Tuesday, October 10, 2006

കലയ്ക്ക് ഒരു ലൈംഗിക ഹോര്‍മോണിന്റെ സംഭാവന

ഡെയ്‌ല്‌ ഗത്രീയുടെ ഗുഹാകലാസിദ്ധാന്തം ശരിയെങ്കില്‍ 'ചില ചുവര്‍ച്ചിത്രങ്ങള്‍' എഴുതിയ കവിക്ക്‌ ഒരു തെറ്റു പറ്റിയെന്നുവേണം പറയാന്‍.

ആ കവിതയുടെ ഒടുക്കം:
"പണ്ടൊരിക്കല്‍ എന്റെയൊരു കാരണവര്‍, മരണം പിന്‍കഴുത്തില്‍ ശ്വസിക്കുന്ന ഹിമയുഗങ്ങളൊന്നില്‍, ഇരുണ്ടു ദുര്‍ഗമമായൊരു ഗുഹയിലേക്ക്‌ നുഴഞ്ഞു കയറി ചുവരിലൊരു വേട്ടമൃഗത്തിന്റെ അതിര്‍രേഖകള്‍ കോറിയിട്ടു. ഏറ്റവും പ്രാഥമികമായ എഴുത്തുകള്‍ ഇങ്ങനെത്തന്നെയുണ്ടാകുന്നു, ആരോ പിടികൂടും മുമ്പുള്ള നൊടിയിടയുടെ രഹസ്യത്തില്‍."

സത്യം ഇതിലല്ലെങ്കിലോ?
ഗത്രീ പറഞ്ഞതോ ശരി?
നരവംശശാസ്‌ത്രത്തെ മതദ്രോഹം (ഹെറിസി) പോലാക്കണമെന്നുണ്ടെങ്കില്‍, ചരിത്രപൂര്‍വ ഗുഹാകലയുടെ ശാക്‌തിക ഉറവിടം മിക്കവാറും ഒരു ലൈംഗിക ഹോര്‍മോണാണെന്ന്‌ പറയുക. ഒരു വൃഷണദ്രവ്യം. കൃത്യമായി പറഞ്ഞാല്‍ ടെസ്റ്റോസ്റ്ററോണ്‍. അതിന്റെ കലാപത്തിലേക്ക്‌ കടക്കണമെങ്കില്‍, മന്ത്രവാദികളായും മറ്റും ഓരോരോ ഗോത്രങ്ങളില്‍ പ്രമാണിത്തം നേടിയവരുടെ അനുഷ്ഠാന യന്ത്രങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ആദ്യത്തെ കുതി കുതിക്കണം. പതിനായിരം വര്‍ഷം തൊട്ട്‌ മുപ്പത്തയ്യായിരം വര്‍ഷം വരെ പഴക്കമുള്ള ഗുഹാചിത്രങ്ങള്‍ (പ്ലൈറ്റസീന്‍ എന്ന ഭൂമിശാസ്‌ത്ര കാലഘട്ടത്തിന്റെ അന്ത്യപാദ ബിംബങ്ങള്‍) ആധുനിക തെരുവുദൃശ്യങ്ങള്‍ക്ക്‌ യുവത്വത്തിന്റെ സംഭാവനയായ ചുവരെഴുത്ത്‌പോലിരിക്കുന്നതെന്തെന്നോര്‍ത്ത്‌ നാം വല്ലാതെ ആശ്ചര്യപ്പെടാതിരിക്കുന്നതെന്ത്‌!
കലയെ കാലവുമായി ഘടിപ്പിക്കാന്‍ നാം കാലത്തെ ഉടലുമായി ഘടിപ്പിക്കുന്നു.

ടെസ്റ്റോസ്റ്ററോണ്‍ കല.
ഗത്രീയുടെ വിശേഷണമാണത്‌.
ആണില്‍ ലൈംഗികമായ ആണത്തത്തിന്റെ തുടക്കം കുറിക്കുന്നതും തുടര്‍ച്ച നിയന്ത്രിക്കുന്നതുമായൊരു ദ്രവ്യമാണ്‌ വിഷയം. ഇന്നത്തെ നാഗരിക സാഹചര്യങ്ങളിലെ ആണ്‍കുട്ടികളുടെ വരപ്പ്‌ ശ്രദ്ധിച്ചിട്ടുണ്ടോ? ഏറ്റവും പുതിയ മാതൃകയിലുള്ള കാറുകള്‍, ഫൈറ്റര്‍ ജെറ്റ്‌, ജെഡി പടച്ചട്ട, മിസെയിലുകള്‍, സ്കേറ്റിംഗ്‌ പലകകള്‍... എല്ലാം ടെസ്റ്റോസ്റ്ററോണ്‍ ഇതിവൃത്തങ്ങള്‍. എല്ലാംതന്നെ "വിജയത്തിന്റെ അഡ്‌റനലിന്‍" (ദ അഡ്‌റനലിന്‍ സക്‌സസ്‌) എന്ന സങ്കല്‍പവുമായി ബന്‌ധപ്പെട്ടത്‌. പ്ലൈസ്റ്റസിന്‍ കാലത്ത്‌ ഇന്നത്തെ എരുമകളുടെയും കാളകളുടെയും പ്രാഗ്‌രൂപങ്ങളെ കൊല്ലുന്നതിലെ അപായത്തിന്റെയും ആവേശത്തിന്റെയും ആകത്തുക ഇന്നത്തെ ടെസ്റ്റോസ്റ്ററോണ്‍ കലയുടെ സമാന്തരമായിരുന്നെന്ന്‌ പറയാം.

