Thursday, October 26, 2006

നിങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍

ജെയിംസ് ഹാഡ്ലേ ചേസിന്റെ പഴയൊരു ത്രില്ലറിന്റെ തലക്കെട്ടില്‍ കുറ്റകൃത്യങ്ങളുടെ ലോകത്തെക്കുറിച്ചൊരു തത്ത്വം കാണാം: എവിടെയും എല്ലാറ്റിനും ഒരു വിലയുണ്ട്. There's Always a Price Tag'. ഇന്നത് ലോകത്തിന്റെ മുഴുവന്‍ പ്രമേയ ഗാനമാകാം. ഒരു സൂപ്പര്‍മാര്‍ക്കറ്റിലോ മറ്റോ കാണാവുന്ന ഏത് തരം ഉല്‍പന്നത്തിന്റെയും പിന്നില്‍, അദൃശ്യമായൊരു ചരടിന്റെ അറ്റത്തെ വിലവിവരംപോലൊന്ന് സ്ഥിതി ചെയ്യുന്നു. നമുക്കതിനെ കാര്‍ബണ്‍ കോസ്റ്റ് എന്നു വിളിക്കാം.

ഭൌതിക ശാസ്ത്രജ്ഞനും ബഹിരാകാശ എഞ്ചിനീയറുമായ എറിക് ഡേലറെപ്പോലുള്ളവരുടെ പരിതോവസ്ഥാപരമായ ഇഷ്ടാനിഷ്ടങ്ങളില്‍ അതൊരു ഭാഗമാകുന്നു.
അദ്ദേഹത്തെക്കുറിച്ചൊരു റിപ്പോര്‍ട്ട് അടുത്ത കാലത്ത് എന്റെ ശ്രദ്ധയില്‍ പെട്ടു. അതിങ്ങനെ പറയുന്നു: യാത്രകള്‍ തനിക്ക് വളരെ പ്രിയപ്പെട്ടതെങ്കിലും ഓരോ വിമാനത്തില്‍ കയറുംതോറും തന്റെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ വലുതായി വരുകയാണെന്ന് ഡേലര്‍ പറയുന്നു.

എന്താണീ കാര്‍ബണ്‍ കാല്‍പ്പാടുകള്‍?

ഒരു സാധാരണ ദിവസത്തില്‍ നിങ്ങളുടെ ശരീരവും ചേഷ്ടകളും ചലനങ്ങളും പെരുമാറ്റങ്ങളുമെല്ലാം ചേര്‍ന്ന് ആസന്ന അന്തരീക്ഷത്തിലേക്ക് തൊടുക്കുന്ന അംഗാരാമ്ള വായുവിന്റെ അളവാണത്. നിങ്ങള്‍ ചെയ്യുന്ന എന്തും ഒരു കാര്‍ബണ്‍ വിതരണം ഉളവാക്കുന്നു. ഒരു ജനാലയുടെ കൊളുത്തിടുമ്പോഴും കുപ്പായത്തിന്റെ കുടുക്കഴിക്കുമ്പോഴും ചായയിലെ പഞ്ചസാര ഇളക്കുമ്പോഴുമെല്ലാം അത് സംഭവിക്കുന്നു. സ്ഥലകാലങ്ങളിലൂടെ തുടരുന്ന ഏത് സാധാരണ നിലനില്‍പിന്റെയും അനിവാര്യ അവശിഷ്ടങ്ങള്‍. ചുട്ടു പഴുക്കാന്‍ തുടങ്ങുന്നൊരു ഭൂമിക്ക് മൂന്ന് ദശാംശം അഞ്ചു ശതമാനമെങ്കിലും കാരണം മനുഷ്യരുടെ വിമാനയാത്രകളാണെന്ന് ഒരു ആധികാരിക കേന്ദ്രം തെളിയിച്ചിരിക്കുന്നു.

പരിഹാരം പക്ഷേ നിശ്ചലതയാകരുതല്ലോ?
ശ്വാസംപിടിച്ച് ഭൂമിയെ രക്ഷിക്കാനാകുമോ?

