Tuesday, October 10, 2006

അക്ഷരങ്ങള്‍ മരങ്ങള്‍പോലെ

പഴയ കൗബോയ്ച്ചിത്രങ്ങള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. അവയില്‍ പലതും ബോധപൂര്‍വമല്ലാതെത്തന്നെ ഒരു പരിവര്‍ത്തന ഘട്ടം കുറിക്കുന്നു. ചിരപരിചിതമായ 'അതിര്‍ദിനങ്ങള്‍' (ഫ്രണ്ടിയര്‍ ഡേയ്‌സ്‌) പുതിയ സാങ്കേതിക ശാസ്‌ത്രത്തിന്റെ ഉപാധികളെ തീണ്ടാന്‍ തുടങ്ങുന്നു. ടെലിഗ്രാഫ്‌, അച്ചുകൂടം, റെയില്‍വേ, കടകളിലും സലൂണുകളിലും കാണാവുന്ന സൈന്‍ബോര്‍ഡുകളിലെ അക്ഷരങ്ങളുടെ വടിവില്‍, പ്രത്യേകിച്ചും കിട്ടാപ്പുള്ളികളെ ഉദ്ദേശിച്ചുള്ള 'വാണ്‍ടഡ്‌' എന്ന എഴുത്തില്‍ കൗബോയ്‌ ജൈവദൃശ്യങ്ങളുടെ പ്രതിഫലനം കാണാമെന്ന്‌ ഞാന്‍ എപ്പോഴും സങ്കല്‍പിച്ചിരുന്നു.

ഫോണ്ട്‌സ്‌.
ടൈപ്ഫേയ്‌സസ്‌.
അച്ചടിക്കപ്പെട്ട വാക്കിന്റെ തുടക്കങ്ങളില്‍ ചുറ്റുപാടുകളുണ്ട്‌. അടുത്ത കാലത്തൊരു ഗവേഷകന്‍ പറഞ്ഞു: ഒരു പേനയെടുത്ത്‌ എഴുതാന്‍ തുടങ്ങുമ്പോള്‍, ഏതാനും അമൂര്‍ത്ത ചിഹ്‌നങ്ങള്‍ കുറിക്കുകയല്ല ശരിക്കും നിങ്ങള്‍ ചെയ്യുന്നത്‌. മരങ്ങള്‍ക്കും മലകള്‍ക്കും പൂര്‍വികരെ വലംവെച്ച ചക്രവാളത്തിനും പ്രാതിനിധ്യം നല്‍കുകയാണ്‌ നിങ്ങള്‍. പ്രകൃതിയിലെ ആകൃതികളുമായി പൊരുത്തപ്പെടുംവിധമാണ്‌ ആളുകള്‍ എക്കാലത്തും അവരുടെ ദൃശ്യചിഹ്‌നങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത്‌.

സദൃശമായൊരു കൈയൊപ്പ്‌.
അതെവിടെയും കാണാം.
നൂറില്‍പരം അക്ഷരവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചൊരു ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പറയുന്നു, പ്രകൃതീബദ്ധമായ ചില ആഗോള മാതൃകകള്‍ വാണിജ്യ ചിഹ്‌നങ്ങളടക്കമുള്ള എല്ലാതരം ദൃശ്യസംവിധാനങ്ങളിലും കാണാമെന്ന്‌. പരസ്‌പര ബന്‌ധമില്ലെന്ന്‌ തോന്നിക്കുന്ന രണ്ട്‌ വ്യവസ്ഥകളിലെ അക്ഷരങ്ങള്‍ വലിച്ചുനീട്ടുക, പിടിച്ചമര്‍ത്തുക, അങ്ങനെ പലതരത്തില്‍ പരീക്ഷിച്ചു നോക്കുക. അപ്പോള്‍ കാണാം സമാനതകള്‍: ചില ചേര്‍പ്പുകള്‍, കുത്തനെയും വിലങ്ങനെയുമായ ചില വയ്‌പുകള്‍.
ഒരു പ്രത്യേകത കൂടി.

പിറ്റ്‌മാനെ ആദരിച്ചോര്‍ക്കുക.
എഴുത്തിന്റെ കാഴ്ചക്കുപകരം കേള്‍വിയെ ആശ്രയിച്ചും പെട്ടെന്നെഴുതാന്‍ എളുപ്പമുള്ളൊരു ഏര്‍പ്പാടാണ്‌ ഷോര്‍ട്ട്‌ ഹാന്‍ഡ്‌. അക്ഷരമാലകള്‍ പലതിലും ഊന്നല്‍ മറിച്ചാണ്‌. എഴുതല്‍ അല്‍പം പ്രയാസമുള്ളതായാലും എഴുതപ്പെട്ടത്‌ പെട്ടെന്ന്‌ തിരിച്ചറിയുമാറാകണം. കൗതുകകരമായൊരു സിദ്ധാന്തം, പക്ഷേ, ജീവശാസ്‌ത്രം അതിനെ വിചാരണക്കെടുക്കാം. കാരണം പില്‍ക്കാല സൗകര്യങ്ങളോടെ ഭൂമിയില്‍ ഓരോരിടത്തിരുന്ന്‌ അക്ഷരമാലകള്‍ തയാറാക്കിയവരുടെ വാതില്‍പ്പുറ കാഴ്ചകള്‍ ആയിരുന്നിരിക്കില്ല പരിണാമകാല മനുഷ്യന്റെ ഭൂദൃശ്യം.

ഇര പിടിക്കാനും ഇരപിടിയന്മാരില്‍നിന്ന്‌ രക്ഷപ്പെടാനുമുള്ള നെട്ടോട്ടങ്ങള്‍ മാത്രം മതി ഒരു ജീവിയെ ഭൂമിയുമായി ബന്‌ധപ്പെടുത്തുന്ന ചിഹ്‌നങ്ങളുടെ കാഴ്ചതന്നെ മാറ്റാന്‍.

0 Comments:

Post a Comment

Links to this post:

Create a Link

<< Home