Tuesday, October 10, 2006

ഐന്‍സ്റ്റൈന്‍ ഇ-തപാല്‍ ഉപയോഗിച്ചിരുന്നെങ്കില്‍

പ്രപഞ്ചത്തിലേക്കുംവെച്ച്‌ വേഗമുള്ളതെന്നറിയപ്പെടുന്ന വെളിച്ചത്തില്‍ വ്യാപരിച്ച ഐന്‍സ്റ്റൈന്റെ മനസ്സില്‍ സമയത്തിന്റെ ഏകകങ്ങള്‍ (Units of time) വളരെ ഹ്രസ്വമായിരുന്നെന്ന്‌ സങ്കല്‍പിക്കുക. എങ്കില്‍, നാമൊരു ആഴ്ചപ്പതിപ്പിന്റെ ഏടുകള്‍ മറിക്കുന്നതുപോലെ വന്‍കരകളും വന്‍കാലങ്ങളും മറിച്ചുനോക്കിയ ഡാര്‍വിന്റെ ഏകകങ്ങള്‍ക്ക്‌ ലക്ഷക്കണക്കിനും കോടിക്കണക്കിനും വര്‍ഷങ്ങളുടെ ദൈര്‍ഘ്യം ഉണ്ടായിരുന്നിരിക്കണം. പക്ഷേ, ആശയവിനിമയം സംബന്‌ധിച്ചൊരു സാമാന്യതയില്‍ അവര്‍ ഒരുപോലാകുന്നു.

അവര്‍ ഒരേപോലെ കത്തുകളെഴുതി.
ആയിരക്കണക്കിന്‌ കത്തുകള്‍.
ആശ്ചര്യം ഈ സമാനതയല്ല. അവരുടെ പ്രതികരണ വേഗങ്ങളും രീതികളും നിഷ്കര്‍ഷകളും നമ്മുടെ കാലത്തില്‍ ഇ-മെയില്‍ കൈകാര്യം ചെയ്യുന്നവരുടേതുപോലിരിക്കുന്നു. പോര്‍ച്ചുഗലിലെ ഗവേഷകരായ ഒലിവൈറയും ബറബാസിയും പറയുന്നു: കത്തുകള്‍ക്ക്‌ അവര്‍ തക്കസമയത്തയച്ച മറുപടികള്‍ ബൗദ്ധിക സംവാദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ രണ്ട്‌ പേര്‍ക്കുമുണ്ടായിരുന്ന ഉണര്‍വിനെ ചൂണ്ടുന്നു.

ഐന്‍സ്റ്റൈന്‍ 14,500ല്‍ അധികം കത്തുകളെഴുതി. പക്ഷേ, തനിക്ക്‌ കിട്ടിയ 16,200 കത്തുകളില്‍ ഏകദേശം കാല്‍ഭാഗത്തോടേ അദ്ദേഹം പ്രതികരിച്ചുള്ളൂ. ഡാര്‍വിന്‍ 7,500ല്‍ അധികം കത്തുകളയച്ചു. പക്ഷേ, തനിക്ക്‌ കിട്ടിയ 6,530 കത്തുകളില്‍ മുപ്പത്തിരണ്ട്‌ ശതമാനത്തോടേ അദ്ദേഹം പ്രതികരിച്ചുള്ളൂ. പത്തു ദിവസത്തിനകം ഐന്‍സ്റ്റൈനും ഡാര്‍വിനും പ്രതികരിച്ചിട്ടുള്ളത്‌ യഥാക്രമം അമ്പത്തിമൂന്നും അറുപത്തിമൂന്നും കത്തുകളോടായിരുന്നു. കത്തുകള്‍ കുന്നുകൂടുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണം ചിലപ്പോള്‍ ഒരു വര്‍ഷത്തിന്‌ ശേഷം മാത്രം കണ്ണില്‍ പെടുന്നതിന്‌ ഐന്‍സ്റ്റൈന്റെ ജീവിതത്തിലുണ്ടായ ഒരുദാഹരണം ഐതിഹാസികമാണ്‌. ആധുനിക ഭൗതികശാസ്‌ത്ര ചിന്തയെ മാറ്റിമറിച്ച 'ചരടു സിദ്ധാന്തം' (String theory) സംബന്‌ധിച്ചൊരു കത്തായിരുന്നുവത്‌. പക്ഷേ, പ്രാഥമ്യം സംബന്‌ധിച്ച വിവേചനം, പ്രൈയറിറ്റൈസേഷന്‍, അവരുടെ കത്തിടപാടുകളിലും ഇ-തപാലിന്റെ കാലത്തെന്നതുപോലെ ഒരു നിയാമക ഘടകമായിരുന്നു.

ഐന്‍സ്റ്റൈന്റെ ശരാശരി: ഒരു ദിവസം ഒരു കത്ത്‌. ഡാര്‍വിന്റെ ശരാശരി: ഒന്നരാടം ഒരു കത്ത്‌. പേനയോ പെന്‍സിലോ ഉപയോഗിച്ച്‌ ഒരു കത്തെഴുതുകയെന്നത്‌ ഇ-മെയില്‍ അയക്കുന്നതിനെ അപേക്ഷിച്ച്‌ എത്രയോ സമയമെടുക്കുന്ന പണിയാണെങ്കിലും പ്രതികരണസമയംപോലെയും വിളംബംപോലെയും ഏതാദ്യമെന്ന നിര്‍ണയംപോലെയുമുള്ള ഘടകങ്ങളുമായി ബന്‌ധപ്പെട്ട ഗണിതശാസ്‌ത്ര സങ്കേതങ്ങളനുസരിച്ച്‌ രണ്ടുതരം എഴുത്തും ഏതാണ്ട്‌ ഒരേ പാറ്റേണ്‍തന്നെയാണ്‌ പിന്തുടരുന്നത്‌.
ഉപസംഹാരത്തില്‍, ഓരോ ദിവസവും രാവിലെ നാം ഇ-മെയില്‍ പരിശോധിക്കുമ്പോള്‍ വെളിപ്പെടുന്ന മാനുഷിക ചലനാത്‌മകതയുടെ അടിസ്ഥാനപരമായ പാറ്റേണ്‍ തന്നെയാണ്‌ ഐന്‍സ്റ്റൈന്റെയും ഡാര്‍വിന്റെയും കത്തിടപാടുകളില്‍ വെളിപ്പെടുന്നത്‌.

2 Comments:

Blogger ചില നേരത്ത്.. said...

മേതിലിനെ ബ്ലോഗിലൂടെ വായിക്കാനാകുന്നതില്‍ വളരെ ആഹ്ലാദം തോന്നുന്നു.

October 10, 2006 4:35 PM  
Blogger kumar © said...

സര്‍, മേതില്‍ സറിനെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. താങ്കളെ പോലുള്ളവരുടെ വരവോടുകൂടി ഇവിടം ധന്യമാവുകയാണ്.

October 10, 2006 5:07 PM  

Post a Comment

Links to this post:

Create a Link

<< Home