Tuesday, October 10, 2006

പുകയുള്ളേടത്തെല്ലാം സന്ദേശങ്ങളുണ്ട്‌

ചുവപ്പിന്ത്യക്കാരുടെ പുകയെഴുത്തിലെന്നതുപോലെ കാട്ടുതീയിന്റെ പുകയിലും ഒരു സന്ദേശമുണ്ട്‌. ആരും അതറിഞ്ഞില്ല, അടുത്ത കാലത്ത്‌ ഡോക്‌ടര്‍ കിങ്ങ്‌സ്‌ലി ഡിക്‌സനും കൂട്ടരും അത്‌ വായിച്ചെടുക്കും വരെ. ഓസ്‌ട്രേലിയയില്‍ വളരെ സാധാരണമായ ബുഷ്‌ ഹ്മയര്‍ (കാടുകളിലും കുറ്റിക്കാടുകളിലും പുല്‍പ്പരപ്പുകളിലുമെല്ലാം വ്യാപരിക്കുന്ന തീ) തട്ടുമ്പോള്‍ ചില ചെടികളുടെ ഉണക്കവിത്തുകള്‍ പൊട്ടുന്നു. തീയുമായി പൊരുത്തപ്പെടാന്‍ സസ്യവര്‍ഗങ്ങള്‍ സ്വീകരിച്ച പലതരം പാരിണാമിക ഉപാധികളില്‍ ഒന്നു മാത്രമാണത്‌.

തീയില്‍നിന്ന്‌ പുകയിലേക്ക്‌.
പുകയെഴുത്തുകള്‍ എന്ത്‌ പറയുന്നു?
അതൊരു കെമികദ്രവ്യത്തെക്കുറിച്ച്‌ പറയുന്നു? ഒരുതരം ബ്യൂട്‌നോലൈഡ്‌. ശാസ്‌ത്രത്തിനുതന്നെ പുതുത്‌. ഒരുതരം കാര്‍ബണ്‍ വലയങ്ങളും മറ്റു ചില പരമാണുക്കളുമായി ഇത്‌ പുറത്തുവരുന്നത്‌ സസ്യലോകത്തിലോ ജന്തുലോകത്തിലോ ആര്‍ക്കും പരിചിതമല്ലാത്ത ചില സംയുക്‌തകങ്ങളില്‍നിന്നാണ്‌. അതിന്റെ സാന്നിധ്യത്തില്‍ വിത്തുകള്‍ കിളിര്‍ക്കുന്നത്‌ 80 ശതമാനം വരെ വേഗത്തിലാവാമെന്ന്‌ ഓസ്‌ട്രേലിയയിലും വടക്കേ അമേരിക്കയിലും നടന്ന പ്രയോഗത്തില്‍നിന്ന്‌ തെളിയുന്നു.

ചെറിയൊരു പുകമറയുണ്ട്‌. എങ്ങനെയാണ്‌ കൃത്യമായും ഈ ദ്രവ്യം വിത്തിന്മേല്‍ പ്രവര്‍ത്തിക്കുന്നത്‌? വിത്തിന്റെ ഏത്‌ അംശങ്ങളാണ്‌ അതുമായി പ്രതിപ്രവര്‍ത്തിക്കുന്നത്‌? ഇത്രയും ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.

ദ്രവ്യം വരുന്നത്‌ പുകയില്‍നിന്ന്‌.
സീഡ്‌ ബാങ്കുകളെ അത്‌ തുണക്കുന്നു.
ചിതറി വീണ്‌ കാലാന്തരത്തില്‍ ശരിക്കും മണ്ണടിയുന്ന വിത്തുകളുടെ ശേഖരമാണ്‌ സീഡ്‌ ബാങ്ക്‌. തീ ചുവട്ടിലെങ്ങും കത്തിപ്പടരുമ്പോള്‍ മണ്ണിന്റെ ഉപരിതലം ചൂടുപിടിച്ചാലും, ആഴത്തില്‍ ഈ വിത്തുകള്‍ നിര്‍ബാധമാണ്‌. പുക ചിറകൊതുക്കി നിലംപറ്റി കിടക്കും. പിന്നെ മഴ പെയ്യും. മഴവെള്ളം പുകയില്‍നിന്ന്‌ ആ ദ്രവ്യം അരിച്ചെടുത്ത്‌ അടിയിലുള്ള വിത്തുകളില്‍ എത്തിക്കും. ചാരത്തില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്‌ ഹ്മീനിക്‌സ്‌ പക്ഷി മാത്രമല്ല. പുകയുള്ളേടത്തെല്ലാം സന്ദേശങ്ങളുണ്ട്‌.