പക്ഷേ, ചില പരിതോവസ്ഥാ മിത്തുകളില്‍ നിന്നുള്ള വിമോചനം അത്യാവശ്യമാണ്. നാട്ടിന്‍പുറങ്ങളില്‍ ചില കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും ഇതൊന്നും തീരെ ബാധകമല്ലെന്നു തോന്നാം. പക്ഷേ, നഗരങ്ങളില്‍ അവയെ എത്തിക്കാന്‍ വേണ്ട വ്യവസ്ഥകളില്‍ (പാക്കിംഗ്, ഗതാഗതം, മറ്റുംമറ്റും) തീര്‍ച്ചയായും അംഗാരച്ചെലവുകളുണ്ട്. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളെ, ഓട്ടിക്കുന്നത് വിദ്യുച്ഛക്തിയാണെങ്കില്‍ പരിസര മലിനീകരണം ഒഴിവാക്കാമെന്നു തോന്നാം. പക്ഷേ, ആഗോളാടിസ്ഥാനത്തില്‍, നമുക്കറിയാവുന്നതിലേക്കും വെച്ച് വലിയ കാര്‍ബണ്‍ വിക്ഷേപണ സ്രോതസ്സുകളിലൊന്ന് വിദ്യുച്ഛക്തിയുല്‍പാദനമാണെന്ന് പലര്‍ക്കും അറിയില്ല. ഉദാഹരണത്തിന് കല്‍ക്കരിപോലുള്ള ഫോസില്‍ഇന്ധനങ്ങള്‍ കത്തിച്ചാണ് അമേരിക്കക്കാര്‍ അവര്‍ക്കു വേണ്ട വിദ്യുച്ഛക്തിയുടെ എഴുപത് ശതമാനവും ഉല്‍പാദിപ്പിക്കുന്നത്.

ചുറ്റും കരിയും പുകയും ഒന്നുമില്ലെങ്കിലും എവിടെയൊക്കെയോ ആരുടെയൊക്കെയോ കാര്‍ബണ്‍ പാദമുദ്രകള്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു. അവ ഭൂമിയുടെ ആയുസ്സ് അളന്നു തീര്‍ക്കുകയാണ്.

ചുവന്ന മുളകിന്റെ എരിവളക്കാന്‍

എരിവിന്റെ നാളത്തില്‍ ചുവക്കുന്ന മുളക് ഒരേ സമയത്തൊരു പ്രണയത്തിന്റെ തീക്ഷ്ണതയും വളരെ തീക്ഷ്ണമായൊരു ദൈഹിക വികാരവും ആവുന്നേടത്താണ് 'വുമണ്‍ ഓണ്‍ റ്റോപ്പ്' എന്ന ചലച്ചിത്രം അതിന്റെതന്നെ സാധാരണതയില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്നത്. ചുണ്ടുകളും ഒരു ചുവന്ന മുളകും അന്യോന്യം മാറിപ്പോകുന്നൊരു ചുംബന പരമ്പരയുടെ അപ്പുറത്താണത്. മുഖ്യ കഥാപാത്രത്തിന്റെ പാചക വൈദഗ്ധ്യം വെളിപ്പെടുന്ന സ്റ്റഡി ക്ലാസുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ഇതിവൃത്തത്തിന്റെ ചേരുവകള്‍ ഒന്നിക്കുന്നു.

പുറത്ത് മുളകിന്റെ എരുവ്, സ്വാദ്.
അകത്ത് രണ്ട് തീയുകള്‍.
രതിയും വിശപ്പും.

ഇസബെല്ല ഒരു മുളകെടുത്ത് മണത്തും രുചിച്ചും അതിനെ അറിയേണ്ടതെങ്ങനെയെന്ന് വിവരിക്കുന്നേടത്ത് ശാസ്ത്രജ്ഞര്‍ക്ക് കയറിവരാം. പ്രത്യേകിച്ചും അന്ന ബര്‍ജര്‍, ലിന്‍ഡ ബാര്‍ടോഷക്ക് എന്നിവര്‍ക്ക്. രണ്ട് പെണ്ണുങ്ങളുടെ മധുരപലഹാര നിര്‍മാണമെന്ന് പരിഹസിക്കപ്പെട്ടൊരു ചികില്‍സാവിധിയില്‍, മുളകിലെ എരിവിന്റെ ദ്രവ്യമായ കാപ്സേസിന്‍ അടങ്ങിയ ടോഫികള്‍ കൊടുത്ത് അര്‍ബുദരോഗികളുടെ വേദനയകറ്റിയ വിദഗ്ധകളാണവര്‍. അവരുടെ പ്രയോഗം അര്‍ബുദചികില്‍സയിലെ വളരെ ഋജുവായൊരു മുറയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചെത്തുക, കരിക്കുക.

