Tuesday, October 10, 2006

പൈഡ് പെപ്പര്‍: രണ്ടാം വരവ്?

പതിനാലാം നൂറ്റാണ്ടില്‍ മൂന്നുതരം പ്ലേഗുകളിലൂടെ യൂറോപ്പിലെ മുപ്പത്‌ ശതമാനമോ നാല്‍പത്‌ ശതമാനമോ കൂടുതലോ ആളുകളെ വകവരുത്തിയ 'കറുത്ത മരണം' തന്നെയാണ്‌ പൈഡ്‌ പൈപ്പറെന്ന്‌ 'സംഗീതം ഒരു സമയകലയാണ്‌' എന്ന കഥയില്‍ കാണുന്നത്‌ ശരിയെങ്കില്‍, ആ കുഴലൂത്തുകാരന്‍ വീണ്ടും ഒരു തെരുവില്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നൊരു സൂചനയുണ്ട്‌. ഉറവിടത്തെക്കുറിച്ചുള്ളൊരു രണ്ടാം വിചാരത്തില്‍നിന്നാണ്‌ അതു വരുന്നത്‌.

കറുത്ത മരണമെന്തായിരുന്നു?
വൈറസ്‌? ബാക്‌ടീരിയ?
ഇവ രണ്ടും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചൊരു വിവരണം ഇവിടെ ആവശ്യമില്ല. ആ വ്യത്യാസം നിര്‍ണായകമാണെന്ന അറിവാകട്ടെ പ്രധാനമാകാം. ശാസ്‌ത്രം ഇതേവരെ കരുതിയിരുന്നതിന്‌ വിപരീതമായി, കറുത്ത മരണത്തിന്‌ പിന്നിലെ ശക്‌തി ഒരു ബാക്‌ടീരിയ അല്ലെന്നും മറിച്ച്‌ ഒരു വൈറസാണെന്നും ആരെങ്കിലും സ്ഥാപിക്കുകയാണെങ്കിലോ? പകര്‍ച്ചവ്യാധീ വിദഗ്‌ധരായ സൂസന്‍ സ്കോട്ടും ക്രിസ്റ്റഫര്‍ ഡന്‍കനും അങ്ങനെ പറഞ്ഞുകഴിഞ്ഞു. ഒപ്പം, ആ വൈറസുമായുള്ള ഭൂതകാല സ്‌പര്‍ശം ഇന്നത്തെ യൂറോപ്പിലെ പലരെയും എയിഡ്‌സ്‌ ബാധിക്കാത്ത ഒരവസ്ഥയില്‍ എത്തിച്ചെന്ന വിഭ്രാമക നിരീക്ഷണവും അവരുടേതായിട്ടുണ്ട്‌. അതാകട്ടെ അമേരിക്കയുടെ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അതിസമര്‍ഥമായി നടന്നൊരു ഗവേഷണത്തിന്റെ വിഷയവുമായി ബന്‌ധപ്പെട്ടിരിക്കുന്നു.

സി.സി.ആര്‍ 5 (CCR5) എന്ന പ്രോട്ടീന്‍.
കോശങ്ങളുടെ പ്രോട്ടീന്‍ സംജ്ഞ.
വല്ലാതെ ലളിതമാക്കി പറഞ്ഞാല്‍, നമ്മുടെ പ്രതിരോധവ്യവസ്ഥയുമായി ബന്‌ധപ്പെട്ട വെളുത്ത രക്‌താണുക്കളുടെ പുറത്തുള്ളൊരു സ്വീകാരിയാണത്‌. ഒരുതരം 'ഡോക്കിംഗ്‌ പോര്‍ട്‌' പോലെ പ്രവര്‍ത്തിച്ച്‌ അതു ചില മോളിക്യൂളുകളെ സ്വീകരിക്കുന്നു -വീക്കം നിയന്ത്രിക്കുന്ന മോളിക്യൂളുകളെ. പക്ഷേ, എയിഡ്‌സുണ്ടാക്കുന്ന വൈറസ്‌ ചോരയിലേക്ക്‌ കടന്നുകഴിഞ്ഞാല്‍ സി.സി.ആര്‍ 5 നമ്മുടെ പ്രതിരോധവ്യവസ്ഥയിലെ ഒരു ദുര്‍ബല ബിന്ദുവും അങ്ങനെ പ്രവേശന കവാടവുമായിത്തീരുന്നു. ഇതിനൊരു വിചിത്രമായ മറുവശമുണ്ട്‌. സി.സി.ആര്‍ 5 ഇല്ലെങ്കില്‍ എയിഡ്‌സ്‌ വൈറസിന്‌ കോശങ്ങളിലേക്ക്‌ കടക്കാനാവില്ല.

