Tuesday, October 10, 2006

മരണത്തിന്റെ ഏകകം എന്തു്?

ഫ്രാന്‍സിന്റെ നാടകവേദിയെത്തന്നെ മാറ്റിയ നടനും നാടകകൃത്തും നിര്‍മാതാവും സംവിധായകനും സൈദ്ധാന്തികനും എല്ലാമായിരുന്ന ആന്റണിന്‍ ആര്‍ടോ ഒരിക്കല്‍ പറഞ്ഞു: ഞാന്‍ ആത്‌മഹത്യ ചെയ്യുകയാണെങ്കില്‍ അത്‌ എന്നെ നശിപ്പിക്കാന്‍ വേണ്ടിയാവില്ല, മറിച്ച്‌ എന്നെ മുഴുവനുമായും തിരിച്ചെടുക്കാന്‍ വേണ്ടിയായിരിക്കും. താത്ത്വിക നാടകീയ വ്യാഖ്യാനങ്ങള്‍ക്കപ്പുറം വളരെ ലളിതവും ഭൗതികവുമായൊരു കാര്യമാണ്‌ ഇതെന്നെ ഓര്‍മിപ്പിക്കുന്നത്‌.

അത്‌ ഏകകങ്ങളെക്കുറിച്ചുള്ളത്‌.
മരണത്തിന്റെ ഏകകമെന്ത്‌?
ഞാന്‍ ഉദ്ദേശിക്കുന്നത്‌ യൂനിറ്റാണ്‌. അതിനെപ്പറ്റിയുള്ള അസ്‌പഷ്‌ടതയാണ്‌ ഡാര്‍വിന്റെ പരിണാമവാദത്തെ ചരിത്രത്തിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടൊരു സിദ്ധാന്തമാക്കിയത്‌. അനുയോജ്യമായത്‌ അതിജീവിക്കുമെന്ന്‌ വായിച്ചവരില്‍ ഭൂരിപക്ഷവും മനസ്സിലാക്കാന്‍ വിട്ടുപോയൊരു ചോദ്യമുണ്ട്‌. എന്തിന്റെ അനുയോജനം? അനുയോജനത്തിന്റെ ഏകകം അഥവാ 'ദ യൂനിറ്റ്‌ ഓവ്‌ സര്‍വൈവല്‍' എന്ത്‌? ഡാര്‍വിന്‍ ഉദ്ദേശിച്ചത്‌ വ്യക്‌തിയുടെ സ്വകാര്യ അനുജീവനമല്ല, ഓരോരോ ജീവിവര്‍ഗങ്ങളുടെ (സ്‌പീഷീസിന്റെ) അതിജീവനമാണ്‌. ഈ തിരിച്ചറിവിലാണ്‌ പരിണാമവാദം തുടങ്ങുന്നത്‌.

അപ്പോള്‍, മരണ ഏകകമെന്ത്‌?
വൈദ്യശാസ്‌ത്രത്തിനകത്തെ പ്രസക്‌തിയില്‍ വൈദ്യന്മാര്‍ ഉപയോഗിക്കുന്ന ഭാഷയിലും സങ്കല്‍പങ്ങളിലുംപോലും മരണത്തിന്‌ ഇപ്പോഴും വളരെ കൃത്യമായൊരു നിര്‍വചനമില്ല. മരണത്തിന്റെ ആപേക്ഷിക നിര്‍വചനങ്ങളേ നമുക്കു സാധ്യമാകൂ.

അതിനിടയില്‍ മരണം തുടരുന്നു.
എല്ലാ സാധ്യനിര്‍വചനങ്ങളിലും.
പല സന്ദര്‍ഭങ്ങളിലും ജൈവശരീരത്തിന്റെ ഏകകമായി തുടരുന്ന കോശങ്ങളുടെ മരണമെടുക്കുക. ഇവിടെ മരണമെന്നു പറഞ്ഞതുതന്നെ ആപേക്ഷികമായാണ്‌. കോശങ്ങള്‍ക്ക്‌ രണ്ടുതരം മരണസാധ്യതകളുണ്ട്‌. അവയിലൊന്ന്‌ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയുമായി ബന്‌ധപ്പെട്ടിരിക്കുന്നു. ഒരു വിദഗ്‌ധന്‍ പറഞ്ഞതുപോലെ നിങ്ങളുടെ പ്രതിരോധവ്യവസ്ഥക്ക്‌ വളരെ നിശിതമായി തിരിച്ചറിയാവുന്നൊരു കാര്യമുണ്ട്‌. നിങ്ങളും നിങ്ങളൊഴിച്ചുള്ള പ്രപഞ്ചവും തമ്മിലുള്ള വ്യത്യാസമാണത്‌. രണ്ടാമത്തേതിന്റെ ഒരു ധൂളിപോലും അത്‌ ഉടലില്‍ അനുവദിക്കില്ല. പക്ഷേ, ചിലപ്പോള്‍ അമിതാവേശത്തില്‍ അത്‌ നിങ്ങളുടെ കോശങ്ങളെത്തന്നെ ആക്രമിക്കാന്‍ തുടങ്ങുന്നു.

