Tuesday, October 10, 2006

യേശു: ഒരു ഇക്കോണമി ക്ലാസ്‌ ദുരന്തം?

യേശു നമ്മുടെ കാലത്തില്‍ അവതരിച്ചിരുന്നെങ്കില്‍... അങ്ങനെയൊരു വിഭാവനത്തില്‍ ഊന്നിക്കൊണ്ട്‌ റിച്ചാര്‍ഡ്‌ ബാഹിന്റെ പുസ്‌തകം, 'ഇല്യൂഷന്‍സ്‌'. യേശു ഒരു പെയിലറ്റ്‌? അസാധ്യതയെ സാധ്യതയാക്കിയ വൈമാനിക സാഹസികത. പക്ഷേ, പഴയ വിമാനങ്ങള്‍ ഇപ്പോഴും പതിവുപോലെ പറക്കുന്നു. അതില്‍ ഇപ്പോഴും ഇക്കോണമി ക്ലാസ്‌. അതിന്റെ ഇടുങ്ങിയ സാധ്യതകളില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവരില്‍ ചെറിയൊരംശത്തെയെങ്കിലും ഒരു പ്രത്യേക ബാധ കാത്തിരിക്കുന്നു. ഒരു പ്രത്യേക മരണം.

ഇക്കോണമി ക്ലാസ്‌ സിന്‍ഡ്‌റം.
സത്യത്തില്‍ ഇതിന്‌ മറ്റൊരു പേര്‌ വൈദ്യശാസ്‌ത്രത്തില്‍ കാണാം. ഡിവിറ്റി (ഡീപ്‌വെയ്ന്‍ ത്രോംബസിസ്‌). കാലില്‍ ചോര കട്ടപിടിക്കല്‍. ഏറെനേരം ഒരേയിടത്ത്‌ അനക്കമില്ലാതിരുന്നാല്‍ സംഭവിക്കാവുന്നത്‌. അങ്ങനെയാണതിന്‌ വൈമാനികമായൊരു പേരു കിട്ടിയത്‌. അതിന്റെ സാധ്യത പക്ഷേ ഇക്കോണമി ക്ലാസിന്റെ അസൗകര്യങ്ങളില്‍ ഒതുങ്ങുന്നില്ല. ഹ്മസ്റ്റ്‌ ക്ലാസ്‌ യാത്രികര്‍ക്കും അതു സംഭവിക്കുന്നു. യാത്രാന്ത്യത്തില്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ മരിച്ചുവീണവരുണ്ട്‌. ബ്രിട്ടന്റെ ഹീത്‌റോ വിമാനത്താവളത്തില്‍ മാസം ഒരാള്‍വീതം ഡിവിറ്റി കാരണം മരിക്കുന്നു.

യേശുവും ദിവ്യാദ്ഭുതംപോലുള്ള വിമാനസഞ്ചാരങ്ങളും തമ്മിലുള്ള ബന്‌ധം ബാഹിന്റെ വിശ്വാസികള്‍ക്ക്‌ യോഗ്യമായ പുസ്‌തകത്തില്‍ ഒതുങ്ങുന്നു. പുതിയൊരു ശാസ്‌ത്രീയപഠനമാകട്ടെ യേശു ക്രിസ്‌തുവിന്റെ മരണത്തില്‍ ഒരു ഇക്കോണമി ക്ലാസ്‌ ദുരന്തം കണ്ടെത്തുന്നു.

യേശു മരിച്ചതെങ്ങനെയായിരുന്നു?

കുരിശില്‍ തറയ്ക്കപ്പെടുന്നതിന്‌ മുമ്പും പിമ്പുമുണ്ടായ മുറിവുകള്‍ വഴിയുള്ള ചോരവാര്‍ച്ചയായിരുന്നു കാരണമെന്നത്‌ നിലവിലുള്ള ധാരണ. പക്ഷേ, ക്രൂശാരോഹണത്തെപ്പറ്റി സമഗ്രമായി പഠിച്ച ഡോക്‌ടര്‍ ബെന്‍ജമിന്‍ ബ്രന്നര്‍ മറിച്ചു കരുതുന്നു. കുരിശിലേറുന്നതിനു മുമ്പ്‌ താനേറ്റ പീഡനങ്ങള്‍, പന്ത്രണ്ടു നിര്‍ജലമായ മണിക്കൂറുകള്‍, വൈകാരിക വേദന, പിന്നെ ആറു മണിക്കൂറുകളോളം കുരിശില്‍ കാലനക്കാനാവാത്ത അവസ്ഥ, ഇതെല്ലാമാണ്‌ യേശുവിന്റെ അന്ത്യം കുറിച്ചത്‌. അതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കൃത്യമായും ചൂണ്ടുന്നത്‌ കാലില്‍ ചോര കട്ടപിടിച്ച്‌ പിന്നീടത്‌ ശ്വാസകോശങ്ങളിലേക്ക്‌ കയറുന്ന അവസ്ഥയാണ്‌. പള്‍മനറി എംബോളിസം. അതു ചൂണ്ടുന്നത്‌ ഇക്കോണമി ക്ലാസ്‌ സിംഡ്‌റമിലേക്കാണ്‌. ശാസ്‌ത്രജ്ഞ്ഞന്‍മാര്‍ പലരും ശക്‌തിയായി വിയോജിക്കുന്നു. പക്ഷേ, ബ്രന്നറുടെ സിദ്ധാന്തം വരുംകാല ഗവേഷണങ്ങളില്‍ ഒരു വെല്ലുവിളിപോലെ തുടരാം.

