Tuesday, October 10, 2006

ഒരു ചാരായമട്ടം ഉലയുമ്പോള്‍

ചാരായമട്ടത്തിലെ കുമിള ഒരു വശത്തേക്ക്‌ നീങ്ങുകയാണോ? ആണും പെണ്ണും തമ്മിലുള്ള അനുപാതം പെണ്ണിന്‌ പ്രതികൂലമായി ചായുന്നൊരു പുനരുല്‍പാദന വ്യവസ്ഥയെക്കുറിച്ച്‌, അതിലെവിടെയോ അദൃശ്യമായി തകരുന്ന ഗുരുത്വത്തെക്കുറിച്ച്‌, നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു? പെണ്‍കുഞ്ഞുങ്ങളെ കൊല്ലല്‍ പതിവില്ലാത്ത രാജ്യങ്ങളെപ്പോലും ശല്യപ്പെടുത്തിയേക്കാവുന്നൊരു സംവിധാനം ഇന്ത്യയെ എങ്ങനെ ബാധിക്കാം?

വസന്ത മുത്തുസ്വാമി പറഞ്ഞതോര്‍ക്കുന്നോ?
ഇന്ത്യയിലെ വൈദ്യശാസ്‌ത്ര ഗവേഷണരംഗത്തെ ഈ മുന്‍നിര വിദഗ്‌ധ 2004ല്‍, വേദങ്ങളുടെ കാലം തൊട്ടുള്ള ചില കാര്യങ്ങളില്‍നിന്ന്‌ സമകാലിക ജനസംഖ്യാവസ്ഥയിലേക്ക്‌ കടന്നു പറഞ്ഞു, അനുപാതം തെറ്റിക്കൊണ്ടിരിക്കയാണെന്ന്‌. 1961ലെ നിരക്കനുസരിച്ച്‌ 1000 ആണുങ്ങള്‍ക്ക്‌ 976 പെണ്ണുങ്ങള്‍. 2001ലെ നിരക്കനുസരിച്ച്‌ 1000 ആണുങ്ങള്‍ക്ക്‌ 927 പെണ്ണുങ്ങള്‍. തെരുവിലെ ഒരു സ്‌ത്രീക്ക്‌ പെണ്‍കുഞ്ഞിനെ കൊല്ലേണ്ടി വരുമ്പോള്‍, മറ്റു ചിലര്‍ക്ക്‌ വൈദ്യശാസ്‌ത്രസഹായത്തോടെ പെണ്‍ജനനം തന്നെ ഒഴിവാക്കാം. പി.ജി.ഡി (പ്രി ഇംപ്ലാന്റേഷന്‍ ജെനറ്റിക്‌ ഡയഗനോസിസ്‌) പോലുള്ള സാങ്കേതികവിദ്യകള്‍ മരണം ഇല്ലാതെ പെണ്ണുങ്ങളുടെ ജനസംഖ്യ ചുരുക്കുന്നു.

വേദങ്ങളുടെ കാലത്തുപോലുമുണ്ടായിരുന്നൊരു പഴയ പക്ഷപാതമാണ്‌ ഡോക്‌ടര്‍ വസന്ത ഒരു തുടര്‍ച്ചയില്‍ ഇവിടെ കാണുന്നത്‌. പക്ഷേ, അന്നൊക്കെ സ്‌ത്രീയുടെ സാമൂഹികപദവി പുരുഷന്റേതിനു തുല്യവും, ചില സന്ദര്‍ഭങ്ങളിലെങ്കിലും ഒരല്‍പം ഉയര്‍ന്നതു പോലുമായിരുന്നെന്ന്‌ അവര്‍ ഒരിടത്ത്‌ പറഞ്ഞു. പക്ഷേ, പെണ്‍ജനനം ഒഴിവാക്കല്‍ ഒരു പുതിയ നീക്കമാണ്‌. പൊതുവേ പറഞ്ഞാല്‍, പില്‍ക്കാല അന്നദാതാക്കളും അച്‍ഛനമ്മമാരുടെ മരണാനന്തര ക്രിയകള്‍ക്ക്‌ അവകാശികളുമായി പിറക്കുന്ന ആണ്‍കുട്ടികള്‍ കൂടുതല്‍ കൂടുതലാകുമ്പോള്‍ ജനസംഖ്യാപ്രവണത സ്ഥിതിവിവര കൗതുകം കടന്ന്‌ ഒരു ആപദ്‌സൂചനയാകുന്നു.