ഇവിടെയൊരു ഇടപെടലുണ്ട്‌.
പ്രോഗ്രാമ്‌ഡ്‌ സെല്‍ ഡെത്ത്‌.
വളരെ പ്രാക്‌തനമായൊരു നിര്‍ദേശം. ആവേശത്തില്‍ മാരകമായിത്തീര്‍ന്ന കോശങ്ങളോട്‌ ആത്‌മഹത്യ ചെയ്യാന്‍ അത്‌ ആവശ്യപ്പെടുന്നു. ആര്‍ത്തവരക്‌തത്തില്‍ അതിന്റെ ഒരു പ്രയോഗം കാണാം. ഓരോ തവണ ആര്‍ത്തവം ഉണ്ടാകുമ്പോഴും ഒരു സ്‌ത്രീയുടെ ഗര്‍ഭപാത്രത്തെ പൊതിഞ്ഞിരുന്ന കോശങ്ങള്‍ പ്രോഗ്രാമ്‌ഡ്‌ സെല്‍ ഡെത്തിലൂടെ കടന്നുപോയിരിക്കും. തലമുടിക്ക്‌ ചായം നല്‍കുന്ന കോശങ്ങള്‍ ആത്‌മഹത്യ ചെയ്യുന്നേടത്ത്‌ വാര്‍ധക്യത്തിന്റെ വെളുത്ത വേരുകള്‍ പടരാന്‍ തുടങ്ങുന്നു. ചിലപ്പോള്‍ രോഗംബാധിച്ച കോശങ്ങള്‍ ആത്‌മഹത്യയിലൂടെ രോഗബീജങ്ങളെ നശിപ്പിച്ച്‌ ശരീരത്തെ കുറച്ചെങ്കിലും ആപത്തില്‍നിന്ന്‌ അകറ്റുന്നു.

ഇതാണ്‌ അപോറ്റോസിസ്‌.
ഇതിനു വിപരീതം നെക്രോസിസ്‌.
രണ്ടാമത്തേത്‌ ശരിക്കും മരണമാണ്‌. ചുട്ടു പഴുക്കുമ്പോള്‍, വിഷമേല്‍ക്കുമ്പോള്‍, അല്ലെങ്കില്‍ പ്രാണവായു കിട്ടാതെ പട്ടിണിയിലാകുമ്പോള്‍ കോശങ്ങള്‍ മരിക്കുന്ന മരണമാണത്‌. മരണത്തിന്റെ അര്‍ഥത്തിലെന്നല്ല, രീതിയില്‍പ്പോലും അപോറ്റോസിസിനു വിരുദ്ധമാണത്‌. പഴുത്തുപൊട്ടി ചോരയും ചലവും ഒലിക്കുന്നൊരു വ്രണംപോലെയാണത്‌. ആ പൊട്ടലും ഒലിപ്പും അടുത്തുള്ള കോശങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്നു. നിര്‍ദേശിതമായ കോശമരണമാകട്ടെ ചുങ്ങിയുണങ്ങി ചെറിയചെറിയ തരികളായി നിര്‍ബാധം അടര്‍ന്നില്ലാതാകുന്നൊരു കുരുപോലെയാണ്‌. അത്രയും വൃത്തിയായി അത്‌ പ്രതിരോധവ്യവസ്ഥയില്‍ വിലയിക്കുന്നു.