ഒരു കൂട്ടം വിദഗ്ധര്‍ അര്‍ബുദം ആവുന്നേടത്തോളം ചെത്തിക്കളയുന്നു. മറ്റൊരു കൂട്ടം വിദഗ്ധര്‍ ഔഷധക്രിയയോ പ്രസരമോ രണ്ടുമോ ഉപയോഗിച്ച് ആ ഭാഗം കരിച്ചു കളയുന്നു. ഔഷധക്രിയ (കെമോതെറാപി) ഉടലിലെമ്പാടും അതിവേഗമുണ്ടാകുന്ന കോശങ്ങളുടെ വളര്‍ച്ച തടയാമെന്നതുകൊണ്ട് രോഗികളില്‍ പലരും (40 ശതമാനം - 70 ശതമാനം) വായ്പുണ്ണ് ബാധിച്ച് ഒന്നും മിണ്ടാനോ തിന്നാനോ വയ്യാത്ത അവസ്ഥയിലെത്തുന്നു. കാപ്സേസിന്‍ ടോഫികളുടെ പ്രയോഗം ഇവിടെയാണ്. എരിവ് നമ്മുടെ വിശപ്പു കൂട്ടുന്നതിന്റെ രഹസ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. തീറ്റയുടെ ഒരു ഘട്ടത്തില്‍ വിശപ്പ് അടങ്ങിയെന്ന് നമുക്കു തോന്നുന്നത് ആമാശയ വലിവ് പിടിച്ചെടുക്കുന്ന ചില സൂക്ഷ്മോപാധികളുടെ സന്ദേശം ഉണ്ടാകുമ്പോഴാണ്. അവയുടെ പ്രവര്‍ത്തനം ക്ഷയിച്ചാല്‍ വയറു നിറഞ്ഞാലും നമുക്ക് തീറ്റ തുടരാന്‍ തോന്നും. കാപ്സേസിന് ഈ പ്രവര്‍ത്തനം ക്ഷയിപ്പിക്കാനാവും. വായ്പുണ്ണിന്റെ വേദന അറിയാനുള്ള ഉപാധികളെയും ക്ഷയിപ്പിക്കാനാവും.

വിസ്കി നാവിലുണ്ടാക്കുന്ന തരിപ്പറിഞ്ഞവര്‍ക്ക് ഇവിടെ പലതരം ഇന്ദ്രിയാനുഭൂതികള്‍ ഓര്‍ക്കാനുണ്ടാവും.

എരിവ്, മദ്യം, കൊഴുപ്പ്.

കാപ്സേസിനും അതേപോലെ മുളകിലെ എരിവാകുന്ന മറ്റ് കെമികദ്രവ്യങ്ങളും അത്ര പെട്ടെന്നൊന്നും വെള്ളത്തില്‍ അലിയില്ല. കൊഴുപ്പില്‍ വിലയിക്കല്‍ അവക്ക് ഒരു സുഖമാണെന്നു തോന്നും. നാവിലെ എരിവ് ശമിപ്പിക്കാന്‍ പാലിനുള്ള ശക്തി ഈ പറഞ്ഞതിലുണ്ട്. എരിവും മദ്യവും തമ്മിലുള്ള ബന്ധത്തിലാകട്ടെ ഒരു വൈരുധ്യാത്മകത കാണാം. പരീക്ഷണശാലകളില്‍ ആവശ്യമായ ചാരായത്തില്‍ കാപ്സേസിന്‍ വേഗം അലിയും. അതനുസരിച്ച് പാലിനെപ്പോലെ എരിവ് ശമിപ്പിക്കാന്‍ ചാരായത്തിന് കഴിയേണ്ടതാണ്. എന്നാല്‍ അല്‍പം മദ്യം കലര്‍ത്തിയ വെള്ളത്തേക്കാള്‍ ഈ കഴിവുള്ളത് വെറും വെള്ളത്തിനാണ്.

അപ്പോള്‍, എരിവ് അളക്കുന്നതെങ്ങനെ?
സ്കോവില്‍ എന്ന യൂനിറ്റുകളിലൂടെ.

