Tuesday, October 10, 2006

ആണിന്റെ മരണം അടുത്തോ?

ആണ്‍വര്‍ഗം ഒടുങ്ങാറായോ? ലിംഗഭേദ രാഷ്‌ട്രീയത്തില്‍ ഇതിനുത്തരം എന്തെന്ന്‌ എനിക്കറിഞ്ഞുകൂടാ. പക്ഷേ, അടുത്ത കാലത്തെ ലൈംഗിക ജീവശാസ്‌ത്ര ഗവേഷണങ്ങളില്‍ ആണിന്റെ മരണം വളരെ മുഖരമായൊരു ഇതിവൃത്തമാണ്‌. അതൊരു കേവല അര്‍ഥത്തിലും സവിശേഷ അര്‍ഥത്തിലുമായി മാറി മാറി ചര്‍ച്ചകളില്‍ എത്തിപ്പെടുന്നു.

കേവലാര്‍ഥത്തിലെന്ന്‌ പറഞ്ഞാല്‍...
വൈ എന്ന ക്രോമസമിന്റെ പ്രശ്‌നം.
അലന്‍ ട്രൗണ്‍സന്‍ ഒരു കണ്ടെത്തലിനു മുന്നില്‍ പകച്ചുനിന്നുകൊണ്ടാണ്‌ ആണുങ്ങളൊടുങ്ങിയൊരു ലോകത്തില്‍ പെണ്ണുങ്ങളിലൂടെ മാത്രമായി മനുഷ്യവംശം തുടരാനുള്ള സാധ്യത (ഒരു സിംഗിള്‍^സെക്‌സ്‌ സമൂഹത്തിന്റെ സാധ്യത) അവതരിപ്പിച്ചത്‌. അടിസ്ഥാന വസ്‌തുതകളില്‍നിന്ന്‌ തുടങ്ങിയാല്‍, നമ്മുടെ ലൈംഗിക ക്രോമസമുകള്‍ രണ്ടുതരം: എക്‌സ്‌, വൈ. ആണില്‍ രണ്ടും ഓരോന്നു വീതം. പെണ്ണില്‍ രണ്ടും എക്‌സ്‌. എക്‌സിന്റെ ജനിതക സമൃദ്ധി വൈയിനില്ല. ഡി.എന്‍.എയുടെ ചെറിയൊരംശമേ വൈയിലുള്ളൂ. എക്‌സില്‍നിന്ന്‌ ചില ചില കൂട്ടിക്കിഴിക്കലുകളിലൂടെ പരിണമിച്ചുണ്ടായതാണ്‌ വൈ എന്ന സിദ്ധാന്തമനുസരിച്ച്‌ പറഞ്ഞാല്‍, ആണിന്റെ അടയാളം കുറിക്കുന്ന നിര്‍ണായക ജീനുകള്‍ അടങ്ങിയതെങ്കില്‍പ്പോലും അതിലൊരു മാരക ന്യൂനതയുണ്ട്‌. വൈയിലെ വെട്ടിക്കളയലുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. അത്‌ പരിഹരിക്കാനുള്ള കഴിവ്‌ വൈയിനില്ല. ഇതങ്ങനെ പോയാല്‍...

വൈ ക്രോമസം എന്നും തുടരില്ല.
വൈയിന്‌ ഒരു പാരിണാമിക ആയുസ്സുണ്ട്‌.
ഒരിക്കല്‍ ആണ്‌ നാമാവശേഷമാകും.
പക്ഷേ, ആണിന്റെ അന്ത്യം മാനുഷികതയുടെ അന്ത്യമാകണമെന്നില്ല. ലൈംഗിക പുനരുല്‍പാദനത്തിന്റെ രീതി മാറാം. രണ്ട്‌ സ്‌ത്രീകളുടെ ബീജങ്ങള്‍ ഉപയോഗിച്ച്‌, സൂക്ഷ്‌മതലത്തിലുള്ള ചില ക്രിയകളിലൂടെ വംശവര്‍ധനവ്‌ തുടരാനുള്ള സാധ്യതകള്‍ ആധുനിക ജനിതകശാസ്‌ത്രം തള്ളിപ്പറയുന്നില്ല. മാനസിക തലത്തിലുള്ള വിലക്കാവും ഏറ്റവും വലിയ പ്രശ്‌നം. മറ്റൊരു പെണ്ണിന്റെ ജനിതക സ്‌പര്‍ശത്തില്‍നിന്ന്‌ തനിക്കൊരു കുഞ്ഞുണ്ടാവുന്നത്‌ ഏത്‌ പെണ്ണിനും കുറെയൊക്കെ വിലക്ഷണമോ പാപംപോലുമോ ആണെന്ന്‌ തോന്നാം.