4 Comments:

Blogger പെരിങ്ങോടന്‍ said...

ഒരു തരത്തില്‍ സാധാരണക്കാരന്റെ കുരിശുമരണം തന്നെയാണു് ഇക്കോണമി ക്ലാസ് ദുരന്തം. റിച്ചാര്‍ഡ് ബാഹിന്റെ നിരീക്ഷണം അസ്സലായിരിക്കുന്നു.

(മേതിലിന്റെ ബ്ലോഗില്‍ ഇപ്പോള്‍ കമന്റ് മോഡറേഷന്‍ ഇല്ലെന്നു തോന്നുന്നു.)

October 10, 2006 8:09 PM  
Blogger അനംഗാരി said...

മേതില്‍, താങ്കള്‍ കേട്ടിട്ടുണ്ടോ, യേശു ഇന്‍ഡ്യയില്‍ ജീവിച്ചു മരിച്ചു വെന്ന്?.1977 ല്‍ എഴുതിയ പുസ്തകമാണിത്. ക്രിസ്തുവിന്റെ കുരിശാരോഹണത്തെ കുറിച്ചും, പിന്നീട് പേര്‍ഷ്യയിലും, ഇന്‍ഡ്യയിലും ആയി സന്തതി പരമ്പരകളുമായി യേശു ജീവിച്ചിരുന്നുവെന്നും തെളിവുകള്‍ നിരത്തി ഒരു പാട് പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഒരു കാലത്ത് ഇത് വിവാദം സൃഷ്ടിച്ചിരുന്നു. അതിനെ തുടര്‍ന്ന് പലരും ഇന്‍ഡ്യ സന്ദര്‍ശിക്കുകയും, വീണ്ടും ഇതു സംബന്ധിച്ച പുസ്തകങ്ങള്‍ എഴുതി.ഞാനിപ്പോള്‍ അത്തരമൊരെണ്ണം വായിച്ചു കൊണ്ടിരിക്കുന്നു. ഒരു സൂഫി സന്യാസിയെഴുതിയത്.

ഓ:ടോ: ലേഖനങ്ങള്‍ ഒന്നിനെന്ന് നന്ന്.കൂടുതല്‍ പ്രതീക്ഷിക്കുന്നു.

October 10, 2006 11:11 PM  
Blogger മൈനാഗന്‍ said...

മൂന്നുവര - അകങ്ങളില്‍ ഒരു ഉത്സവമാണ്‌. ചിലപ്പോള്‍ നീറുന്ന നിരവധി വരകളും.
മേതിലിനെ ഈ പരിസരത്ത്‌ എത്തിച്ചതില്‍ തനിമലയാളത്തിന്‌ നന്ദി.
ഒരോന്നും മൂന്നുകോടി വരകളാവട്ടെ.

October 11, 2006 9:39 AM  
Blogger ഒരു നുറുങ്ങ് said...

മേതില്‍ സാര്‍,വളരെ വൈകിയാണെങ്കിലും
വിഷയങ്ങള്‍ക്ക് ഭാവിഭൂതങ്ങളില്ല എന്നതിനാല്‍
കമന്‍റുന്നു..നട്ടെല്ലിനു പരിക്കേറ്റ് വെല്ലൂര്‍(CMC)
മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നേരം
ഈ നുറുങ്ങിനേം ബാധിച്ചു “ഡീപ് വെയിന്‍
ത്രോംബസിസ്”..! യാദൃഛികതയുടെ പിന്ബലം
കൊണ്ട് മാത്രം ദറസറന്മാര്‍ കണ്ടെത്തിയതാ..
ചികിത്സാവിധി കേട്ടോളൂ : നാലു മാസം
തുടര്‍ച്ചയായി ശരീരം ആടാതെ,അനങ്ങാതെ
നടക്കാതെ ചലിക്കാതെ/ചലിപ്പിപ്പിക്കാതെ
കിടക്കയില്‍ ചേര്‍ന്നമര്‍ന്ന് കിടക്കുക..!
കിടന്നു മാഷേ,സഹിച്ചു...അതൊരു കാത്ത്
കിടപ്പ് തന്നെയായിരുന്നു..ജീവിതം അറിഞ്ഞു..
പഠിച്ചു ധാരാളം..ഇപ്പോഴും തുടരുന്നു അതു..!

March 27, 2010 1:10 PM  

Post a Comment

Links to this post:

Create a Link

<< Home