സാധാരണ കമ്പോളത്തില്‍ കാണാവുന്ന പല മുളകുസോസുകളും 300 യൂനിറ്റുകളില്‍ തുടങ്ങുന്നു. നേരിട്ട് മുളകിലേക്ക് കടക്കുമ്പോള്‍ ആയിരക്കണക്കില്‍ അതുയരുന്നു. ആസാമില്‍ നമ്മുടെ പട്ടാളത്തിന്റെ അകമ്പടി നേടിയ തേസ്പൂരില്‍ പ്രാകൃതികമായുണ്ടാവുന്ന നാഗ ജോലോക്കിയ എന്ന മുളകാവാം ഒരുപക്ഷേ ഗിന്നസിന്റെ പുസ്തകത്തില്‍ എത്തിയിരിക്കുക. അതിന്റെ എരിവ് 8,55,000 യൂനിറ്റുകള്‍! പട്ടാളത്തെയും മുളകിനെയും കുറിച്ചു പറയുമ്പോള്‍ 'മിര്‍ച് മസാല' ഓര്‍മയിലെത്തുമോ? നികുതി പിരിക്കുന്ന സുബേദാര്‍മാര്‍ അടിച്ചൊതുക്കിയൊരു ഗ്രാമം പൊട്ടിത്തെറിക്കുന്നത് അവിടത്തെ പെണ്ണുങ്ങളുടെ മുളകുപൊടി പ്രയോഗത്തിലൂടെയാവുന്നത് ഓര്‍ക്കാന്‍ ഒരു കാരണം 'കാപ്സിക്കം സ്പ്രേ' എന്ന പേരിലൊരു പൊലീസായുധം ചിലേടങ്ങളില്‍ ഉള്ളതാണ്. നാല് മീറ്റര്‍ വരെയെത്താവുന്ന എരിവുണ്ടാക്കാന്‍ അതാശ്രയിക്കുന്നത് അഞ്ചു ശതമാനം മുളകു ചേര്‍ത്ത പ്രാകൃതിക തൈലങ്ങളെയാണ്. കണ്ണിലെ അതിസൂക്ഷ്മമായ ചോരക്കുഴലുകള്‍ തകര്‍ത്ത് ഒരാളെ അഞ്ചു മിനിറ്റോളം ആന്ധ്യത്തിലാഴ്ത്താന്‍ അതിന് കഴിയും.

സ്കോവില്‍ സ്കെയില്‍ ഉപയോഗിച്ച് ഇതുപോലുള്ള എല്ലാ പ്രയോഗങ്ങളുടെയും അളവുകള്‍ തിട്ടപ്പെടുത്താം. പക്ഷേ, പ്രണയസ്മൃതിയായും വിവാഹത്തിലെ മുറിവായും തന്റെ തൊഴിലായ പാചകവിദ്യയുമായുമെല്ലാം ചുവന്ന മുളകിനെയറിഞ്ഞ ആ ബ്രസീര്‍കാരിക്കുപോലും അറിയാത്തൊരു കാര്യമുണ്ട്. മുളക് നമ്മുടെ നാവില്‍ എരിവാകുന്നതിന്റെ കൃത്യശാസ്ത്രം എന്താണ്?

Tuesday, October 10, 2006

പുകയുള്ളേടത്തെല്ലാം സന്ദേശങ്ങളുണ്ട്‌

ചുവപ്പിന്ത്യക്കാരുടെ പുകയെഴുത്തിലെന്നതുപോലെ കാട്ടുതീയിന്റെ പുകയിലും ഒരു സന്ദേശമുണ്ട്‌. ആരും അതറിഞ്ഞില്ല, അടുത്ത കാലത്ത്‌ ഡോക്‌ടര്‍ കിങ്ങ്‌സ്‌ലി ഡിക്‌സനും കൂട്ടരും അത്‌ വായിച്ചെടുക്കും വരെ. ഓസ്‌ട്രേലിയയില്‍ വളരെ സാധാരണമായ ബുഷ്‌ ഹ്മയര്‍ (കാടുകളിലും കുറ്റിക്കാടുകളിലും പുല്‍പ്പരപ്പുകളിലുമെല്ലാം വ്യാപരിക്കുന്ന തീ) തട്ടുമ്പോള്‍ ചില ചെടികളുടെ ഉണക്കവിത്തുകള്‍ പൊട്ടുന്നു. തീയുമായി പൊരുത്തപ്പെടാന്‍ സസ്യവര്‍ഗങ്ങള്‍ സ്വീകരിച്ച പലതരം പാരിണാമിക ഉപാധികളില്‍ ഒന്നു മാത്രമാണത്‌.

