Tuesday, October 10, 2006

ഒരു പതിനാലുകാരന്റെ ലോകറിക്കോഡ്

ചിലപ്പോള്‍ ചിലര്‍ സ്വീകരിക്കുന്നൊരു ഉറച്ച നിലപാടുണ്ട്‌. ഭൗതികാര്‍ഥത്തില്‍. ഉചിതമായ അളവില്‍ പാദങ്ങള്‍ അകറ്റിവെച്ചുകൊണ്ട്‌ (പ്ലാന്റിംഗ്‌ ദ ഫീറ്റ്‌ ഫേംലി അപാര്‍ട്‌). അതില്‍ സൂചിതമായ ഒരുമ്പെടല്‍ കുറ്റാന്വേഷണ സാഹിത്യത്തില്‍ ആദ്യമായി കണ്ടതായോര്‍ക്കുന്നത്‌ പെറി മേസന്റെ നില്‍പ്‌ വിവരിക്കുന്നേടത്താണ്‌. പക്ഷേ, പെറി മേസന്‍ ഒരു അഭിഭാഷകനാണ്‌. ആയുധം വാക്ക്‌. എന്നാല്‍, ചിലപ്പോള്‍, അകന്നുനില്‍ക്കുന്ന പാദങ്ങള്‍ക്കുമേല്‍ സ്ഥൈര്യം നേടുന്ന ഉടല്‍ ഒരു കിടിലമാകാം.
കിടിലം മറ്റുള്ളവര്‍ക്കാണ്‌.

തനിക്കത്‌ ചാഞ്ചല്യമില്ലായ്‌മയും.
വര്‍ഷങ്ങള്‍ക്കു മുമ്പൊരു ഡിസംബറില്‍ ഒരു സ്കൂളിന്റെ മുറ്റത്തേക്കു കടന്നുചെന്ന പതിനാലുകാരന്റേത്‌ ആ നില്‍പായിരുന്നു.
അവനെക്കുറിച്ചു പറയുമ്പോള്‍ ഡേവിഡ്‌ ഗ്രോസ്‌മാന്‍ ഓര്‍മിക്കുന്നത്‌ മറ്റൊരു നിലപാടാണ്‌. വീഡിയോ ആര്‍ക്കേഡ്‌ കളികളില്‍ ഏര്‍പ്പെട്ടവരുടെ പടുതി. രണ്ടു കര്‍മങ്ങള്‍ സംവദിക്കയാണ്‌. പാദങ്ങള്‍ വേണ്ടത്ര അകറ്റിവെച്ച്‌ അവന്‍ നിന്നു. ആ സ്ഥാനത്തുനിന്ന്‌ ഒരിക്കലും അവന്‌ കാലുകള്‍ മാറ്റേണ്ടി വന്നില്ല. മുഖത്ത്‌ ശൂന്യമായ നോട്ടം. വീഡിയോലീലകളില്‍ മുഴുകിയ ഒരാളുടെ ഒഴുകുന്ന നോട്ടം. രണ്ടു കൈകള്‍കൊണ്ടും തോക്കുപിടിച്ച സമതുലിതാവസ്ഥയിലാണവന്‍. തിരയൊഴിയ്ക്കാന്‍ ഇടത്തോട്ടോ വലത്തോട്ടോ വല്ലാതെ നീങ്ങേണ്ടതില്ല. വീഡിയോ സ്ക്രീനിന്റെ ചതുരം. ഒരു സ്കൂളില്‍ കേന്ദ്രീകരിക്കുന്ന ശ്രദ്ധാചതുരം. വെടിയേറ്റു വീഴുന്നത്‌ സ്ക്രീനില്‍ 'പോപ്പ്‌ അപ്പ്‌' ചെയ്യുന്ന ശത്രുരൂപങ്ങളോ സ്കൂള്‍കുട്ടികളോ? അവന്റെ കൈയില്‍ ശരിക്കുമൊരു തോക്കുണ്ട്‌. എങ്കിലും അതൊരു വീഡിയോക്കളിയാണ്‌.

