന ഇങ്ങനെ തന്നെയാണോ എന്ന് ഉറപ്പില്ല, ഓര്‍മ്മയില്‍ നിന്നെഴുതുന്നു) എന്നാണ് മേതില്‍ സ്വയം പരിചയപ്പെടുത്തുന്നത്.

മേതിലിന്‍റെ ചിന്താലോകത്തിലേക്കുള്ള താക്കോലെന്താണെന്ന് പലരും ചോദിച്ച് കേട്ടിട്ടുണ്ട്. അതെന്താണ്? യുക്തി.......?

October 27, 2006 1:37 PM  
Blogger ദേവന്‍ said...

പെട്ടെന്ന് ചിരിച്ചുകൊണ്ട്‌ താന്യയോടു ഞാന്‍ പറഞ്ഞു " ഇവളെന്റെ വലതുപക്ഷ കുലീന പിന്തിരിപ്പന്‍ നീലച്ചോരയും നീയെന്റെ ഇടതുപക്ഷ ജിപ്സിച്ചോരയുമാണ്‌!"

October 27, 2006 1:54 PM  
Blogger പെരിങ്ങോടന്‍ said...

ബെന്ന്യേ ആനന്ദ് തനിക്കു ശേഷം വരുന്ന തലമുറയ്ക്കു വേണ്ടി എഴുതുമ്പോള്‍ മേതില്‍ തന്റെ തലമുറയ്ക്കു വേണ്ടി എഴുതുന്നു എന്നാണു് എനിക്കു തോന്നുന്നതു്. മലയാളത്തില്‍ എനിക്കേറെ പ്രിയമുള്ള എഴുത്തുകാരാണു് ഇരുവരും.

October 27, 2006 1:59 PM  
Anonymous Anonymous said...

ഹേയ് ദേവേട്ടാ, ഓര്‍മ്മയില്‍ നിന്നാണോ എഴുതിയത്? അതോ പുസ്തകങ്ങള്‍ കണ്ടെയ്‌നറിലാക്കി ഗള്‍ഫിലേക്ക് കൊണ്ടുപോയിട്ടുണ്ടോ? രണ്ടായാലും ഞാന്‍ നമിക്കുന്നു!

October 27, 2006 3:13 PM  
Anonymous Anonymous said...

ഉം.. വീട്ടിലേക്ക് വിളിച്ച് ഞാന്‍ കണ്‍‌ഫേം ചെയ്തു.

മേതിലിന്‍റെ രണ്ട് കൈകള്‍ - അവളും നീയും. ഒന്ന് വലതുപക്ഷ കുലീന പിന്തിരിപ്പന്‍ നീലച്ചോര, മറ്റൊന്ന് ഇടതുപക്ഷ ജിപ്സിച്ചോര!

അങ്ങനെ വായിച്ചെടുക്കാമല്ലോ അത്? അല്ലേ, ദേവേട്ടാ?

October 27, 2006 3:17 PM  
Blogger ദേവന്‍ said...

പൊന്നുബെന്നീ ഇത്രയും ഓര്‍ക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ ഓര്‍മ്മയെക്കുറിച്ച്‌- ഷെല്‍വിയുടെ പുസ്തകത്തെക്കുറിച്ചല്ല, മനുഷ്യന്റെ ഓര്‍മ്മശക്തിയെക്കുറിച്ച്‌ ഒരു "ഹൌ റ്റു -ബുക്ക്‌" എഴുതി ഞാന്‍ കാശുകാരനായേനെ. ഓര്‍മ്മ തീരെക്കുറവായതുകൊണ്ട്‌ അതിനെ ഒരു ബുക്ക്‌ മാര്‍ക്ക്‌ ആയി ഉപയോഗിക്കുകയാണ്‌ ഞാന്‍. ബ്ലോഗിലോട്ടോ വിക്കിയിലോട്ടോ, ബുക്ക്‌ ഷെല്‍ഫിലോട്ടൊ ലൈബ്രറിയിലോട്ടോ പോകാനോ ആരെയെങ്കിലും വിളിച്ച്‌ "ലതെന്ത്വാടേ?" എന്നു ചോദിക്കാനോ എന്നെ പ്രാപ്തനാക്കുന്ന ഒരു ഫേവറൈറ്റെസ്‌ ലിസ്റ്റ്‌. ഒരു ഇന്‍ഡെക്സ്‌ പേജുപോലെ.