ഭൂമിയുടെ ചാരായമട്ടം ഉലയുന്നു.
വരുംവരായ്കകള്‍ അവിചാരിതമാവില്ല.
ചൈനക്കാരിയായ ഡോക്‌ടര്‍ സൂ വൈ സിങ്ങും ഇംഗ്ലണ്ടുകാരിയായ തെരേസ ഹെസ്കത്തുമാണ്‌ അടുത്ത കാലത്ത്‌ അവിവാഹിത പുരുഷന്മാരുടെ തട്ട്‌ ഭയാനകമായി താഴാന്‍ തുടങ്ങുന്നൊരു ലോകത്തിന്റെ ഭാവി വായിക്കാന്‍ ശ്രമിച്ചത്‌. ജന്തുസ്വഭാവശാസ്‌ത്രം അവരുടെ ഭാഗത്താണ്‌. പെണ്ണുങ്ങള്‍ വിരളമാകുന്നൊരു ലോകത്തില്‍, യഥാകാലം സ്വന്തമായൊരു കുടുംബജീവിതം തുടങ്ങുന്നതിനുള്ള ഭൗതിക സാധ്യതകള്‍ ഇല്ലാതെയും ലൈംഗികോര്‍ജത്തിന്‌ പ്രകാശനം ലഭിക്കാതെയും തുടരേണ്ടി വരുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍ക്ക്‌ കുതിക്കാന്‍ പാകമായ സ്കീയിങ്‌ ചരിവുകളാണ്‌ സമൂഹവിരുദ്ധ പ്രവര്‍ത്തനവും ആക്രമണവാസനയും.

ചുവട്ടില്‍ ഭൂഗുരുത്വം ഇരമ്പുന്നു
ആക്രമണവാസന ഏതാണ്ട്‌ തികച്ചും ആണിന്റെ കുത്തകയാണെന്ന വസ്‌തുതയും, അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക്‌ മറ്റാരെക്കാളുമധികം കൂട്ടം ചേര്‍ന്ന്‌ ഒരു കൂട്ടത്തിന്റെ ആവിഷ്കാരം തേടാനുള്ള ശാഠ്യം അധികമാണെന്ന വസ്‌തുതയും ഒപ്പം പരിഗണിക്കുക. പള്ളിയും തീവണ്ടിയും കത്തിക്കലും കൂട്ടബലാല്‍സംഗങ്ങളും തൊട്ട്‌ ആഗോളാടിസ്ഥാനത്തിലുള്ള ഭീകരതാപ്രവര്‍ത്തനങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്നൊരു അവസര ലോകം അവരെ ജാഗരൂകമായി കാത്തിരിക്കയാണെന്ന വര്‍ത്തമാന പശ്ചാത്തലവും പരിഗണിക്കുക. ഇന്നത്തെ അവസ്ഥയില്‍ ഇതൊരു 'സൈ^ഹ്മി' പ്രമേയം മാത്രമാവില്ല. ഒരു കിടപ്പറയുടെ സ്വകാര്യതയിലിരുന്ന്‌ നമുക്ക്‌ ആണ്‍കുഞ്ഞ്‌ മതിയെന്ന്‌ തീരുമാനിക്കുന്നൊരു ആണിന്റെയും പെണ്ണിന്റെയും ദീര്‍ഘദൃഷ്‌ടി ഇവിടെ എത്തില്ല.
ജനസംഖ്യാപരമായിപ്പോലും തുല്യത നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നൊരു സ്‌ത്രീവര്‍ഗമെന്ന സങ്കല്‍പം നമ്മെ അലട്ടാന്‍ തുടങ്ങുന്നതേയുള്ളൂ.