എട്ടുതവണ മാത്രം തിരയൊഴിച്ച്‌ എട്ടുപേരെ വീഴ്ത്തിയ ആ പതിനാലുകാരന്‌ വീഡിയോ കളികളില്‍ വല്ലാത്ത ഭ്രമമായിരുന്നു.
തോക്ക്‌ പ്രയോഗിക്കുന്നതില്‍ ഒരുതരം പരിശീലനവും നേടിയില്ലാത്തൊരു വെറും ഒരു ചെറുക്കന്‍. അവന്റെ പേര്‌ ഗിനസിന്റെ പുസ്‌തകത്തില്‍ കയറിയോ എന്നെനിക്കറിയില്ല. പക്ഷേ, ഉന്നം നോക്കലിലും മരണം വിക്ഷേപിക്കലിലും അവന്‍ പ്രദര്‍ശിപ്പിച്ച പാടവത്തിനു തുല്യമായി ഒന്നും യുദ്ധങ്ങളുമായോ കുറ്റകൃത്യങ്ങളുമായോ നീതിന്യായ പരിപാലനവുമായോ ബന്‌ധപ്പെട്ട ഒരൊറ്റ രേഖയിലും കാണാനില്ലെന്ന്‌ ഗ്രോസ്‌മാന്‍ പറയുന്നു. ആയുധപ്രയോഗത്തില്‍ അസാധാരണ പരിചയമുള്ളൊരു സൈനിക മേധാവിയാണ്‌ ഗ്രോസ്‌മാന്‍. പുറമേ സൈനികചരിത്രവും സൈനികശാസ്‌ത്രവും പഠിപ്പിക്കുന്നൊരു പ്രഹ്മെസര്‍. അദ്ദേഹത്തെ അന്‌ധാളിപ്പിച്ച ആ കൗമാരസിദ്ധിയുടെ ഉറവിടം വീഡിയോ യുദ്ധങ്ങളുടെ പ്രത്യേക തന്ത്രങ്ങളും നൈതികശാസ്‌ത്രവുമാകാനേ വഴിയുള്ളൂ.

ഒരു നിര്‍ണായക ഘടകമുണ്ട്‌.
പോയ്ന്റ്‌ ബ്ലാന്‍കിന്റെ പ്രസക്‌തി.
കൈ പാതി നീട്ടിയാല്‍ തൊടാവുന്നൊരു സ്ക്രീനില്‍ പെട്ടെന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രൂപങ്ങളെ ആക്രമിക്കുന്നതിനു സമാന്തരമായൊന്ന്‌ യഥാര്‍ഥ ലോക യുദ്ധങ്ങളില്‍ തീര്‍ത്തും അസാധ്യമല്ലെങ്കിലും സാധാരണമല്ല. രണ്ടാം ലോക യുദ്ധത്തിന്റെ പ്രാമാണികമായൊരു വിശകലനമനുസരിച്ച്‌ ഒരു കാലാള്‍പ്പട എതിര്‍സൈന്യത്തിലെ ഒരാളെ നേരിട്ടു വെടിവെച്ചു കൊന്നതിന്റെ നിരക്ക്‌ വളരെ താണതാണ്‌. പതിനഞ്ചു ശതമാനംതൊട്ട്‌ ഇരുപതു ശതമാനം വരെ മാത്രം. എതിരാളികളായ രണ്ടു സൈനികര്‍ക്കിടയിലെ അകലം ഒരു മുഖത്തിനും വീഡിയോ സ്ക്രീനിനും ഇടയിലുള്ള അകലമായി ചുരുങ്ങുമ്പോള്‍ സംഭവിക്കുന്നത്‌ ഒരു ജന്തുനാടകമാണ്‌. യുദ്ധബദ്ധമായ പേടിയും സമ്മര്‍ദവും രൂക്ഷമാകുന്ന ആ നിമിഷങ്ങളില്‍ അവരുടെ മസ്‌തിഷ്കത്തില്‍ ഹോര്‍മോണുകളുടെ ഒരു വെള്ളപ്പൊക്കംതന്നെയുണ്ടാകുന്നു. ചിന്താശക്‌തി സ്‌തംഭിക്കുന്നു. പിന്നെത്തെ രംഗബോധം ജന്തുവാസനയിലാണ്‌. അതാകട്ടെ ജന്തുവിനും ജന്തുവിനും ഇടയില്‍ അല്‍പം ഇടം വിടുന്നു. സ്‌തന്യപാരമ്പര്യം വഴി നമ്മില്‍ അടിഞ്ഞുകയറിയ ഈ ഉദാര ജന്തുവാസന പറയുന്നു, ആ അകലം താണ്ടരുത്‌. അതു താണ്ടാന്‍ മനുഷ്യനേ കഴിയൂ. സാധാരണ നിലക്കല്ല, യുക്‌തിവിചാരത്തിലൂടെയുമല്ല, മറിച്ച്‌ പ്രായോഗികമായ പരിശീലനക്രമങ്ങളിലൂടെ.