തീയില്‍നിന്ന്‌ പുകയിലേക്ക്‌.
പുകയെഴുത്തുകള്‍ എന്ത്‌ പറയുന്നു?
അതൊരു കെമികദ്രവ്യത്തെക്കുറിച്ച്‌ പറയുന്നു? ഒരുതരം ബ്യൂട്‌നോലൈഡ്‌. ശാസ്‌ത്രത്തിനുതന്നെ പുതുത്‌. ഒരുതരം കാര്‍ബണ്‍ വലയങ്ങളും മറ്റു ചില പരമാണുക്കളുമായി ഇത്‌ പുറത്തുവരുന്നത്‌ സസ്യലോകത്തിലോ ജന്തുലോകത്തിലോ ആര്‍ക്കും പരിചിതമല്ലാത്ത ചില സംയുക്‌തകങ്ങളില്‍നിന്നാണ്‌. അതിന്റെ സാന്നിധ്യത്തില്‍ വിത്തുകള്‍ കിളിര്‍ക്കുന്നത്‌ 80 ശതമാനം വരെ വേഗത്തിലാവാമെന്ന്‌ ഓസ്‌ട്രേലിയയിലും വടക്കേ അമേരിക്കയിലും നടന്ന പ്രയോഗത്തില്‍നിന്ന്‌ തെളിയുന്നു.

ചെറിയൊരു പുകമറയുണ്ട്‌. എങ്ങനെയാണ്‌ കൃത്യമായും ഈ ദ്രവ്യം വിത്തിന്മേല്‍ പ്രവര്‍ത്തിക്കുന്നത്‌? വിത്തിന്റെ ഏത്‌ അംശങ്ങളാണ്‌ അതുമായി പ്രതിപ്രവര്‍ത്തിക്കുന്നത്‌? ഇത്രയും ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.

ദ്രവ്യം വരുന്നത്‌ പുകയില്‍നിന്ന്‌.
സീഡ്‌ ബാങ്കുകളെ അത്‌ തുണക്കുന്നു.
ചിതറി വീണ്‌ കാലാന്തരത്തില്‍ ശരിക്കും മണ്ണടിയുന്ന വിത്തുകളുടെ ശേഖരമാണ്‌ സീഡ്‌ ബാങ്ക്‌. തീ ചുവട്ടിലെങ്ങും കത്തിപ്പടരുമ്പോള്‍ മണ്ണിന്റെ ഉപരിതലം ചൂടുപിടിച്ചാലും, ആഴത്തില്‍ ഈ വിത്തുകള്‍ നിര്‍ബാധമാണ്‌. പുക ചിറകൊതുക്കി നിലംപറ്റി കിടക്കും. പിന്നെ മഴ പെയ്യും. മഴവെള്ളം പുകയില്‍നിന്ന്‌ ആ ദ്രവ്യം അരിച്ചെടുത്ത്‌ അടിയിലുള്ള വിത്തുകളില്‍ എത്തിക്കും. ചാരത്തില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്‌ ഹ്മീനിക്‌സ്‌ പക്ഷി മാത്രമല്ല. പുകയുള്ളേടത്തെല്ലാം സന്ദേശങ്ങളുണ്ട്‌.

പക്ഷേ, ഈ കണ്ടെത്തലിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം തീയും പുകയുമില്ലാത്തേടത്തും അത്‌ പ്രായോഗികമാവും എന്നതാണ്‌. നഷ്‌ടപ്പെട്ട പച്ചകള്‍ തിരിച്ചുപിടിക്കാനും, പച്ച അസാധ്യമെന്ന്‌ തോന്നിച്ചിരുന്ന ഇടങ്ങളില്‍ വയലുകളും പൂന്തോട്ടങ്ങളും ഉണ്ടാക്കാനും അത്‌ സഹായിക്കും.
ഇതിനേക്കാള്‍ വാഗ്‌ദാനഭരിതമായൊരു പുകയെഴുത്ത്‌ ഒരു പക്ഷേ, ആരും ഇതുവരെ വായിച്ചിട്ടില്ല.