ഇക്കോളജിക്കല്‍ മരണങ്ങളോ?
അതിജീവനത്തിന്റെ ഏകകമെന്തെന്ന്‌ നിര്‍ണയിച്ചുകഴിഞ്ഞാല്‍ ഒരു ജീവിവര്‍ഗത്തിന്റെ തിരോധാനം ഒരു മരണമാകാം. പക്ഷേ, ചത്തതെല്ലാം വളരുന്നതിനു വളമാകുന്ന അവസ്ഥയില്‍ അതിന്റെ അര്‍ഥം മാറാം. നമ്മുടെ കാലഘട്ടത്തില്‍ ഭൂമിയെയും കോശങ്ങളെയും കുറിച്ച്‌ ഏറ്റവുമധികം അറിഞ്ഞവരില്‍ ഒരാളായ ഡോക്‌ടര്‍ ലൂയിസ്‌ റ്റോമസ്‌ ഭൂമിയെത്തന്നെ ഒരൊറ്റ കോശമായാണ്‌ കണ്ടത്‌. റിച്ചാഡ്‌ ഡോക്കിന്‍സിന്റെ ജീവശാസ്‌ത്ര കലാപത്തില്‍ ജീവികളെന്നത്‌ സ്വാര്‍ഥികളായ (സ്വയം അര്‍ഥങ്ങളായി) ചില ജീനുകളുടെ വാഹനങ്ങള്‍ മാത്രമാകുമ്പോള്‍ ഏകകങ്ങളും നിര്‍വചനങ്ങളും വീണ്ടും മാറുന്നു. ഏതായാലും...
മരണം ആദ്യം തൊട്ടേ ഉണ്ട്‌. ചിലപ്പോള്‍ ചിലവയെ സംബന്‌ധിച്ച്‌ ഒരു സന്ദര്‍ഭത്തിലോ വ്യാഖ്യാനത്തിലോ അത്‌ ഔദ്യോഗികമായ ഒടുക്കമാവുന്നെന്നു മാത്രം.

2 Comments:

Blogger തഥാഗതന്‍ said...

മേതില്‍... ബൂലോഗത്തിലേക്ക്‌ സുസ്വാഗതം..

ഒരു പഴയ പരിചയക്കാരനാണേ

പാലക്കാട്‌ എന്‍ജിനീറിംഗ്‌ കോളേജില്‍ ഉണ്ടായിരുന്ന ആളാണേ

വെങ്കിടാചലത്തോടൊപ്പം പലവുരു വീട്ടില്‍ വന്നിട്ടുണ്ട്‌

പ്രമോദ്‌ എന്നാണ്‌ നാമധേയം

October 10, 2006 6:02 PM  
Blogger യാത്രാമൊഴി said...

ബൂലോഗത്തേക്ക് സ്വാഗതം!

വളരെ അല്ല ലേഖനം മാഷേ.
പ്രോഗ്രാംഡ് സെല്‍ ഡെത്ത് അഥവാ
അപോപ്ടോസിസിനെക്കുറിച്ച് സമയം കിട്ടുമ്പോള്‍ എപ്പോഴെങ്കിലും എഴുതണമെന്ന് കരുതിയിരുന്നതാണു.

മരണത്തെക്കുറിച്ചുള്ള കാല്പനികസങ്കല്പങ്ങള്‍ക്കപ്പുറമാണു, ഒരു നേര്‍ത്ത അപായസൂചനയില്‍പ്പോലും സ്വയം നിയന്ത്രിച്ച് മരണം വരിക്കുന്ന, നിത്യവും ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന കോശങ്ങള്‍.

ഇലകൊഴിച്ചില്‍ എന്നാണു അപോപ്ടോസിസ് എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം. അതിജീവനത്തിനായി ഇലകള്‍ കൊഴിക്കുന്ന മരം പോലെ, ജീവന്‍ നിലനിര്‍ത്തുന്നതിനായി കോശങ്ങളും മരിച്ചു വീഴുന്നു. അതും സ്വയം നിശ്ചയിച്ചുറപ്പിച്ച കൃത്യതയോടെ.

ഈ മരണത്തിന്റെ പാതയില്‍ ജനിതക മ്യൂട്ടേഷന്‍ വരുത്താത്ത ക്യാന്‍സറുകള്‍ അപൂര്‍വ്വമാണു. കാരണം ക്യാന്‍സര്‍ കോശങ്ങള്‍ക്ക് മറികടക്കേണ്ട ഒരു വലിയ കടമ്പ തന്നെയാണു പ്രോഗ്രാംഡ് സെല്‍ ഡെത്ത്. അനിയന്ത്രിതവും, ഭ്രാന്ന്തവുമായ വളര്‍ച്ചയിലേക്കുള്ള ചവിട്ടുപടി.

ഏകകോശജീവികളിലും കാണാം അപോപ്ടോസിസിന്റെ ചില ശിഷ്ടബിംബങ്ങള്‍. ഒരു തരത്തില്‍ പറഞ്ഞാല്‍, ആസൂ‍ത്രിത മൃത്യുവിലേയ്ക്ക് നയിക്കുന്ന രാസസൂചനകള്‍‍ തിരിച്ചറിയാനും, സുഖകരമായ മരണം കൈവരിക്കുന്നതിലെ കണിശത നിലനിര്‍ത്തുവാനും കോശങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ട് കൂടിയാണു ജീവിവര്‍ഗങ്ങള്‍ ഇന്നും അതിജീവിച്ചു പോകുന്നത്!

October 11, 2006 5:58 AM  

Post a Comment

Links to this post:

Create a Link

<< Home