നിലനില്‍പ്‌ മാനസിക തയാറെടുപ്പില്‍.
ആര്‍ക്കും ഏതുതരം വിഭാവനങ്ങളും സാധ്യമായൊരു ജനിതക തിരക്കഥയില്‍ പരിണാമത്തിന്റെ സംവിധാനശാഠ്യങ്ങള്‍ എന്താവും? ആണിന്റെ അന്ത്യം പ്രവചിച്ചത്‌ ഒരു ആണാണെങ്കില്‍, കഥാഗതിയില്‍ അവനെ തിരിച്ചുപിടിക്കാന്‍ പറ്റുന്നൊരു പാഠഭേദം നല്‍കുന്നത്‌ ഒരു പെണ്ണാണ്‌. പേര്‌ ജെന്നി ഗ്രേവ്‌സ്‌.
വൈ ഇല്ലാത്ത ആണിന്റെ പുനരുല്‍പാദനശേഷി നശിക്കാമെങ്കിലും, ചിലര്‍ക്കെങ്കിലും ആണിന്റെ അടയാളം കുറിക്കുന്ന പുതിയൊരുതരം, ജീനുകള്‍ അടുത്ത തലമുറയില്‍ എത്തിക്കാന്‍ കഴിയുമെന്ന്‌ അവര്‍ കരുതുന്നു. ഈ പുതിയ ജീനുകള്‍ പുതിയൊരു ജീവിവര്‍ഗം (സ്‌പീഷീസ്‌) തന്നെ സൃഷ്‌ടിക്കാം. പഴയ വൈ ക്രോമസം തിരോഭവിക്കും. പക്ഷേ, പതിനഞ്ച്‌ ദശലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം മാത്രം.

വൈ ക്രോമസമില്ലാത്ത ആണ്‌.
എക്‌സ്‌ എക്‌സ്‌ മാന്‍.
അവനെ തേടുന്ന ആളാണ്‌ ആന്‍ഡ്രൂ സിന്‍ക്ലെയര്‍. ഒരു ലക്ഷത്തി അമ്പതിനായിരം ആണുങ്ങളില്‍ ഒരാള്‍ ആ എക്‌സ്‌ എക്‌സ്‌ പുരുഷനാണ്‌. അവന്‍ ഒരു തിരക്കഥാപാത്രമല്ല; മറിച്ച്‌, ഒരു യഥാര്‍ഥ സ്ഥിതിവിവരത്തില്‍, മറ്റൊരുതരം ആണ്‌. സത്യത്തില്‍ എക്‌സ്‌ എക്‌സായി പിറക്കുന്നവര്‍ക്കിടയില്‍ പത്തുശതമാനം പേരിലെങ്കിലും വൈയിന്റെ ചില സൂക്ഷ്‌മാംശങ്ങള്‍ കാണാം. നിര്‍ണായകതക്ക്‌ അത്രയേ വേണ്ടൂ. അതൊരു പുതിയ ജീവിവര്‍ഗത്തിന്‌ ജന്മം നല്‍കുമെന്ന്‌ ജെന്നി ഗ്രേവ്‌സ്‌ പറയുന്നത്‌ വളരെ സൈദ്ധാന്തികമായ ഒരര്‍ഥത്തിലേ സിന്‍ക്ലെയര്‍ക്ക്‌ സ്വീകരിക്കാനാവൂ. പൂര്‍ണമായും വൈ ക്രോമസം നഷ്‌ടപ്പെട്ട ആണുങ്ങള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ ഏതെങ്കിലും ഒരു വിധത്തില്‍ പരിണമിച്ചേ തീരൂ. ആ പരിണാമിക സമ്മര്‍ദത്തില്‍പ്പെട്ടാലാകട്ടെ പുതിയൊരു ജീവിയല്ലെങ്കിലും പുതിയൊരു വ്യക്‌തിയെങ്കിലുമാകാതെ ആണിന്‌ വേറെ വഴിയില്ല.
മറ്റൊരു തരം ആണിനെക്കുറിച്ചുള്ളൊരു ഹ്മെമിനിസ്റ്റ്‌ മോഹത്തിന്റെ സാക്ഷാല്‍ക്കാരമാവില്ലിത്‌. പക്ഷേ, അങ്ങനെയൊരു വ്യാമോഹത്തിനെങ്കിലും ഇവിടെ പഴുതുണ്ട്‌.

3 Comments:

Blogger കേരളീയന്‍ said...

മേതില്‍ വരുമെന്നറിയാമായിരുന്നു...കാത്തിരുന്നു. കാലം മറയ്ക്കാതെ, ആ കയ്യൊപ്പ്. ബൂലോകത്തില്‍ അഗ്ഗ്നിപര്‍വ്വതത്തിന്റെ സ്പോര്‍.

October 10, 2006 4:58 PM  
Blogger സങ്കുചിത മനസ്കന്‍ said...

ഇവിടെ കണ്ടതില്‍ സന്തോഷം!

ചെടി സഞ്ചരിക്കുന്ന ദൂരം ചെടിയാത്തീരുന്നതുപോലെ....

സ്വാഗതം....

എന്തിന് കമന്റ് മോഡറേഷന്‍ എനാബിള്‍??

October 10, 2006 5:42 PM  
Blogger -സു‍-|Sunil said...

Nice to see you here atlast!

October 10, 2006 7:35 PM  

Post a Comment

Links to this post:

Create a Link

<< Home