പക്ഷേ, ഈ കണ്ടെത്തലിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം തീയും പുകയുമില്ലാത്തേടത്തും അത്‌ പ്രായോഗികമാവും എന്നതാണ്‌. നഷ്‌ടപ്പെട്ട പച്ചകള്‍ തിരിച്ചുപിടിക്കാനും, പച്ച അസാധ്യമെന്ന്‌ തോന്നിച്ചിരുന്ന ഇടങ്ങളില്‍ വയലുകളും പൂന്തോട്ടങ്ങളും ഉണ്ടാക്കാനും അത്‌ സഹായിക്കും.
ഇതിനേക്കാള്‍ വാഗ്‌ദാനഭരിതമായൊരു പുകയെഴുത്ത്‌ ഒരു പക്ഷേ, ആരും ഇതുവരെ വായിച്ചിട്ടില്ല.

4 Comments:

Blogger ആനക്കൂടന്‍ said...

പ്രീയ മേതില്‍, സ്വാഗതം....താങ്കളെ ഇവിടെ വായിക്കാനാവുന്നതില്‍ ഏറെ സന്തോഷമുണ്ട്. നല്ല എഴുത്തും ചിന്തയുമായി മുന്നണിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ...

October 10, 2006 7:36 PM  
Blogger Malayalee said...

മേതില്‍
ബൂലോഗത്തേയ്ക്കു സ്വാഗതം. എഴുത്തു കണ്ടിട്ട് റിയല്‍ മേതിലാണെന്നു തോന്നുന്നു. (ക്ഷമിക്കുക, ബൂലോഗത്ത് അപരന്മാര്‍ ധാരാളമുണ്ട്). താങ്കളെപ്പോലുള്ളവര്‍ ബൂലോഗത്ത് എഴുതുന്നത് ഈ പുതിയ മാധ്യമത്തിന് ആവേശകരമാണ്.

താങ്കള്‍ പറഞ്ഞ ആസ്ത്രേലിയന്‍ ബുഷിന് തീയില്‍ നിന്ന് രക്ഷപ്പെടലിനോടൊപ്പം മറ്റൊന്നു കൂടി പരിണാമത്തിലൂടെ ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഫലഭൂയിഷ്ഠമല്ലാത്ത ആസ്ത്രേലിയന്‍ കാടുകളില്‍ വെറുതെ വിത്തെറിഞ്ഞിട്ടു മരത്തിനെന്തു കാര്യം. അതിനാല്‍ കാട്ടുതീയോടൊപ്പം മാത്രം ( നാലഞ്ചു വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം ) വിത്തിന്റെ തോടു തുറക്കപ്പെടുകയും, പിതാമഹന്മാര്‍ വെന്തെരിഞ്ഞ ഫലഭൂയിഷ്ഠമായ മണ്ണില്‍ പുതുനാമ്പുകള്‍ തലനീട്ടുകയും ചെയ്യുന്നു.

കുട്ടിക്കാലത്ത് ഏതോ കാട്ടുമരത്തിന്റെ വിത്തുകള്‍ അച്ഛന്‍ കൊണ്ടു വന്ന്‌ തിളച്ച വെള്ളത്തിലിട്ട് മുളപ്പിച്ച് ചെടിയായി പറമ്പില്‍ നട്ടതോര്‍മ്മ വരുന്നു. ആസ്ത്രേലിയയില്‍ മാത്രമല്ല, നമ്മുടെ കാടുകളിലും സമാന്തരമായി ഈ ടെക്നിക്ക് പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു കാണണം.

സോറി, താങ്കള്‍ ഗഹനമായ മറ്റെന്തോ ആണ്‌ ഇതിലൂടെ സൂചിപ്പിക്കുന്നത് എന്നു തോന്നുന്നു. എനിക്കാകട്ടെ പുകമണം കേട്ട് തുയിലുണരുന്ന ഈ വിത്തിനെ പറ്റിയല്ലാതെ മറ്റൊന്നും പറയാനും അറിയില്ല.

October 10, 2006 8:18 PM  
Blogger കുട്ടന്മേനൊന്‍::KM said...

മേതില്‍(ആരാധകനായാലും) സ്വാഗതം.. ഇപ്പോള്‍ വിദേശത്താണല്ലേ..ഏതായാലും എഴുത്ത് നന്നാവുന്നുണ്ട്.

October 10, 2006 8:45 PM  
Blogger റോബി said...

ഇതിനേക്കാള്‍ വാഗ്‌ദാനഭരിതമായൊരു പുകയെഴുത്ത്‌ ഒരു പക്ഷേ, ആരും ഇതുവരെ വായിച്ചിട്ടില്ല.

സത്യം...

ഇതിനേക്കാള്‍ വാഗ്‌ദാനഭരിതമായൊരു blog ഒരു പക്ഷേ, ആരും ഇതുവരെ വായിച്ചിട്ടില്ല.

October 13, 2006 10:33 PM  

Post a Comment

Links to this post:

Create a Link

<< Home