കുറച്ചു പുസ്തകം കയ്യിലുണ്ട്‌. കുറച്ചുകൂടെ വേണമെന്നുമുണ്ട്‌. എന്റെ തീപ്പെട്ടിക്കൂടില്‍ ഇനി ഒന്നും വയ്ക്കാന്‍ ഇടമില്ല. ഞാന്‍ വാങ്ങാനാഗ്രഹിച്ച ഒരു പുസ്തകത്തിനു ഇടം ഉണ്ടാക്കാന്‍ വിദ്യ സ്വന്തം പുസ്തകമൊരെണ്ണം ലൈബ്രറിക്കു ദാനം ചെയ്തെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അതില്‍ പിന്നെ കൂടുതലും ഈ-ബുക്ക്‌ ആക്കി.

മേതിലിന്റെ ധിഷണാവ്യാപാരത്തെ അളക്കാന്‍ പോന്ന ആളല്ല ഞാന്‍. എങ്കിലും ബെന്നി പറഞ്ഞതുപോലെതന്നെയാണ്‌ എനിക്കും വായിക്കാനായത്‌. കുലീനതയാര്‍ന്ന, സൌന്ദര്യം തുളുമ്പുന്ന, പണമെറിഞ്ഞു നന്ദിയും സ്നേഹവും വിലക്കു വാങ്ങാന്‍ കഴിയുന്നൊരു മുതലാളിത്തം കുറച്ചെങ്കിലും ഭ്രമിപ്പിക്കുകയും, കമ്യൂണിസത്തിന്റെ ഭീതിദവും, കര്‍ക്കശവും പരുക്കനുമായ സ്നേഹം അതേ സമയം തന്നെ വലിയ മതിപ്പുളവാക്കുകയും ചെയ്യുന്നൊരു മേതിലിനെയാണ്‌ രണ്ടു പെണ്‍കുട്ടികളായി കാണിക്കുന്നതെന്ന് എനിക്കും തോന്നി.

October 27, 2006 4:54 PM  
Blogger vayal said...

റഷ്യയുടെ സഹായത്തോടെ കൂടംകുളത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്ന ഇന്ത്യ മഹാരാജ്യം എന്ത് കൊണ്ടാണ് ,അമേരിക്ക കല്‍ക്കരിയില്‍ നിന്നാണ് 70 % വൈദ്യുതിയുല്പാദനം നടത്തുന്നത് എന്ന് അറിയാതിരിക്കുന്നത്.അറിഞ്ഞിട്ടും ഫലമൊന്നുമില്ലെന്നു അറിഞ്ഞു കൊണ്ട് തന്നെ ചോദിച്ചു പോകുന്നു.താങ്കളുടെ മൂന്നു വര മാത്രമല്ല ,പല ചെറുകഥകളും വായിച്ച ,ഇഷ്ടപ്പെട്ട ആളെന്ന നിലയില്‍ സന്ടെഹിക്കുകയാണ്‌...എന്തെ ശക്തമായ ,ഭാവുകത്വ പരീക്ഷണമാര്‍ന്ന കഥകള്‍ എഴുതാത്തത്....അതല്ലെങ്കില്‍ ഞാന്‍ കാണാതെ പോകുന്നതാണോ....മയ്യഴിയില്‍ വെച്ച് ,പണ്ട് എം.വി.ദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒരു സാഹിത്യ സന്ധ്യയില്‍ ഞാനും ചില ചോദ്യങ്ങള്‍ താങ്കളോട് ചോദിച്ചിരുന്നു.....ചിലരുടെ ചില ചോദ്യങ്ങള്‍ക്ക് താങ്കളുടെ മറുപടി,നോ കമന്റ്സ് ...എന്നായിരുന്നു....

December 24, 2011 12:25 AM  

Post a Comment

Links to this post:

Create a Link

<< Home