ഇവിടെ മറ്റൊരു തിരിച്ചിലുണ്ട്‌.
ഒരു വിപര്യയത്തില്‍, ആണ്‍കുഞ്ഞു മതിയെന്ന തീരുമാനം ആണിനെ ബലികളിലെ കാളയും കൊറ്റനാടും പൂവന്‍കോഴിയുമാക്കുന്നു. ഭാവിയിലെ അന്നദാതാവാണെന്ന ആനുകൂല്യമാണ്‌ തന്റേതെന്ന വസ്‌തുത അവനെ ഒരു വസ്‌തുവാക്കുന്നു. പലപ്പോഴും തിരക്കിനിടയില്‍ നാം മറന്നുപോകുന്നൊരു വിശദാംശം. ഇനി അവന്റെ പിറവിയുടെ രണ്ടാം കാരണം. വേദങ്ങളുടെ കാലത്ത്‌ ആചാരാനുഷ്ഠാനങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന നിര്‍ദിഷ്‌ടതയും പ്രാധാന്യവും ഇപ്പോള്‍ ഇല്ലെങ്കിലും, മരണാനന്തരച്ചടങ്ങുകള്‍ ഇപ്പോഴും എവിടെയുമുണ്ട്‌. പലേടങ്ങളിലും അത്‌ ആണിന്റെ അവകാശമായി തുടരുകയും ചെയ്യുന്നു. ഇന്ത്യയും ചൈനയും മാത്രം കണക്കിലെടുത്താല്‍പ്പോലും ആണ്‍കുഞ്ഞുങ്ങളോടുള്ള പക്ഷപാതം കാരണം ഇല്ലാതെയായത്‌ എണ്‍പത്‌ ദശലക്ഷം ഈ പെണ്ണുങ്ങളാണെന്ന്‌ സ്ഥിതിവിവരം. ആകയാല്‍ പെണ്ണുങ്ങളെ ഉദ്ദേശിച്ചുള്ള മരണാനന്തരച്ചടങ്ങുകള്‍ അവര്‍ക്ക്‌ പകരം ഉണ്ടായ ആണുങ്ങളുടെ പ്രത്യേക അവകാശമാകുന്നു!
(കുറിപ്പ്‌: ഉപരിതലങ്ങളുടെ നിരപ്പ്‌ തിട്ടപ്പെടുത്താന്‍ പഴയ കെട്ടുകാര്‍ എപ്പോഴും കൂടെക്കരുതാറുണ്ടായിരുന്ന സ്‌പിരിറ്റ്‌ ലെവല്‍ എന്ന ഉപകരണമാണ്‌ ഈ ലേഖനത്തില്‍ കടന്നുകൂടിയ ചാരായമട്ടം. എന്റെ മറ്റേതെങ്കിലും രചനയില്‍ അതുണ്ടെങ്കില്‍ ആവര്‍ത്തനം ക്ഷമിക്കുക. ബാല്യകാലസ്‌മൃതികളില്‍നിന്ന്‌ എന്റെ മനസ്സില്‍ എപ്പോഴും തുടരുന്നൊരു അപാര ബിംബമാണത്‌. അസമതയുള്ള ഏത്‌ സന്ദര്‍ഭത്തിലും എന്റെ മനസ്സിലൂടെ ആദ്യംപായുന്നത്‌ ആ ചാരായമട്ടത്തിലെ കുമിളയാവും.

മൂന്നുവര: ഇടവേള?
യാത്രാ വിവരണത്തില്‍ കലാശിക്കാന്‍ ഇടയില്ലാത്തൊരു യാത്ര പറച്ചിലാണിത്‌. ഞാന്‍ ഒരിടത്തേക്ക്‌ തിരിക്കുന്നു. ജര്‍മനിയിലെ ലൈപ്‌ സിഗ്ഗിലേക്ക്‌.

ലോകകപ്പ്‌ നടക്കുന്ന കാലത്ത്‌ രണ്ട്‌ ലൈപ്‌സിഗ്ഗുകാര്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എഴുത്തുകാരിയായ ആന്‍ഗല ക്രോസ്‌, കാല്‍പ്പന്തുകളിക്കാരനായ ബല്ലാക്ക്‌. ചെന്നൈയില്‍, ഗെറ്റെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുറ്റത്ത്‌ സിനിമാ പ്രദര്‍ശന വലുപ്പത്തിലാണ്‌ ഒരു കളി ഞാന്‍ കണ്ടത്‌. ഒപ്പം ആന്‍ഗല ഉണ്ടായിരുന്നു. ലോകകപ്പില്‍ ജര്‍മനി ജയിക്കണമെന്ന്‌ ഞാന്‍ പറഞ്ഞത്‌ ഒരു പത്രത്തില്‍ വന്നപ്പോഴുണ്ടായ വിമര്‍ശത്തെക്കുറിച്ച്‌ ഞാന്‍ സംസാരിച്ചു. കാല്‍പ്പന്തുകളിയെക്കുറിച്ചുള്ള അജ്ഞതക്കപ്പുറത്ത്‌ മറ്റൊരു ഘടകം ആ വിമര്‍ശത്തിനു പിന്നിലുണ്ട്‌. പഴയ കമ്യൂണിസ്റ്റ്‌ രാജ്യമായ കിഴക്കന്‍ ജര്‍മനി കൂടിയുള്ളതാണ്‌ ഇപ്പോഴത്തെ ജര്‍മനിയുടെ ടീമെന്നും അതിനെ നയിച്ച ബല്ലാക്ക്‌ കിഴക്കന്‍ ജര്‍മനിയുടെ പയ്യനാണെന്നുമുള്ള സാമാന്യബോധത്തിന്റെ അഭാവം. ബല്ലാക്കിന്റെ ജീവചരിത്രവുമായി ഞാന്‍ പരിചയപ്പെട്ടിരുന്നു. ആന്‍ഗലപറഞ്ഞു: "എന്റെ അമ്മ ജനിച്ചുവളര്‍ന്ന അതേ തെരുവില്‍നിന്നാണ്‌ ബല്ലാക്ക്‌ വരുന്നത്‌".