യഥാര്‍ഥമായ ചോരയും പോയ്ന്റ്‌ ബ്ലാന്‍കിലെ ജന്മവാസനാ വിലക്കുകളുമില്ലാത്ത വീഡിയോ ഗെയ്‌മുകളല്ലാതെ ആ പരിശീലനം നമുക്ക്‌ ആരാണ്‌ നല്‍കുക?
കുട്ടികളുടെ കൈകളുടെയും കണ്ണുകളുടെയും മുഴുവന്‍ സിരാഘടനയുടെയും പ്രതികരണശേഷി വര്‍ധിപ്പിക്കാന്‍ വീഡിയോ വിനോദങ്ങള്‍ക്കുള്ള കഴിവ്‌ തെളിയിക്കുന്ന ഗവേഷണങ്ങള്‍ ഓരോരോ സ്ഥലത്ത്‌ നടന്നുകൊണ്ടിരിക്കുമ്പോള്‍, ഗ്രോസ്‌മാന്‍ ചോദ്യങ്ങള്‍ ഇരക്കുന്നു. പക്ഷേ, ഏറ്റവും മാനുഷികമായ (അതായത്‌ നിഷ്കരുണമായ) യുദ്ധമുറകളില്‍പ്പോലും ജന്തുനീതിയുടെ ഒരു അബോധസ്‌പര്‍ശമുണ്ട്‌. വീഡിയോ വിനോദങ്ങളാകട്ടെ തികച്ചും മാനുഷികമാണ്‌.

1 Comments:

Blogger ദേവന്‍ said...

ശ്രീ. മേതില്‍ മലയാളം ബ്ലോഗ്‌ തുടങ്ങിയെന്നറിഞ്ഞതില്‍ സന്തോഷം. എന്നെ ചിന്തിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ പലതും പ്രതിപാദിച്ചു കാണുന്നതില്‍ അതിലും സന്തോഷം.

മണ്ണപ്പം ചുട്ടുകളിച്ച്‌ ഗൃഹഭരണം പഠിക്കുന്ന കുട്ടിയെക്കാള്‍ അമ്മപ്പൂച്ചയുടെ വാലില്‍ ടാര്‍ഗറ്റ്‌ പ്രാക്റ്റീസ്‌ നടത്തുന്ന പൂച്ചക്കുഞ്ഞിനെക്കാള്‍ യഥാര്‍ത്ഥ സാഹചര്യത്തോട്‌ അടുത്തു നില്‍ക്കുന്നു ഫ്ലൈറ്റ്‌ സിമുലേറ്ററില്‍ പറക്കാന്‍ പഠിക്കുന്ന പൈലറ്റ്‌ ട്രെയിനി. കാരണം ബിംബങ്ങളോടല്ല, സിമുലേറ്റ്‌ ചെയ്യപ്പെട്ട സാംഭവ്യവും പൂര്‍ണ്ണവുമായ സാഹചര്യത്തോടാണ്‌ അവന്‍ ഇടപെടുന്നത്‌. വീഡിയോ ഗെയിമിലൂടെ വെടിക്കാരനാകുന്നവന്‍ ബീയര്‍ കുപ്പി നിരത്തി വച്ച്‌ തോക്കു പരിശീലിക്കുന്ന മാഫിയക്കാരനെക്കാള്‍ മികച്ച പരിശീലനം നടത്തുന്നു.

ക്ലോസ്‌ എന്‍കൌണ്ടറില്‍ റിഫ്ലക്സ്‌ ആക്ഷന്‍ മിക്കപ്പോഴും മുന്‍കൈ എടുക്കുന്നു എന്ന താങ്കളുടെ നിരീക്ഷണം എത്ര ശരി. ഇക്കാരണത്താല്‍ ഒളിച്ചു നിന്നു നിറയൊഴിക്കാതെ നടുവരക്ക്‌ അയ്യഞ്ചു മീറ്റര്‍ ദൂരെ നിന്ന് പരസ്പരം വെടിവച്ച്‌ കൌബോയിമാര്‍ മികച്ചവന്റെ ജയം ഉറപ്പാക്കിയിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ക്ലോസ്‌ എന്‍കൌണ്ടര്‍ ഒരിക്കലോ രണ്ടു തവണയോ നേരിടേണ്ടി വന്നിട്ടുള്ള മികച്ച തോക്കുകാരനെയും എന്നും അത്‌ സിമുലേറ്റ്‌ ചെയ്യുന്ന കുട്ടി തോല്‍പ്പിക്കും.

വീഡിയോ ഗെയിം മികവു പോലെ തന്റെയും തന്റെ ഹെലിക്കോപ്റ്ററിന്റേയും
കഴിവുകള്‍ വിവരിക്കുന്ന ഒരു കൌമാരപ്രായക്കാരന്‍ സൈനികനെ കഴിഞ്ഞ വര്‍ഷം കണ്ടപ്പോള്‍ അവനെ പകര്‍ത്തി ഞാന്‍ ബ്ലോഗ്ഗില്‍ ഇട്ടിരുന്നു

October 11, 2006 1:54 AM  

Post a Comment

Links to this post:

Create a Link

<< Home