മാന്ത്രികമായൊരു പഴുതുണ്ടിവിടെ.
കോശങ്ങള്‍ അതുപയോഗിച്ചു കഴിഞ്ഞു.
ഒരു ഭ്രംശം. മ്യൂട്ടേഷന്‍. അതിന്റെ ഫലമായി, വടക്കന്‍ യൂറോപ്പില്‍ പലരുടെ ശരീരത്തിലും സി.സി.ആര്‍ 5 ഇല്ല. സ്വീഡനിലെ ജനസംഖ്യയുടെ 14 ശതമാനത്തിന്റെ കഥ അതാണ്‌. അവരുടെ ശരീരത്തിലെ വെളുത്ത രക്‌താണുക്കള്‍ ഭാഗികമായെങ്കിലും എയിഡ്‌സിന്‌ അപ്രാപ്യമാണ്‌. ഭൂമിശാസ്‌ത്രപരമായി കിഴക്കോട്ടും തെക്കോട്ടും പോകുന്തോറും ഈ പ്രതിരോധാവസ്ഥ ക്ഷയിച്ചുവരുന്നു. ആഫൃക്കയിലും കിഴക്കനേഷ്യയിലും അത്‌ അപ്രത്യക്ഷമാകുന്നു; ഇവിടങ്ങളിലുള്ളവര്‍ എയിഡ്‌സിന്‌ കൂടുതല്‍ എളുപ്പമുള്ള ഇരകളാകുന്നു. പൗരാണിക അസ്ഥികള്‍ പറയുന്നൊരു കഥയുണ്ട്‌. ഏതാണ്ട്‌ യേശുക്രിസ്‌തു ഒരു പയ്യനായിരുന്ന കാലത്ത്‌ യൂറോപ്പില്‍ 40,000 പേരില്‍ ഒരാളിലെന്ന തോതിലാണ്‌ മേല്‍പറഞ്ഞ മ്യൂട്ടേഷന്‍ സംഭവിച്ചിരുന്നത്‌. പക്ഷേ, ഏകദേശം 700 വര്‍ഷം മുമ്പുള്ള കാലഘട്ടത്തില്‍ അത്‌ അമ്പരപ്പിക്കുന്ന നാടകീയതയോടെ ഏഴുപേരില്‍ ഒരാള്‍ എന്ന തോതിലെത്തി. കറുത്ത മരണം പെരുമാറിയത്‌ ആ ഘട്ടത്തിലായിരുന്നു. അതിന്റെ ഭീകരമായ സ്ഥിതിവിവരക്കണക്ക്‌ ആവര്‍ത്തനമില്ലാത്തൊരു ഭൂതമാണെന്ന്‌ ഉറപ്പിക്കാന്‍ സമയമായില്ല.

സൂചനകള്‍ നേര്‍വിപരീതം.
നമ്മുടെ ശരീരം പൊതുവെ സി.സി.ആര്‍ 5 ഉപയോഗിക്കുന്നത്‌ വൈറസുകളെ പിടിച്ചുനിറുത്താനാണ്‌. ആകയാല്‍, ചരിത്രത്തിലേക്കുംവെച്ച്‌ ബൃഹത്തായ പകര്‍ച്ചവ്യാധിക്ക്‌ കാരണം ഏതോ വൈറസായിരുന്നെന്ന്‌ സൂചന നല്‍കുന്നു. എഴുനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്ന വൈറസുകളെ പുനരുജ്ജീവിപ്പിച്ചാലേ നമുക്ക്‌ ശരിക്കും ഇതേക്കുറിച്ച്‌ മനസ്സിലാവൂ. വെറും ഒരു നൂറ്റാണ്ടുപോലും ഇക്കാര്യത്തില്‍ ഒരു നീണ്ട കാലയളവാണ്‌. 1918ല്‍ ലോകം മുഴുവനും ചുറ്റിയടിച്ചൊരു ഫ്‌ളൂ വൈറസ്‌ ലക്ഷക്കണക്കിന്‌ ആളുകളെ കൊന്നപ്പോള്‍പോലും മൃതശരീരങ്ങളില്‍നിന്ന്‌ അതിനെ പിടികൂടാന്‍ ശാസ്‌ത്രജ്ഞന്മാര്‍ക്ക്‌ വളരെയധികം പ്രയാസപ്പെടേണ്ടിവന്നിരുന്നു. ഇനി എന്തെങ്കിലും ആശ്ചര്യകരമായ ജൈവസാങ്കേതികതന്ത്രം ഉപയോഗിച്ച്‌ കറുത്ത മരണത്തിന്റെ കാലത്തുണ്ടായിരുന്ന പൗരാണിക വൈറസിന്റെ ഡി.എന്‍.എയും ആര്‍.എന്‍.എയും വേര്‍പെടുത്തിയെടുക്കാന്‍ കഴിഞ്ഞാല്‍പോലും അവയില്‍ കൃത്യമായും എന്താണ്‌ തേടേണ്ടതെന്ന്‌ ശാസ്‌ത്രജ്ഞന്മാര്‍ക്ക്‌ വലിയ തിട്ടമുണ്ടാകില്ല. ഒരിക്കല്‍ നമ്മെ തൊട്ട ആ വൈറസ്‌ ഇപ്പോഴും ഇവിടെയെവിടെയോ ഉണ്ടെന്നും ഇനിയും അത്‌ നമ്മെ തൊടാമെന്നുമേ ആകെ ഉറപ്പിക്കാനാവൂ.

പൈഡ്‌ പൈപ്പറുടെ മാരകമായ കുഴലൂത്ത്‌ എലിമാളങ്ങളില്‍ മീശരോമങ്ങളെ വിറപ്പിക്കും മുമ്പ്‌ ശാസ്‌ത്രജ്ഞന്മാര്‍ എന്തെങ്കിലും കണ്ടെത്തുമെന്ന്‌ നമുക്ക്‌ ആശിക്കുക.

0 Comments:

Post a Comment

Links to this post:

Create a Link

<< Home