രണ്ട്‌ ലൈപ്‌സിഗ്ഗുകാര്‍ എന്റെ ചങ്ങാതികളായി.പക്ഷേ, ജര്‍മനിയെ ജയിപ്പിക്കാന്‍ ബല്ലാക്കിനു കഴിഞ്ഞില്ല. തന്റെ സന്ദര്‍ശന ദൗത്യത്തിന്റെ ഭാഗമായി ആന്‍ഗല ചെന്നൈയെപ്പറ്റി എഴുതിയ കുറിപ്പുകള്‍ എനിക്ക്‌ വളരെ മോശമായി തോന്നി.

ബല്ലാക്ക്‌ എന്നെ നിരാശപ്പെടുത്തി.
ആന്‍ഗല എന്നെ നിരാശപ്പെടുത്തി.
പക്ഷേ, ഞാന്‍ അവരുടെ നഗരത്തിലേക്ക്‌ പോകുന്നു.
യാത്ര കഴിഞ്ഞു തിരിച്ചെത്തിയാല്‍ ഞാന്‍ വീണ്ടും 'മൂന്നുവര' എഴുതിയേക്കാം.
ഇടവേള ക്ഷമിക്കുക.

4 Comments:

Blogger sunil krishnan said...

യ്യോ മേതില്‍ജീയും ബൂലഗത്തിലോ! അതും ഒറ്റയടിക്ക് അരഡസന്‍ പോസ്റ്റുകളുമായി. വായിക്കട്ടെ.. വായിക്കട്ടെ.

സ്വാഗതം സ്വാഗതം

October 10, 2006 5:14 PM  
Blogger അനംഗാരി said...

മേതില്‍, ഹൃദയം നിറഞ്ഞ സ്വാഗതം. 2001ല്‍ ബ്ലോഗ്ഗ് തുടങ്ങിയിട്ടും ഇപ്പോഴെങ്കിലും എഴുതി തുടങ്ങി കാണുന്നതില്‍ സന്തോഷം.

October 10, 2006 7:29 PM  
Blogger വിഷ്ണു പ്രസാദ് said...

എഴുത്തുകൊണ്ട് മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ/നാളെയുടെ എഴുത്തുകാരനായി ഞങ്ങളെന്നും മാറ്റിവെച്ചിട്ടുള്ള പ്രിയ കഥാകാരാ അങ്ങിവിടെ വരുന്നുവെന്ന് എന്റെ ആറാമിന്ദ്രിയം
അടുത്ത ദിവസം എന്നോട് പറഞ്ഞിരുന്നു.മേതില്‍,
ഈ സന്തോഷം ബ്ലോഗുലഗത്തോട് വിളിച്ചു കൂവണമെന്നുണ്ട്.

October 11, 2006 9:27 PM  
Blogger പാര്‍വതി said...

മേതിലിനെ എനിക്കറിയില്ല, പക്ഷേ എല്ലാ ലേഖനങ്ങളിലും ഈ ലേഖനം എന്റെ ശ്രദ്ധയാകര്‍ഷിച്ചു, സ്ത്രീയായത് കൊണ്ടോ സ്ത്രീപക്ഷ വാദിയായത് കൊണ്ടോ അല്ല, ഇന്ന് നടക്കുന്ന പല സംഭങ്ങളുടെയും മൂലകാരണത്തെ ഇവിടെ വിശകലം ചെയ്യാനാവുന്നല്ലോ എന്ന തിരിച്ചറിവ്..

-പാര്‍വതി.

October 27, 2006 2:15 PM  

Post a Comment

Links to this post:

Create a Link

<< Home