കൊല്ലപ്പെട്ട വേട്ടമൃഗങ്ങള്‍.
മൂക്കിലും വായിലും ചോര.
ഗുഹാവിഷ്കാരങ്ങളില്‍ ഈ കാഴ്ചകളും അവയുടെ പ്രാധാന്യവും പഴയ ഗവേഷകര്‍ പിടിച്ചെടുത്തിരുന്നു. പക്ഷേ, ഇവിടെ സാന്ദര്‍ഭികമായി കൂടുതല്‍ ശ്രദ്ധേയമാകുന്നത്‌ അവയിലെ ആള്‍രൂപങ്ങളാണ്‌. ഇവയില്‍ മിക്കപ്പോഴും ആണിന്റെ ജനനേന്ദ്രിയം ഒരൊറ്റ വരയുടെ പിശുക്കില്‍ ഒതുങ്ങുന്നു. എന്നാല്‍, പെണ്‍രൂപങ്ങളുടെ ലൈംഗിക സാന്നിധ്യമാകട്ടെ താരതമ്യേന വിശദാംശങ്ങളുടെ ധൂര്‍ത്തില്‍ എടുത്തുപിടിച്ചുനില്‍ക്കുന്നു. ടെസ്റ്റോസ്റ്ററോണില്‍ നിന്ന്‌ ഊര്‍ജമെടുത്ത കലയുടെ പിഴക്കാത്ത അടയാളം.

വയസ്സിലേക്കൊരു സൂചന.
പ്രായമോ പരിചയമോ കണക്കിലെടുത്ത്‌ മുതിര്‍ന്നവരെന്ന്‌ വിളിക്കാവുന്നവരുടെ കലാസൃഷ്‌ടികള്‍ ഏതു ഗുഹയിലുമില്ലെന്ന്‌ ഇതിനര്‍ഥമില്ല. ഒരു പിടി ഉദാഹരണങ്ങള്‍ എവിടെയും കാണാം. മറ്റൊരു പ്രധാന സാന്നിധ്യം പണിതീരാത്ത രൂപങ്ങളുടേതാണ്‌. ചിലപ്പോള്‍ ചെറുതായും ആംശികമായും, ചിലപ്പോള്‍ പരസ്‌പരം കെട്ടുപിണഞ്ഞും കലാകാരന്മാരാകുന്നതിനുള്ള പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ സൂചിപ്പിച്ചുകൊണ്ട്‌ അവ ഗവേഷകരെ ആകര്‍ഷിക്കുന്നു.

പിന്നെ കൈയടയാളങ്ങള്‍.
ഇരുനൂറ്‌ കൈയടയാളങ്ങള്‍.
ഗത്രീയുടെ സിദ്ധാന്തം ശരിവെക്കുന്ന ഏറ്റവും വലിയ തെളിവ്‌ അവയാണ്‌. ഓരോ ഗുഹാചിത്രത്തിനടുത്തും അത്‌ തീര്‍ത്ത ആളുടെ കൈപ്പത്തിയുടെ അടയാളം. പൊടിയും മണ്ണും പിടിച്ച ചുവരുകള്‍ക്കടുത്ത്‌ പെരുമാറുകയാല്‍ അബോധപൂര്‍വം കൈയടയാളങ്ങളും കാലടയാളങ്ങളും പിറകിലിട്ട്‌ പോയവരുമുണ്ട്‌. പക്ഷേ, കലാകാരന്മാരുടേത്‌ വേര്‍തിരിച്ചറിയാം. എന്തോ വായിലിട്ട്‌ ചവച്ച്‌, ഓറഞ്ചും മഞ്ഞയും തുപ്പി കൈപ്പടം മുഴുവന്‍ നിറംപിടിപ്പിച്ചും ചുവരില്‍ പതിച്ചുണ്ടാക്കിയ അടയാളങ്ങള്‍. ഓരോരോ വിരലുകളുടെയും പൊതുവെ കൈപ്പത്തിയുടെയും അവ തമ്മിലുള്ള അനുപാതങ്ങള്‍, അങ്ങനെ ചിലത്‌ ശ്രദ്ധിച്ചുപഠിച്ചാല്‍ അടയാളം ഉണ്ടാക്കിയവരുടെ വയസ്സ്‌ പിടിച്ചെടുക്കാന്‍ കഴിയും.

ഗുഹകളില്‍ ഗത്രീ വായിച്ച കൈയടയാളങ്ങളില്‍ മിക്കതും പതിനേഴ്‌ വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികളുടേത്‌; ചിലവ മാത്രം പെണ്‍കുട്ടികളുടേതും.

1 Comments:

Blogger പ്രവാസ പര്‍വ്വം said...

കൊലക്കു ഒരു സംഭാവന എന്നു തിരുത്തേന്റിയിരിക്കുന്നു.ഇഷടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ ഒരു സത്യം പറഞ്ഞുവെന്ന് മാത്രം

October 11, 2006 5:11 AM  

Post a Comment

Links to this post:

Create a Link

<< Home